കേരളത്തിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി ജിയോ അല്ല! പിന്നെയോ? കേട്ടാൽ പലരും വിശ്വസിക്കില്ല
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി റിലയൻസ് ജിയോ (Reliance Jio) ആണ് എന്ന് ഏതാണ്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ട്രായിയുടെ ഏറ്റവുമൊടുവിൽ പുറത്തുവന്ന ജൂണിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ടെലിക്കോം രംഗത്തിന്റെ 41.01 ശതമാനം വിപണി വിഹിതം ജിയോയുടെ കൈവശമാണ്. 477.02 ദശലക്ഷം വയർലെസ് വരിക്കാർ റിലയൻസ് ജിയോയ്ക്ക് ഉണ്ട്. അതായത് 48 കോടിക്കടുത്ത് വരിക്കാർ ജിയോയ്ക്ക് ഉണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇത് 50 കോടിയിലേക്ക് എത്തിയാലും അദ്ഭുതപ്പെടാനില്ല. മറ്റ് ടെലിക്കോം കമ്പനികളെല്ലാം വരിക്കാരുെ2 എണ്ണത്തിൽ ഇതിനെക്കാൾ വളരെ വളരെ പിന്നിലാണ്.
ജിയോയ്ക്ക് തൊട്ടുപിന്നിലായി വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് എയർടെൽ (Airtel) ആണ്, 391.01 ദശലക്ഷം വയർലെസ് വരിക്കാരാണ് ഇന്ത്യയിൽ എയർടെലിനുള്ളത്. 204.22 ദശലക്ഷം വയർലെസ് വരിക്കാരുമായി വോഡഫോൺ ഐഡിയ (VI) മൂന്നാം സ്ഥാനത്തും 90.46 ദശലക്ഷം വയർലെസ് വരിക്കാരുമായി ബിഎസ്എൻഎൽ (BSNL) നാലാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നു.

ഇന്ത്യയിലെ ഒന്നാമൻ ജിയോയാണ് എന്നത് ഏതാണ്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇനി അറിയാത്തവർക്ക് പോലും ഊഹിക്കാൻ കഴിയുന്ന പേരും ജിയോയുടേത് തന്നെ. എന്നാൽ കേരളത്തിലേക്ക് വരുമ്പോൾ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. അതല്ലെങ്കിലും കേരളത്തിന് എപ്പോഴും തങ്ങളുടേതായ ഒരു തനി വഴി ഉണ്ടായിരിക്കും. ടെലിക്കോം കമ്പനികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും അതിൽ മാറ്റമൊന്നുമില്ല.
മറ്റ് പല സംസ്ഥാനങ്ങളിലും ജിയോയിരിക്കാം മുന്നിൽ, എന്നാൽ കേരളത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. പല കാര്യങ്ങളിലും കേരളം രാജ്യത്ത് നമ്പർ വൺ ആണ്, ആ നമ്പർ വൺ കേരളത്തിലെ നമ്പർ വൺ ടെലിക്കോം കമ്പനി ഏത് എന്ന ചോദ്യത്തിന് പലരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു പേരാണ് ഉത്തരം. മറ്റാരുമല്ല, വൊഡാഫോൺ ഐഡിയ (VI) തന്നെ. കേരളത്തിൽ ഏറ്റവുമധികം വയർലെസ് വരിക്കാരുള്ള ടെലിക്കോം കമ്പനി വിഐ ആണ്. രണ്ടാം സ്ഥാനത്താണ് നിലവിൽ ജിയോ ഉള്ളത്.

കേരളത്തിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനികളിൽ എയർടെൽ മൂന്നാം സ്ഥാനത്തും ബിഎസ്എൻഎൽ നാലാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നു. കണക്കുകളിൽ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലായി പട്ടികപ്പെടുത്തുമെങ്കിലും ഈ കമ്പനികളുടെ വരിക്കാരുടെ എണ്ണം തമ്മിൽ അത്ര ഭീകരമായ വ്യത്യാസം ഇല്ല എന്നതാണ് വേറൊരുകാര്യം. അതായത് ആർക്കും മൃഗീയ ഭൂരിപക്ഷമില്ല.
ഈ നാല് ടെലിക്കോം കമ്പനികൾക്കും ശക്തമായ അടിത്തറ കേരളത്തിലുണ്ട്. വരിക്കാരുടെ എണ്ണത്തിലേക്ക് വന്നാൽ, ട്രായിയുടെ കണക്ക് പ്രകാരം 2025 ജൂൺ 25 വരെ വൊഡാഫോൺ ഐഡിയയ്ക്ക് കേരളത്തിൽ 12,845,818 വരിക്കാർ ഉണ്ട്. ജിയോയ്ക്ക് 10,803,334 വരിക്കാരും എയർടെലിന് 9,103,787 വരിക്കാരും ബിഎസ്എൻഎല്ലിന് 8,774,237 വരിക്കാരുമാണ് ഉള്ളത്.
വിഐയെ സംബന്ധിച്ചിടത്തോളം മാസാമാസം വരിക്കാർ കുറയുന്നു എന്നാണ് ഇന്ത്യയിലെ മൊത്തത്തിലുള്ള കണക്കിൽ നാം കാണാറുള്ളത്. എന്നാൽ അപ്പോൾ പോലും കേരളത്തിൽ വിഐ വളരെ ശക്തമാണ്. നേരിയ തോതിലാണെങ്കിലും കേരളത്തിൽ വിഐ വരിക്കാർ കുറയുന്നുണ്ട് എന്നത് വേറെ കാര്യം. അതേപോലെ ജിയോയും എയർടെലും മാസാമാസം ശക്തി വർധിപ്പിക്കുന്നുമുണ്ട്.

കേരളത്തിലെ ആകെ ടെലിക്കോം വരിക്കാരുടെ എണ്ണമെടുത്താൽ, ജൂൺ 25 വരെ ആകെ 41,527,176 വരിക്കാരാണ് ഉള്ളത്. മേയിൽ ഇത് 41,465,706 ആയിരുന്നു. അതായത് ഒരു മാസം കൊണ്ട് 61470 പേർ ആണ് പുതിയതായി ടെലിക്കോം കണക്ഷൻ സ്വന്തമാക്കിയത്. ഈ കാലയളവിൽ ഇന്ത്യയിലെ ആകെ വയർലെസ് വരിക്കാരുടെ എണ്ണം 1163.03 ദശലക്ഷമാണ്.


Click it and Unblock the Notifications








