താമസം മാറുന്നവരുടെ ശ്രദ്ധയ്ക്ക്: നിലവിലുള്ള ജിയോ ബ്രോഡ്ബാൻഡ് കണക്ഷൻ എങ്ങോട്ട് വേണേലും മാറ്റാം
ഇന്ത്യയിലെ ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) പ്രമുഖരായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാരുടെ സൗകര്യാർഥം നിരവധി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് ഇന്ത്യയിലെവിടേക്ക് വേണമെങ്കിലും നിലവിലുള്ള ഇന്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം. വാടകയ്ക്ക് താമസിച്ച ശേഷം മറ്റൊരിടത്തേക്ക് മാറുന്നവർ, ജോലിയുടെ ആവശ്യാർഥം താമസിച്ചിടത്തുനിന്ന് മറ്റെവിടേക്കെങ്കിലും മാറുന്നവർ, പുതിയ വീട് വാങ്ങിയ ശേഷം നിലവിലെ വീട്ടിൽ നിന്ന് മാറുന്നവർ എന്നിങ്ങനെ ആർക്കും തങ്ങളുടെ നിലവിലുള്ള ജിയോ ഫൈബർ, എയർഫൈബർ കണക്ഷനുകൾ പുതിയ സ്ഥലത്തേക്കും മാറ്റാൻ കഴിയും. അതിനുള്ള സൗകര്യം ജിയോ തങ്ങളുടെ വെബ്‌സൈറ്റിൽ ഒരുക്കിയിരിക്കുന്നു.
പല ജിയോ ഉപയോക്താക്കളും പ്ലാൻ തുകയിൽ ലഭ്യമാകുന്ന ലാഭം കണക്കിലെടുത്ത് 12 മാസത്തേക്ക് ഉള്ള പ്ലാൻ തുക ഒന്നിച്ച് അടയ്ക്കാറുണ്ട്. മാസാമാസം റീച്ചാർജിനായി സമയം ചെലവഴിക്കേണ്ടതില്ല എന്ന ലാഭം കണക്കിലെടുത്തും ആളുകൾ ഭാവിയിലേക്കുള്ള തുകകൾ കൂടി അടയ്ക്കുന്നു. ഇങ്ങനെയുള്ള ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു സേവനമാണ് ഈ കണക്ഷൻ മാറ്റം.

നിലവിൽ താമസിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്തുനിന്ന് മറ്റെവിടേക്കെങ്കിലും താമസം മാറുമ്പോൾ നിലവിൽ ഇന്റർനെറ്റ് കണക്ഷനായി മുടക്കിയ പ്ലാൻ തുക ഉൾപ്പെടെയുള്ള തുകകൾ നഷ്ടമാകുന്നത് ഉപയോക്താക്കൾക്ക് നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. ഈ നഷ്ടം ഒഴിവാക്കുന്നതിനായി ജിയോ നിലവിലെ കണക്ഷനുകൾ ഉപയോക്താക്കളുടെ പുതിയ താമസ സ്ഥലത്തേക്ക് പുനർ സജ്ജീകരിച്ച് നൽകുന്നു.
അതിനാൽ ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മറ്റ് അധിക ചെലവുകൾ ഒന്നുമില്ലാതെ പുതിയ സ്ഥലത്തും ജിയോ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കുന്നത് തുടരാനാകും. അതിനാൽ സമാധാനമായി ഇന്ത്യയിൽ എവിടെ വേണമെങ്കിലും ജിയോ ഇന്റർനെറ്റ് കണക്ഷൻ എടുക്കാനും പിന്നീട് എങ്ങോട്ടെങ്കിലും മാറിയാലും അവിടേക്കും ആ കണക്ഷൻ തുടർന്നും ആസ്വദിക്കാനും കഴിയും.

ജിയോഎയർഫൈബർ അല്ലെങ്കിൽ ജിയോഫൈബർ റീലോക്കേഷൻ എങ്ങനെ: ജിയോയുടെ ഫൈബർ, എയർഫൈബർ കണക്ഷനുകൾ ഇപ്പോൾ റീബ്രാൻഡ് ചെയ്ത ജിയോഹോമിന് കീഴിലാണ് വരുന്നത്. ഉപയോക്താക്കൾ തങ്ങളുടെ നിലവിലുള്ള ജിയോഫൈബർ അല്ലെങ്കിൽ ജിയോ എയർഫൈബർ കണക്ഷൻ മാറ്റിസ്ഥാപിക്കുന്നതിന്, മൊബൈൽ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ മൈജിയോ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
മൈജിയോ അക്കൗണ്ടിൽ ലോഗിൻ ചെയ്ത ശേഷം പുതിയ വിലാസം നൽകുക. പുതിയ സ്ഥലത്ത് ജിയോഫൈബർ സേവനങ്ങൾ ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ കണക്ഷൻ എയർഫൈബറിലേക്ക് മാറിയേക്കാം. എയർഫൈബറും ഫൈബറും ഇല്ലെങ്കിൽ, എന്ത് ചെയ്യും എന്നത് വ്യക്തമല്ല. ജിയോയുടെ എയർഫൈബർ സേവനം ഇപ്പോൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലവിലുണ്ട്, കൂടുതൽ ഭാഗങ്ങളിലേക്ക് അവ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്.
എന്തായാലും, കണക്ഷൻ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിന് മൈജിയോ അക്കൗണ്ട് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക. എല്ലാ ഡീറ്റെയിൽസും നൽകിക്കഴിഞ്ഞാൽ, അവ സ്ഥിരീകരിച്ച ശേഷം ജിയോ അഭ്യർത്ഥന സ്ഥിരീകരിക്കും. ഇന്റർനെറ്റ് കണക്ഷൻ മാറുന്നതിനായി ഒരു ജിയോ ഉപയോക്താവ് ഇത്രയും മാത്രമേ ചെയ്യേണ്ടതുള്ളൂ. അല്ലാതെ, കോൾ ചെയ്യുകയോ ഏതെങ്കിലും ടെക്സ്റ്റ് എസ്എംഎസുകൾ അയയ്ക്കുകയോ ചെയ്യേണ്ടതില്ല.

മൊബൈൽ ആപ്പ് അല്ലെങ്കിൽ ജിയോയുടെ വെബ്‌സൈറ്റ് വഴി ഇത് ചെയ്യാൻ കഴിയും. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ജിയോയുടെ വെബ്‌സൈറ്റിൽ, ഇത് ചെയ്യുന്നതിന്റെ സ്റ്റെപ് ബൈ സ്റ്റെപ് വീഡിയോയും ലഭ്യമാണ്. ഇതോടൊപ്പം പറയാനുള്ള മറ്റൊരു കാര്യം ജിയോ ഇന്റർനെറ്റിനായി പ്രതിമാസ പ്ലാനുകളാണ് ഉപയോഗിക്കുന്നത് എങ്കിൽ നിലവിലെ കണക്ഷൻ കട്ട് ആക്കുകയും പുതിയ സ്ഥലത്തേക്ക് ഒരു പുതിയ കണക്ഷൻ ബുക്ക് ചെയ്യുകയും ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








