ഇവിടൊന്നും കിട്ടിയില്ല, ഇവിടാരും ഒന്നും തന്നില്ല! 'വളരുന്നതിനിടെ' കേരളത്തെ ഒഴിവാക്കി ജിയോ
രാജ്യത്തെ ബ്രോഡ്ബാൻഡ് മേഖലയിലും ഇന്റർനെറ്റ് സേവന രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ജിയോയുടെ പുതിയ സംരംഭമായ ജിയോ എയർഫൈബർ (Jio AirFiber) സേവനങ്ങളുടെ പുതിയ പട്ടികയിലും കേരളത്തിന് ഇടമില്ല. തുടക്കത്തിൽ എട്ട് ഇന്ത്യൻ നഗരങ്ങളിലാണ് ജിയോ എയർഫൈബർ സേവനം ആരംഭിച്ചത്.
അധികം വൈകാതെ മറ്റ് നഗരങ്ങളിലേക്കും എയർഫൈബർ സേവനം വ്യാപിപ്പിക്കുമെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബർ 19 ന് ജിയോ അറിയിച്ചിരുന്നതുമാണ്. പറഞ്ഞതുപോലെ തന്നെ ഇപ്പോൾ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ജിയോയുടെ എയർഫൈബർ സേവനം വളർന്നിരിക്കുന്നു. എന്നാൽ പുതിയ പട്ടികയിലും കേരളം ഇടംപിടിച്ചിട്ടില്ല എന്നതാണ് ഖേദകരമായ വസ്തുത.

കേരളത്തിലെ വീടുകൾ ജിയോയുടെ എയർഫൈബർ സേവനത്തിന്റെ മേന്മ പരീക്ഷിക്കാൻ ഇനിയും കാത്തിരിക്കണം. മുൻപ് വെറും എട്ട് നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന ജിയോ എയർഫൈബർ സേവനം ഇപ്പോൾ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലേക്ക് വളർന്നിരിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, ഡൽഹി, ആന്ധ്രാപ്രദേശ് എന്നിവയാണ് ആ 8 സംസ്ഥാനങ്ങൾ.
ഈ 8 സംസ്ഥാനങ്ങളിലെ 115 നഗരങ്ങളിൽ ഇപ്പോൾ ജിയോ എയർഫൈബർ സേവനം ലഭ്യമാകും. എന്തുകൊണ്ടാണ് കേരളം പട്ടികയിൽ ഇടംപിടിക്കാതെ പോയത് എന്നതിന്റെ കാരണം വ്യക്തമല്ല. കേരളം മാത്രമല്ല, ഈ 8 നഗരങ്ങളൊഴിച്ചുള്ള ബാക്കി സംസ്ഥാനങ്ങളെല്ലാം ജിയോ എയർഫൈബർ സേവനങ്ങൾക്കായി കാത്തിരിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. എങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന് മാത്രമാണ് പട്ടികയിൽ ഇടംപിടിക്കാനാകാതെ പോയത്.

മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങൾ ജിയോയുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇവിടെയാണ് എന്തുകൊണ്ട് കേരളം പരിഗണിക്കപ്പെട്ടില്ല, എന്താണ് ആ 'പോരായ്മ' എന്ന ചോദ്യം ഉയരുന്നത്. എയർഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുന്ന അടുത്ത ഘട്ടത്തിൽ ഉറപ്പായും കേരളത്തെയും ജിയോ പരിഗണിക്കും എന്ന് പ്രതീക്ഷിച്ച് മുന്നോട്ട് പോകാം.
എന്താണ് ജിയോയുടെ എയർഫൈബർ സേവനം: റിലയൻസ് ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് ( 5G FWA) സേവനം ആണ് ജിയോ എയർഫൈബർ. കൂടിക്കുഴഞ്ഞുകിടക്കുന്ന വയറുകളുടെയും മറ്റും നൂലാമാലകൾ ഇല്ലാതെ വീടുകളിലെ ആവശ്യങ്ങൾക്ക് ബ്രോഡ്ബാൻഡ് സേവനങ്ങളെക്കാൾ മികച്ച വേഗത്തിൽ തടസമില്ലാത്ത 5ജി ഇന്റർനെറ്റ് നൽകാൻ ജിയോ എയർഫൈബറിന് സാധിക്കും.
കേബിളുകളുടെയും മറ്റും ശല്യമില്ലാതെ വീട്ടിൽ ഇന്റർനെറ്റ് ലഭ്യമാക്കും എന്നതുതന്നെയാണ് ജിയോ എയർഫൈബർ സേവനത്തിന്റെ പ്രധാന പ്രത്യേകത. ഈ ഫിക്സഡ് വയർലെസ് ആക്സസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ലളിതമായ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ചാണ് വീട്ടിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

വളരെ ലളിതമായി ഉപയോക്താക്കൾക്ക് തന്നെ വീട്ടിൽ 5ജി ഇന്റർനെറ്റ് സെറ്റ് ചെയ്യാം എന്നതാണ് എയർഫൈബർ ഡിവൈസുകളുടെ ഒരു പ്രത്യേകത. സിം കാർഡുകൾ വഴിയുള്ള 5G കണക്ഷനുകളെ ആശ്രയിച്ചാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. അതിനാൽത്തന്നെ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനം അവതരിപ്പിക്കാൻ ജിയേ എയർഫൈബർ സേവനത്തിന് സാധിക്കും.
എയർഫൈബർ കണക്ഷനായി ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും, ഇത് കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു. സിം കാർഡ് കണക്ഷനെ ആശ്രയിക്കുന്നതിനാൽ, ആ പ്രദേശത്തെ 5ജി കവറേജിനെ ആശ്രയിച്ചായിരിക്കും ഇന്റർനെറ്റ് വേഗത.
പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർഫൈബർ. 2023 അവസാനിക്കുംമുമ്പ്, കൂടുതൽ നഗരങ്ങളിൽ ജിയോ ഈ സേവനം ലഭ്യമാക്കും. കേരളത്തിൽ ജിയോയുടെ 5ജി വ്യാപനം ഏറെ പുരോഗമിച്ചിട്ടുണ്ട്. അതിനാൽത്തന്നെ അടുത്ത ഘട്ടത്തിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെയുള്ള കേരളത്തിലെ നഗരങ്ങളും ജിയോ എയർഫൈബറിന്റെ കീഴിൽ എത്തിയേക്കാം. ഇപ്പോൾ എയർഫൈബർ ലഭ്യമായ നഗരങ്ങൾ ജിയോ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








