നിരക്കറിഞ്ഞാൽ കുരുക്കഴിഞ്ഞു! ജിയോ ഫൈബർ കണക്ഷൻ, എയർഫൈബർ എന്നിവയിൽ ഏതാണ് ലാഭം എന്ന് ഇതാ
മൊബൈൽ ഇന്റർനെറ്റിന് പുറമേ, ബ്രോഡ്ബാൻഡ്, എയർഫൈബർ ഇന്റർനെറ്റ് സേവനങ്ങളും ജിയോ നൽകിവരുന്നുണ്ട്. ബ്രോഡ്ബാൻഡ് കണക്ഷൻ സങ്കൽപ്പങ്ങളെ ഭാവിയിൽ പൊളിച്ചെഴുതുമെന്ന് കരുതപ്പെടുന്ന എയർഫൈബർ സേവനങ്ങൾ ജിയോയും ഇതിനകം രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെടെ ജിയോ എയർഫൈബർ സേവനം ലഭ്യമായിട്ടുമുണ്ട്. എന്നാൽ ഇത് എല്ലായിടത്തും എത്തിയിട്ടില്ല എന്നുമാത്രം.
റിലയൻസ് ജിയോയുടെ 5ജി ഫിക്സഡ്- വയർലെസ് ആക്സസ് (5G FWA) സേവനമായ ജിയോ എയർഫൈബർ (Jio AirFiber) രാജ്യവ്യാപകമായി സേവനം ലഭ്യമാക്കി വരുന്നതേയുള്ളൂ. നിലവിൽ ജിയോ എയർഫൈബർ ചില പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും നിരക്കുകുറഞ്ഞ എൻട്രിലെവൽ പ്ലാൻ പ്രതിമാസം 599 രൂപയ്ക്കാണ് ലഭിക്കുന്നത്.

ജിയോ എയർഫൈബർ സേവനം നിലവിൽ നമ്മുടെ നാട്ടിലും വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ജിയോയുടെ ഫൈബർ കണക്ഷൻ ലഭ്യമായിരിക്കെ ജിയോ എയർഫൈബർ കണക്ഷനിലേക്ക് മാറണോ എന്ന് ആലോചിക്കുന്ന ഒരുപാട് പേരുണ്ട്. 5ജി വേഗതയാണ് ജിയോ എയർഫൈബർ വാഗ്ദാനം ചെയ്യുന്നത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ പ്ലാൻ അനുസരിച്ച് വേഗതയിൽ വ്യത്യാസമുണ്ട്.
നിരക്കുകളുടെ കാര്യമെടുത്താൽ ജിയോ എയർഫൈബർ കണക്ഷന് അൽപ്പം ചിലവ് കൂടുതലാണ് എന്ന് തോന്നും. എന്നാൽ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമല്ലാത്ത ഇടങ്ങളിലും എത്തിപ്പെടാൻ കഴിയും എന്നതാണ് വയർലെസ് സേവനമായ ജിയോ എയർഫൈബറിന്റെ പ്രത്യേകത. ഫൈബർ കണക്ഷനെ അപേക്ഷിച്ച് ഒട്ടേറെ നേട്ടങ്ങൾ എയർഫൈബർ കണക്ഷനുണ്ട്.
ഈ ഫിക്സഡ് വയർലെസ് ആക്സസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ലളിതമായ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ചാണ് വീട്ടിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കൂടിക്കുഴഞ്ഞുകിടക്കുന്ന വയറുകളുടെയും മറ്റും നൂലാമാലകൾ ഇല്ലാതെ വീടുകളിലെ ആവശ്യങ്ങൾക്ക് ബ്രോഡ്ബാൻഡ് സേവനങ്ങളെക്കാൾ മികച്ച വേഗത്തിൽ തടസമില്ലാത്ത 5ജി ഇന്റർനെറ്റ് നൽകാൻ ജിയോ എയർഫൈബറിന് സാധിക്കും.
സിം കാർഡുകൾ വഴിയുള്ള 5G കണക്ഷനുകളെ ആശ്രയിച്ചാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. അതിനാൽത്തന്നെ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനം അവതരിപ്പിക്കാൻ ജിയോ എയർഫൈബർ സേവനത്തിന് സാധിക്കും. പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർഫൈബർ. എയർഫൈബർ കണക്ഷനായി ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും.
കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ജിയോ എയർഫൈബർ വാഗ്ദാനം ചെയ്യുന്നു. സിം കാർഡ് കണക്ഷനെ ആശ്രയിക്കുന്നതിനാൽ, ആ പ്രദേശത്തെ 5ജി കവറേജിനെ ആശ്രയിച്ചായിരിക്കും ഇന്റർനെറ്റ് വേഗത. വരുംകാലത്ത് വീടുകളിൽ ബ്രോഡ്ബാൻഡ് കണക്ഷന് പകരം എയർഫൈബർ കണക്ഷനുകളാകും ഇടംപിടിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിയോ എയർഫൈബർ കണക്ഷൻ വേണോ, ഫൈബർ കണക്ഷൻ വേണോ എന്ന ആശയക്കുഴപ്പത്തിൽ തീരുമാനം എടുക്കുന്നതിൽ പ്ലാനുകളുടെ നിരക്ക് ഒരു പ്രധാന ഘടകമാകാൻ സാധ്യതയുണ്ട്. ജിയോ എയർഫൈബർ പ്ലാനുകൾ ഫൈബർ പ്ലാനുകളെക്കാൾ ചെലവേറിയതാണ്. കൂടാതെ, ജിയോ എയർഫൈബർ പ്ലാനുകൾക്കൊപ്പം ബണ്ടിൽ ചെയ്‌തിരിക്കുന്ന ഡാറ്റ പരമ്പരാഗത ഫൈബർ കണക്ഷനിൽ ലഭിക്കുന്നതിനേക്കാൾ കുറവാണ്.
ജിയോ എയർഫൈബർ എൻട്രി ലെവൽ പ്ലാൻ: ജിയോ എയർഫൈബറിന്റെ ഏറ്റവും നിരക്കുകുറഞ്ഞ പ്രതിമാസ പ്ലാൻ 599 രൂപയ്ക്കാണ് ലഭിക്കുന്നത്. അതേസമയം ജിയോ ഫൈബറിന്റെ എൻട്രി ലെവൽ പ്ലാൻ പ്രതിമാസം 399 രൂപയ്ക്ക് ലഭിക്കും. അതായത് 200 രൂപയുടെ വ്യത്യാസം. നികുതികൾ കൂടി ചേർത്താൽ, വ്യത്യാസം കൂടുതൽ വലുതാകും.

599 രൂപയുടെ എൻട്രിലെവൽ പ്ലാനിൽ ഉപഭോക്താക്കൾക്ക് 30 എംബിപിഎസ് വേഗത മാത്രമാണ് ലഭിക്കുക. കൂടാതെ ഈ പ്ലാനി വെറും 1TB ഡാറ്റ ആണ് നൽകിയിരിക്കുന്നത്. കൂടുതൽ ഡാറ്റ വേണമെങ്കിൽ 401 രൂപയുടെ ജിയോ എയർഫൈബർ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടിവരും. എന്നാൽ ആകർഷകമായ ഒടിടി സബ്സ്ക്രിപ്ഷനുകൾ 599 രൂപയുടെ എയർഫൈബർ പ്ലാനിലുണ്ട്.
ജിയോസിനിമ, സോണിലിവ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, സീ5, ഡിസ്കവറി+, ഹോയ്ചോയ്, സൺനെക്സ്റ്റ്, ഷെമാരൂമീ, ഡോക്യുബെ, എഎൽടിബാലാജി, ഇറോസ് നൗ, എപ്പിക് ഓൺ തുടങ്ങി 13 ഒടിടി പ്ലാനുകളുടെ സബ്സ്ക്രിപ്ഷൻ 599 രൂപയുടെ ജിയോ എയർഫൈബർ പ്ലാനിൽ അടങ്ങിയിരിക്കുന്നു. പുതിയ ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് ആറോ പന്ത്രണ്ടോ മാസത്തേക്ക് 599 രൂപ പ്ലാൻ തെരഞ്ഞെടുക്കാൻ കഴിയും.


Click it and Unblock the Notifications








