സൗജന്യ 5ജി ഡാറ്റ ജിയോയും എയർടെലും നിർത്താൻ പോകുന്നു; 2025 വരെ ഈ ഓഫർ കിട്ടാൻ ഒരു വഴി!
അൺലിമിറ്റഡ് 5ജി സൗജന്യമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റിലയൻസ് ജിയോ (Reliance Jio), എയർടെൽ (Airtel) വരിക്കാരെ തേടി ഒടുവിൽ ആ ദുഃഖവാർത്ത എത്തിയിരിക്കുന്നു. 2024 രണ്ടാം പകുതിയോടെ ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്നത് നിർത്തലാക്കുകയും പുതിയ 5ജി പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്യും.
നിലവിൽ നിശ്ചിത തുകയ്ക്ക് മുകളിലുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്ന വരിക്കാർക്ക് ജിയോയും എയർടെലും സൗജന്യമായാണ് അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നത്. കാരണം 5ജി സേവനങ്ങൾ എല്ലായിടത്തും എത്തിയിട്ടില്ല. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും 5ജിക്ക് കീഴിൽ എത്തിയ ശേഷം മാത്രം 5ജി പ്ലാനുകൾ അവതരിപ്പിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.

ഇപ്പോഴും 5ജി വ്യാപനം പുരോഗമിക്കുന്നതേയുള്ളൂ. ഈ വർഷം രണ്ടാം പകുതിയോടെ ഇത് ഏതാണ്ട് പൂർണ്ണതയിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പിന്നാലെ പുതിയ 5ജി പ്ലാനുകൾ അവതരിപ്പിക്കാനാണ് നീക്കം. കേരളത്തിന്റെ മിക്ക പ്രധാന നഗരങ്ങളിലും ഇതിനകം ഈ രണ്ട് കമ്പനികളുടെയും 5ജി സേവനങ്ങൾ എത്തിക്കഴിഞ്ഞു.
5ജി ഫോൺ ഉപയോഗിക്കുന്ന ജിയോ വരിക്കാർക്ക് തങ്ങളുടെ പ്രദേശത്ത് 5ജി ലഭ്യമാണെങ്കിൽ അൺലിമിറ്റഡ് 5ജി സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. 239 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ് പ്ലാൻ ഉപയോഗിക്കുന്ന വരിക്കാർക്കാണ് ജിയോ അൺലിമിറ്റഡ് 5ജി ഓഫർ നൽകുന്നത്. എയർടെലും സമാന രീതി തന്നെയാണ് പിന്തുടരുന്നത്.
എന്നാൽ, ജിയോയും എയർടെല്ലും 2024 ന്റെ രണ്ടാം പകുതിയിൽ അൺലിമിറ്റഡ് 5G പ്ലാനുകൾ നിർത്തലാക്കുമെന്നും താരിഫ് കുറഞ്ഞത് അഞ്ച് മുതൽ പത്ത് ശതമാനം വരെ വർധിപ്പിക്കുമെന്നും ഇക്കണോമിക് ടൈംസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. താരിഫ് വർദ്ധിപ്പിച്ചുകൊണ്ട് ധനസമ്പാദനവും വരുമാന വളർച്ചയും വർദ്ധിപ്പിക്കാൻ രണ്ട് കമ്പനികളും മുന്നിട്ടിറങ്ങും.
5ജി വ്യാപനത്തിനായി വൻതുകയാണ് ഇരുകമ്പനികളും ചെലവഴിച്ചിരിക്കുന്നത്. എതിരാളിയെക്കാൾ മുന്നിലെത്താൻ ശ്രമിക്കുന്നതിനാൽ 5ജി വ്യാപനത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വൈകലും ഉണ്ടാകാതിരിക്കാൻ രണ്ട് കമ്പനികളും ശ്രദ്ധിച്ചു. അതിനാൽത്തന്നെ റെക്കോഡ് വേഗത്തിലാണ് ഇന്ത്യയിലെ 5ജി വ്യാപനം മുന്നേറിയത്. 4ജി പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വരാൻ പോകുന്ന 5ജി പ്ലാനുകൾ അൽപ്പം ചിലവേറിയതായിരിക്കും എന്നാണ് റിപ്പോർട്ട്.
4G-യെ അപേക്ഷിച്ച് 5ജി പ്ലാനുകൾക്ക് 5-10 ശതമാനം അധിക നിരക്ക് ഈടാക്കുമെന്ന് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിരക്കുകൂട്ടുന്നത് ബാലൻസ് ചെയ്യാനും ഉപയോക്താക്കളെ ആകർഷിക്കാനുമായി തുടക്കത്തിൽ ഈ ബണ്ടിലുകളിൽ 30-40 ശതമാനം കൂടുതൽ ഡാറ്റ ഉൾപ്പെടുത്താനും വിപണി വിഹിതം മെച്ചപ്പെടുത്താനും കമ്പനികൾ ശ്രമിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ അൺലിമിറ്റഡ് 5ജി പ്ലാനുകൾ നിർത്തലാക്കാൻ പോകുന്നു എന്ന വാർത്തകൾക്കിടയിൽ മറ്റൊരു ശ്രദ്ധേയമായതും എന്നാൽ അവ്യക്തവുമായ ഒരു വിവരം കൂടി എത്തിയിട്ടുണ്ട്. ജിയോയുടെ 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് ഇപ്പോൾ റീച്ചാർജ് ചെയ്യുന്നവർക്ക് 2025 ന്റെ തുടക്കം വരെ അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി തുടരും എന്നതാണ് ആ വാർത്ത.
കാരണം 2999 രൂപയുടെ ജിയോ പ്ലാൻ ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങളുടെ പട്ടികയിൽ പ്ലാൻ വാലിഡിറ്റി തീരും വരെ അൺലിമിറ്റഡ് 5ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വർഷം രണ്ടാം പകുതിയിൽ ജിയോ സൗജന്യ 5ജി ഡാറ്റ നൽകുന്ന ഓഫർ പിൻവലിച്ചാലും വാർഷിക പ്ലാൻ തിരഞ്ഞെടുത്തവർക്ക് വാലിഡിറ്റി തീരും വരെ അതിൽ പറഞ്ഞ ആനുകൂല്യം ലഭ്യമായേക്കും.

അടുത്തിടെ ജിയോയുടെ 2999 രൂപയുടെ വാർഷിക പ്ലാൻ റീച്ചാർജ് ചെയ്ത ഒരു ഉപയോക്താവിന് അദ്ദേഹത്തിന്റെ പ്ലാൻ ആനുകൂല്യങ്ങളുടെ കൂട്ടത്തിൽ അൺലിമിറ്റഡ് 5G ഡാറ്റ പായ്ക്ക് 2025 ജനുവരി 9 വരെ ലഭ്യമാകും എന്ന് കാണാൻ കഴിഞ്ഞു. അദ്ദേഹം റീച്ചാർജ് ചെയ്ത ദിവസം കണക്കാക്കിയാണ് ഇവിടെ ആനുകൂല്യം ലഭ്യമാകുന്ന അവസാന ദിവസമായി ജനുവരി 9 കാണിച്ചിരിക്കുന്നത്.
ഇവിടെ മനസിലാക്കേണ്ടത് എന്തെന്നാൽ ഇപ്പോൾ 2999 രൂപയുടെ പ്ലാനിൽ ജിയോ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. നിലവിലുള്ള 2999 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ ആ പ്ലാനിന്റെ കാലാവധി കഴിയുംവരെ അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭിച്ചേക്കാം. അൺലിമിറ്റഡ് 5ജി ഓഫർ പിൻവലിച്ചാലും ഉയർന്ന തുക നൽകി റീച്ചാർജ് ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാൻ ഈ പ്ലാൻ സഹായിച്ചേക്കും.


Click it and Unblock the Notifications








