ക്വാളിറ്റിക്ക് ഇത് മുതൽക്കൂട്ട്! ജിയോ, എയർടെൽ, വിഐ നെറ്റ്വർക്ക് കവറേജ് മാപ്പ് റെഡി
ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവ തങ്ങളുടെ വെബ്‌സൈറ്റുകളിൽ തങ്ങളുടെ നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ സജ്ജമാക്കിയിരിക്കുന്നു. ടെലിക്കോം സേവനങ്ങൾ കൂടുതൽ സുതാര്യമായി ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും സേവനങ്ങളുടെ ക്വാളിറ്റി ഉറപ്പാക്കുന്നതിനുമായി ടെലിക്കോം കമ്പനികൾ തങ്ങളുടെ 2G, 3G, 4G, 5G നെറ്റ്‌വർക്കുകൾക്കായി ജിയോസ്‌പേഷ്യൽ കവറേജ് മാപ്പുകൾ പ്രസിദ്ധീകരിക്കണമെന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഏതാനും മാസം മുൻപ് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ മൂന്ന് സ്വകാര്യ കമ്പനികളും നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ജിയോസ്പേഷ്യൽ കവറേജ് മാപ്പിൽ ഈ ടെലിക്കോം കമ്പനികൾ തങ്ങളുടെ വയർലെസ് വോയ്‌സ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്ന ഭൂമിശാസ്ത്രപരമായ മേഖലകൾ കാണിക്കുന്നു. 2024 ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന ടെലികോം കമ്പനികൾക്കായുള്ള പുതുക്കിയ ക്വാളിറ്റി ഓഫ് സർവീസ് (QoS) റെഗുലേഷന്റെ ഭാഗമായി ട്രായി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജിയോസ്പേഷ്യൽ കവറേജ് മാപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ടെലിക്കോം സേവനങ്ങൾക്കായി ഏതെങ്കിലും ഒരു കമ്പനിയെ തെരഞ്ഞെടുക്കും മുൻപ് അവരുടെ നിലവാരത്തെപ്പറ്റിയും അവരുടെ സേവനങ്ങൾ ലഭ്യമാകുക് പ്രദേശത്തെപ്പറ്റിയുമൊക്കെ ഉപയോക്താവിന് അറിയാനും അതിന് അനുസരിച്ച് കമ്പനിയെ തെരഞ്ഞെടുക്കാനുമുള്ള അവസരം ഒരുക്കാനാണ് ട്രായി ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. ഇതുവരെ
തങ്ങളുടെ പ്രദേശത്ത് കവറേജ് ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ ഏതെങ്കിലും കമ്പനിയുടെ സിം വാങ്ങി പലരും അബദ്ധത്തിലായിട്ടുണ്ട്.
സിം വാങ്ങിക്കഴിഞ്ഞാകും ആ കമ്പനിക്ക് തങ്ങളുടെ പ്രദേശത്ത് കാര്യമായ കവറേജ് ഇല്ല എന്ന് അറിയുക. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നെറ്റ്വർക്ക് കവറേജ് മാപ്പ് സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉപയോക്താക്കൾക്ക് വളരെയെളുപ്പം കണ്ടെത്താൻ കഴിയും വിധമായിരിക്കണം ടെലിക്കോം കമ്പനികൾ തങ്ങളുടെ സൈറ്റിൽ ഈ ജിയോസ്‌പേഷ്യൽ കവറേജ് മാപ്പുകൾ നൽകേണ്ടത് എന്നാണ് ട്രായി നിർദേശിച്ചിട്ടുള്ളത്.

മാപ്പ് പരിശോധിക്കാൻ മാത്രമല്ല, മാപ്പിനെപ്പറ്റി അഭിപ്രായങ്ങൾ അറിയിക്കാനും അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണ് എന്ന് തോന്നിയാൽ അത് റിപ്പോർട്ട് ചെയ്യാനും ഉള്ള ഓപ്ഷനുകളും ടെലിക്കോം കമ്പനികൾ ഉറപ്പാക്കണമെന്ന് ട്രായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ തുടക്ക ഘട്ടം ആയതിനാൽ ഈ സജ്ജീകരണങ്ങളെല്ലാം കമ്പനികൾ ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറയാനാകില്ല.
എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ അവരുടെ വെബ്‌സൈറ്റുകളിൽ അവരുടെ നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്. ജിയോയുടെ മാപ്പ് 'കവറേജ് മാപ്പ്' എന്നതിന് കീഴിലും, എയർടെല്ലിന്റെ മാപ്പ് 'ചെക്ക് കവറേജ്' എന്നതിന് കീഴിലും, വോഡഫോൺ ഐഡിയയുടെത് 'നെറ്റ്‌വർക്ക് കവറേജ്' എന്ന ലിങ്കിന് കീഴിലും കാണാം.
ജിയോ നെറ്റ്വർക്ക് കവറേജ് മാപ്പ്: ഉപയോക്താക്കളെ അവരുടെ പ്രദേശത്തെ 4G, 5G, സംയോജിത 4G+5G കവറേജ് എന്നിവ പരിശോധിക്കാൻ ജിയോ അനുവദിക്കുന്നു. ഇത് പരിശോധിക്കാൻ, ഉപയോക്താക്കൾക്ക് വിലാസമോ പിൻ കോഡോ നൽകാം അല്ലെങ്കിൽ മാപ്പിന്റെ ലൊക്കേഷൻ ഐക്കണിൽ ടാപ്പ് ചെയ്‌ത് 4G+5G, 5G, അല്ലെങ്കിൽ 4G ഓപ്ഷൻ തിരഞ്ഞെടുക്കാം. jio.com/selfcare/coverage-map/ എന്നതാണ് യുആർഎൽ. ജിയോയുടെ മാപ്പ് അവസാനമായി അപ്‌ഡേറ്റ് ചെയ്തത് 2025 മാർച്ച് 1-നാണ്.

എയർടെൽ നെറ്റ്‌വർക്ക് കവറേജ്: എയർടെൽ തങ്ങളുടെ 2G, 4G, 5G കവറേജ് പരിശോധിക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് നൽകുന്നു. airtel.in/wirelesscoverage/ എന്നതാണ് ഇത് പരിശോധിക്കാനുള്ള യുആർഎൽ. എങ്കിലും പ്രാരംഭഘട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എയർടെല്ലിന്റെ മാപ്പ് ചില കാരണങ്ങളാൽ പൂർണ പ്രവർത്തനക്ഷമമല്ല, അതിനാൽ കവറേജ് ചെക്ക് ചെയ്യാൻ തുടക്കത്തിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
Vi കവറേജ് മാപ്പ്: തങ്ങളുടെ 2G, 4G, 5G കവറേജുകൾ പരിശോധിക്കാൻ വിഐയും അവസരം ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ പ്രദേശത്തെ നെറ്റ്‌വർക്ക് കവറേജ് പരിശോധിക്കാൻ വിഐ ഉപയോക്താക്കൾക്ക് myvi.in/vicoverage എന്ന യുആർഎൽ പരിശോധിക്കാവുന്നതാണ്. അതേസമയം സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇതുവരെ നെറ്റ്വർക്ക് കവറേജ് മാപ്പ് തങ്ങളുടെ വെബ്സൈറ്റിൽ സജ്ജമാക്കിയിട്ടില്ല.


Click it and Unblock the Notifications








