വിളിക്കുന്നത് ആരെന്ന് പേര് സ്ക്രീനിൽ കാണാം; ജിയോ, എയർടെൽ, വിഐ വരിക്കാർക്ക് പുതിയ ഫീച്ചർ വരുന്നു
ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്കായി ട്രായി ആഗ്രഹിച്ച മറ്റൊരു ഫീച്ചർ കൂടി എത്താൻ പോകുന്നു. വിളിക്കുന്നത് ആര് എന്ന് ഫോണിന്റെ ഡിസ്പ്ലേയിൽ കാണാൻ ഉപയോക്താക്കൾക്ക് കഴിയുന്ന കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന ഫീച്ചർ അവതരിപ്പിക്കാൻ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (VI) എന്നിവ തയാറെടുക്കുന്നു. ഇതിന് ആവശ്യമായ സെർവറുകളും സോഫ്റ്റ്‌വെയറുകളും വിന്യസിക്കുന്നതിന് ഈ ടെലിക്കോം കമ്പനികൾ എച്ച്പി, ഡെൽ, എറിക്‌സൺ, നോക്കിയ തുടങ്ങിയ വെണ്ടർമാരുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മൂന്ന് മുതിർന്ന എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു.
ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് കോളറുടെ പേര് കാണാൻ ഈ പുതിയ ഫീച്ചർ അനുവദിക്കുന്നു. സിഎൻഎപി നടപ്പിലാക്കുന്നതിനുള്ള ശുപാർശ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആദ്യമായി മുന്നോട്ട് വച്ചത് 2024 ഫെബ്രുവരിയിൽ ആയിരുന്നു.

ട്രായിയുടെ നിർദേശത്തിന്റെ ഫലമെന്നോണം ടെലിക്കോം കമ്പനികൾ CNAP സർവീസ് നടപ്പിലാക്കുന്നതിനുള്ള പരീക്ഷണങ്ങളും വിലയിരുത്തലും ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് വാർത്താവിനിമയ സഹമന്ത്രി പി ചന്ദ്ര ശേഖർ പാർലമെൻ്റിൽ നേരത്തെ അറിയിച്ചിരുന്നു. അത് ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. നേരത്തെ ഈ ഫീച്ചർ അവതരിപ്പിക്കാൻ സ്വകാര്യ ടെലിക്കോം കമ്പനികൾ വിമുഖരാണ് എന്ന വാർത്തകൾ വന്നിരുന്നു. ആ നയത്തിലും മാറ്റം വന്നിരിക്കുന്നു.
എന്താണ് സിഎൻഎപി? : സ്വീകർത്താവിന്റെ ഫോൺ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ സ്ഥിരീകരിച്ച പേര് പ്രദർശിപ്പിച്ചുകൊണ്ട് കോളർ ഐഡന്റിഫിക്കേഷൻ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു സപ്ലിമെന്ററി സേവനമാണ് സിഎൻഎപി. ക്രൗഡ് സോഴ്‌സ്ഡ് ഡാറ്റയെ ആശ്രയിക്കുന്ന തേർഡ് പാർട്ടി ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോക്താവിന്റെ കെവൈസി (നോ യുവർ കസ്റ്റമർ) രേഖകളിൽ രജിസ്റ്റർ ചെയ്ത പേര് സിഎൻഎപി ഉപയോഗിക്കുന്നു.
അതിനാൽത്തന്നെ വ്യാജ നമ്പറുകളുടെ ശല്യങ്ങൾ കുറയ്ക്കാനും തട്ടിപ്പുകൾക്ക് തടയിടാനും കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. മുൻ റിപ്പോർട്ടുകൾ പ്രകാരം, ഇൻകമിംഗ് കോളുകൾക്കായി വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കുന്ന സിഎൻഎപി സേവനത്തിന്റെ നടപ്പാക്കൽ വേഗത്തിലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിളിക്കുന്നത് ആരാണ് എന്ന് ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കുന്നതിലൂടെ സ്പാം, സ്കാം കോളുകൾ നിയന്ത്രിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. എന്നാൽ തുടക്കം മുതൽ നിലനിന്നിരുന്ന ചില ആശങ്കകൾ ഇക്കാര്യത്തിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നത് വേറെ കാര്യം. സാങ്കേതിക പരിമിതികൾ കാരണം 2G നെറ്റ്‌വർക്കുകൾക്ക് സിഎൻഎപി പ്രായോഗികമല്ല എന്നതാണ് പ്രധാന വെല്ലുവിളി.
മറ്റൊരു വെല്ലുവിളി ഉപയോക്താക്കളുടെ സ്വകാര്യതയാണ്. പേരുകൾ പങ്കിടാൻ തയ്യാറാകാത്ത ഉപയോക്താക്കളിൽ നിന്നുള്ള പ്രതിരോധം ഉൾപ്പെടെയുള്ള വെല്ലുവിളികളെക്കുറിച്ച് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 2ജി ഫോണുകളിൽ സിഎൻഎപി നടപ്പാക്കാൻ ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഇല്ല എന്നതാണ് പദ്ധതി നടപ്പിലാക്കാനുള്ള വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകദേശം 270-300 ദശലക്ഷം 2G ഉപയോക്താക്കൾ ഇന്ത്യയിലുണ്ട് എന്നാണ് മുൻപ് വന്ന കണക്കുകൾ പറയുന്നത്.
2021 ന് ശേഷം വിപണിയിൽ എത്തിയ സ്മാർട്ട്ഫോണുകൾ മാത്രമേ CNAP ഫീച്ചറിനെ പിന്തുണയ്ക്കാൻ സാധ്യതയുള്ളൂ, ബഹുഭൂരിപക്ഷം മൊബൈൽ ഉപയോക്താക്കളും ഇതിന് മുൻപുള്ള സ്മാർട്ട്ഫോണുകളോ ഫീച്ചർ ഫോണുകളോ ആണ് ഉപയോഗിക്കുന്നത്. ഈ അടിസ്ഥാന പ്രശ്നങ്ങൾ നിലനിൽക്കെ എങ്ങനെയാണ് എല്ലാ ടെലിക്കോം ഉപയോക്താക്കൾക്കും വിളിക്കുന്ന ആളുടെ പേര് കാണാനാകുക എന്ന സംശയം നിലനിൽക്കുന്നുണ്ട്.
കോൾ വിളിക്കുന്നത് ആരെന്ന് അറിയാൻ എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും സാധിക്കുന്ന സംവിധാനം നടപ്പിലാക്കാൻ ആണ് ട്രായി നിർദേശിച്ചത്. എന്നാൽ തുടക്കത്തിൽ സ്മാർട്ട്ഫോണുകളിൽ മാത്രമാകും ഈ സൗകര്യം ലഭ്യമാകുക എന്നാണ് സൂചന. 2G/3G നെറ്റ്‌വർക്കുകളിൽ ഈ സർവീസ് പ്രവർത്തനക്ഷമമാക്കണമെങ്കിൽ അതിന് വലിയൊരു തുക ചെലവഴിക്കേണ്ടിവരും.
സ്പാം കോളുകളെ നേരിടാനുള്ള മറ്റ് ചില മാർഗങ്ങളും ട്രായി പരീക്ഷിക്കാൻ തയാറെടുക്കുന്നുണ്ട്. AI അടക്കമുള്ള സാങ്കേതിക വിദ്യകൾ അതിനായി ഉപയോഗപ്പെടുത്തും. കൂടാതെ, വിദേശത്തു നിന്നുള്ള തട്ടിപ്പ് കോളുകളുടെ വർദ്ധനവ് തടയുന്നതിന് +91 അല്ലാത്ത നമ്പറുകളെ അന്താരാഷ്ട്ര നമ്പറുകളായി ലേബൽ ചെയ്യാൻ ടെലികോം വകുപ്പ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയർടെൽ ഇതിനകം ഈ ഫീച്ചർ നടപ്പിലാക്കിയിട്ടുണ്ട്.

സ്പാം കോളുകളുടെയും അപകടകരമായ എസ്എംഎസുകളുടെയും ഭീഷണി തടയുന്നതിനും ടെലികോം വിഭവങ്ങളുടെ പാഴാക്കൽ തടയുന്നതിനും, എയർടെൽ, ബിഎസ്എൻഎൽ, വിഐ എന്നീ ടെലിക്കോം കമ്പനികൾ തങ്ങളുടെ നെറ്റ്‌വർക്കുകളിൽ AI അധിഷ്ഠിത നെറ്റ്‌വർക്ക് ഇന്റലിജൻസ് സൊല്യൂഷനുകൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. സ്പാം കോളുകളെയും ഓൺലൈൻ തട്ടിപ്പുകളെയും തടയുന്നതിന് ആവശ്യമായ മാർഗങ്ങൾ കേന്ദ്ര സർക്കാരും ആലോചിച്ച് നടപ്പിലാക്കുന്നുണ്ട്.
സിം വിൽപ്പനയിൽ ഉൾപ്പെടെ കർശനമായ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു. മൊബൈൽ സിം ഡീലർമാർക്ക് സർക്കാർ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുമുണ്ട്. ഇന്ത്യയിൽ നടക്കുന്ന തട്ടിപ്പുകളിൽ ഭൂരിഭാഗവും വ്യാജ സിം കാർഡുകൾ ഉപയോഗിച്ചാണ് ആസൂത്രണം ചെയ്യുന്നത്. ഇത് കണക്കിലെടുത്താണ് ടെലിക്കോം മേഖല കേന്ദ്രീകരിച്ചുള്ള ശുദ്ധീകരണ നടപടികൾക്ക് ടെലിക്കോം മന്ത്രാലയവും മുന്നിട്ടിറങ്ങിയിരിക്കുന്നത്.
രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകളുടെ അടിസ്ഥാനം സിം കാർഡുകൾ ആണ്, അതിനാൽത്തന്നെ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ പരിഷ്കാരങ്ങളും സിം കാർഡുകളിലും അവയുടെ ഡീലർമാരിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സിം കാർഡ് വളരെ എളുപ്പത്തിൽ ആർക്കും കിട്ടും എന്നത് ക്രിമിനൽ പ്രവൃത്തികൾക്ക് ആക്കം കൂട്ടുന്നു എന്നാണ് സർക്കാരിന്റെ നിഗമനം.

സിം ഡീലർമാർക്ക് സർക്കാർ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയതായി മുൻപ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. സിം കാർഡുകൾ തെറ്റായ ആളുകളുടെ പക്കൽ എത്തിപ്പെടുന്നത് ഒഴിവാക്കാനുള്ള ഒരു നിർണായക നീക്കമായാണ് സർക്കാരിന്റെ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം ബൾക്ക് സിം വിൽപ്പനയും സർക്കാർ നിർത്തിയതായി മന്ത്രി പറഞ്ഞിരുന്നു.
സിം കാർഡുകൾ വിൽക്കുന്നതിൽ നടപ്പിലാക്കിയ സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ കുറ്റവാളികൾക്ക് സിം കാർഡുകൾ ലഭ്യമാകുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും. അതുവഴി സാധാരണക്കാരായ ആളുകൾക്ക് ഒരു പരിധിവരെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ കഴിയുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
ഈ പരിഷ്കാരങ്ങൾ പൂർണ്ണമായും ഉപഭോക്തൃ സംരക്ഷണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്.
സിം കാർഡ് ദുരുപയോഗത്തിനെതിരേ സർക്കാർ കർശന നടപടികളാണ് കൈക്കൊണ്ടുവരുന്നത്. ഇതിനോടകം ഏതാണ്ട്, അരലക്ഷത്തിന് മുകളിൽ സിം ഡീലർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും നൂറുകണക്കിന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ, അനധികൃതമായോ വഞ്ചനാപരമായോ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് ഹാൻഡ്സെറ്റുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.
സൈബർ തട്ടിപ്പുകൾ കുറയ്ക്കാൻ സർക്കാർ പലവിധത്തിൽ ശ്രമിക്കുമ്പോഴും മറുവശത്ത് തട്ടിപ്പുകൾ തുടരുകയാണ്. ക്രിമിനലുകൾ പുതിയ മാർഗങ്ങൾ ദിവസവും പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, രാജ്യത്ത നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ആളുകൾ വേണ്ടത്ര അറിയുന്നില്ല എന്നതും വെല്ലുവിളിയാണ്. അതിനാൽത്തന്നെ സമാന തട്ടിപ്പിൽ നിരവധി പേർ വഞ്ചിതരാകുന്ന സാഹചര്യം നിലനിൽക്കുന്നു. അതിനാൽത്തന്നെ സൈബർ ക്രിമിനലുകളെ നേരിടാനുള്ള നിയമപരമായ നടപടികൾക്കും സാങ്കേതികവിദ്യകൾക്കും പുറമേ അവബോധനത്തിനും കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications








