പാവപ്പെട്ടവന്റെ ആവശ്യം 'ചിലർക്ക്' അനാവശ്യം! വോയ്സ് ഒൺലി പ്ലാൻ വേണ്ടെന്ന് ജിയോ, എയർടെൽ, വിഐ
ഡാറ്റ ഇല്ലാതെ കോളിങ്, എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കായുള്ള പ്രത്യേകം റീച്ചാർജ് പ്ലാനുകൾ തിരികെ കൊണ്ടുവരാനുള്ള ട്രായിയുടെ നീക്കത്തിന് ഇടങ്കോലിട്ട് സ്വകാര്യ ടെലിക്കോം കമ്പനികൾ രംഗത്ത്. വോയിസ്+ എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രമുള്ള പ്ലാനുകൾ അനാവശ്യമാണ് എന്നാണ് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നീ കമ്പനികൾ ഒരേ സ്വരത്തിൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ മൊബൈൽ റീച്ചാർജിനായി ഇപ്പോൾ വളരെ ഉയർന്ന തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകൾ ആവശ്യമാണ്. ഇപ്പോൾ സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളെല്ലാം തുച്ഛമായ അളവിലാണെങ്കിൽപ്പോലും ഡാറ്റ സഹിതമാണ് എത്തുന്നത്.
ഡാറ്റ ഉൾപ്പെടുന്നതിനാൽ തന്നെ റീച്ചാർജ് പ്ലാനിന്റെ നിരക്കും ഉയരുന്നു. എന്നാൽ ഡാറ്റ വേണ്ടാത്ത ആളുകളും ധാരാളം ഉണ്ട്. വോയ്സ് കോൾ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന റീച്ചാർജ് ഓപ്ഷനുകളാണ് ഇവർ അന്വേഷിക്കുന്നത്. എന്നാൽ അത്തരം പ്ലാനുകൾ ഇപ്പോൾ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഉപയോക്താക്കളുടെ പരാതി കണക്കിലെടുത്ത് ഈ വിഷയത്തിൽ ഇടപെട്ടത്.

ഡാറ്റ ഇല്ലാതെ കോളിങ്, എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കായുള്ള പ്രത്യേകം റീച്ചാർജ് പ്ലാനുകൾ വീണ്ടും തിരികെ കൊണ്ടുവരാൻ ട്രായി ശ്രമം ആരംഭിക്കുകയും അതിന്റെ ഭാഗമായി 'റിവ്യൂ ഓഫ് ടെലിക്കോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ (TCPR), 2012' എന്ന തലക്കെട്ടിൽ ഒരു കൺസൾട്ടേഷൻ പേപ്പർ ട്രായി ഏതാനും നാൾ മുൻപ് പുറത്തിറക്കുകയും ചെയ്തു.
ട്രായിയുടെ ഈ കൺസൾട്ടേഷൻ പേപ്പറിനുള്ള മറുപടിയിലാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ ഇപ്പോൾ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. ട്രായി പറയുന്നതുപോലെ വോയിസ്, എസ്എംഎസ് എന്നിവയ്ക്ക് മാത്രമായി പ്രത്യേകം പ്ലാനുകൾ പുറത്തിറക്കുന്നതിനോട് യോജിപ്പില്ല എന്നാണ് മൂന്ന് കമ്പനികളും അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കിക്കൂടിയാണ് തങ്ങൾ ഇത്തരമൊരു നിലപാട് എടുത്തിരിക്കുന്നത് എന്നും ഈ കമ്പനികൾ വ്യക്തമാക്കുന്നുണ്ട്.

ട്രായിയുടെ നിർദേശത്തോടുള്ള കമ്പനികളുടെ പ്രതികരണം: തങ്ങളുടെ സർവേയിൽ മൊബൈൽ പ്ലാനുകൾ താങ്ങാനാവുന്നതാണെന്ന് 90% ഉപയോക്താക്കളും അഭിപ്രായപ്പെട്ടതായി ജിയോ പറയുന്നു. മാത്രമല്ല, ഡാറ്റ സഹിതം റീച്ചാർജ് പ്ലാനുകൾ എത്തുന്നത് നല്ലതാണ് എന്ന് 56% ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. യുപിഐ പേയ്‌മെൻ്റുകൾ നടത്താൻ ഉൾപ്പെടെ പല ഘട്ടങ്ങളിലും ഡാറ്റ ആവശ്യമായി വരുമെന്നും ജിയോ പറഞ്ഞു.
വോയ്‌സ്+ എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രമുള്ള പ്ലാനുകൾ അവതരിപ്പിക്കണം എന്ന് നിർബന്ധം പിടിക്കേണ്ട ആവശ്യമില്ലെന്നും ഡാറ്റയില്ലാത്ത പ്ലാനുകൾ നൽകിയാൽ ആളുകൾ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് പിന്തള്ളപ്പെടുമെന്നും ജിയോ അഭിപ്രായപ്പെടുന്നു. വൊഡാഫോൺ ഐഡിയയും സമാനമായാണ് ട്രായി നിർദേശത്തിന് മറുപടി നൽകിയിരിക്കുന്നത്. എസ്എംഎസ്/വോയ്‌സ് മാത്രമുള്ള പ്ലാനുകളുടെ ആവശ്യമില്ലെന്ന് വിഐ വിശ്വസിക്കുന്നു.
എസ്എംഎസ്/വോയ്‌സ് മാത്രമുള്ള പ്ലാനുകൾ നൽകിയാൽ ഡാറ്റ ഉപയോഗിക്കാനുള്ള ആളുകളുടെ താൽപര്യം കുറയുമെന്നും ഡാറ്റ ഉപയോഗിക്കാൻ സാധ്യതയുള്ളവർ കൂടി അത് ഉപയോഗിക്കാതെയാകുമെന്നും വിഐ കരുതുന്നു. ഡിജിറ്റൽ ഭാരതമെന്ന സർക്കാരിന്റെ ആശയത്തിന് നിരക്കുന്നതല്ല ഈ നിർദേശമെന്നും ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കിയും തിരിച്ചറിഞ്ഞും ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്ത പ്ലാനുകളാണ് ഇപ്പോഴുള്ളതെന്നും വിഐ പറയുന്നു.

വോയ്സ് + എസ്എംഎസ് മാത്രമുള്ള പ്ലാനുകൾ പുറത്തിറക്കണമെന്ന ഓഡർ പുറപ്പെടുവിക്കരുതെന്ന് തങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നതായും വിഐ പറഞ്ഞതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. എയർടെലും സമാനമായ മറുപടിയാണ് നൽകിയിട്ടുള്ളത്. ഡാറ്റ എടുത്തുകളയുന്നത് ഉപഭോക്താവിന് ഡിജിറ്റൽ ശാക്തീകരണത്തിൻ്റെ നേട്ടങ്ങൾ നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, ഡിജിറ്റൽ നേതൃത്വത്തിൻ്റെ കാര്യത്തിൽ ഇന്ത്യ പിന്നാക്കം പോകാനും ഇടയാക്കുമെന്ന് എയർടെൽ പറഞ്ഞു.
വോയ്‌സ്, എസ്എംഎസ് പാക്കുകൾ മാത്രമായി വേണമെന്ന ആവശ്യം നടപ്പാക്കേണ്ടതില്ലെന്ന് എയർടെൽ പറയുന്നു. ചുരുക്കത്തിൽ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും ഡാറ്റ ഇല്ലാതെയുള്ള റീച്ചാർജ് പ്ലാനുകളോട് താൽപര്യം പ്രകടിപ്പിക്കുന്നില്ല, എന്നുമാത്രമല്ല അത്തരം നീക്കങ്ങളെ എതിർക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ട്രായി എന്ത് നിലപാടാണ് കൈക്കൊള്ളുക എന്നതാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications








