''ജിയോ, എയർടെൽ 5ജിക്ക് വേഗതയില്ല, ബിഎസ്എൻഎൽ ഇതിനെക്കാൾ ഭേദം''! നാട്ടുകാർ പറഞ്ഞതാണ് ശരി
ഇന്ത്യയിൽ 5ജി വ്യാപനം ആരംഭിച്ചിട്ട് ഏതാണ്ട് രണ്ട് വർഷം പിന്നിട്ടിരിക്കുന്നു. 2022 ഒക്ടോബർ 1ന് ആണ് ഇന്ത്യയിൽ 5ജി (5G) സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത്. രണ്ട് വർഷം കൊണ്ട് ലോകത്തെ മറ്റ് പല രാജ്യങ്ങളിലും നടന്നതിനെക്കാൾ വേഗത്തിൽ 5ജി വ്യാപനം ഇന്ത്യയിൽ നടന്നു. അതിന് നേതൃത്വം വഹിച്ചത് റിലയൻസ് ജിയോയും ഭാരതി എയർടെലുമാണ്. ഇരു കമ്പനികളുടെയും മത്സരിച്ചുള്ള 5ജി വ്യാപനത്തിന്റെ ഫലമായി ഇന്ത്യയിൽ 5ജി ലഭ്യത വളരെ വർധിച്ചു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ടെലിക്കോം വരിക്കാർ ചില പരാതികൾ ഉന്നയിക്കുന്നുണ്ട്.
നെറ്റ്വർക്കിന് വേഗത പോര, ഡാറ്റ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് ടെലിക്കോം വരിക്കാർ ഉന്നയിക്കുന്ന പ്രധാന പരാതി. യഥാർഥത്തിൽ എല്ലാ ടെലിക്കോം കമ്പനികളുടെ വരിക്കാർക്കും ഈ പരാതിയുണ്ട്. എങ്കിലും ആക്ഷേപം പ്രധാനമായും ഉയരുക ജിയോയ്ക്കും എയർടെലിനും എതിരേയാണ്. കാരണം ഈ രണ്ട് കമ്പനികളും 5ജി ഡാറ്റയാണ് തങ്ങൾ നൽകുന്നത് എന്നാണ് അവകാശപ്പെടാറുള്ളത്.

എന്നാൽ വിചാരിച്ചത്ര വേഗത ജിയോയുടെയും എയർടെലിന്റെയും 5ജിക്ക് ലഭിക്കുന്നില്ല എന്ന് ഉപയോക്താക്കൾ പറയുന്നു. ചില സമയങ്ങളിൽ ബിഎസ്എൻഎൽ 4ജിക്ക് ലഭിക്കുന്ന വേഗത പോലും ഈ 5ജി ഡാറ്റയ്ക്ക് കിട്ടുന്നില്ല എന്നാണ് പ്രധാന ആക്ഷേപം. ഈ ആക്ഷേപം ശരിവയ്ക്കുന്ന തരത്തിൽ ഇപ്പോൾ ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
5ജി സേവനങ്ങൾ ആരംഭിച്ച് രണ്ട് വർഷത്തിനിപ്പുറം ഇന്ത്യയിൽ ജിയോയുടെയും എയർടെലിന്റെയും ശരാശരി 5G ഡൗൺലോഡ് വേഗത ഗണ്യമായി കുറഞ്ഞു എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. 5G സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള പ്രചാരവും ഉയർന്ന ഡാറ്റ ഉപയോഗവും മൂലമുണ്ടായ തിരക്ക് കാരണമാണ് വേഗത കുറഞ്ഞത് എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ജിയോയുടെയും എയർടെലിന്റെയും 5ജി സേവനങ്ങൾ വിലയിരുത്തി അടുത്തിടെ ഓപ്പൺസിഗ്നൽ റിപ്പോർട്ട് വന്നിരുന്നു. അതിൽ എയർടെൽ മികച്ച 5ജി വേഗത വാഗ്ദാനം ചെയ്യുന്നതായും ജിയോ 5ജി ലഭ്യതയിൽ മുന്നിൽ നിൽക്കുന്നതായുമൊക്കെ അംഗീകരിച്ചിരുന്നു. എന്നാൽ ഇതോടൊപ്പം തന്നെ വരിക്കാർ നെറ്റ്വർക്ക് തകരാറുകൾ നേരിടുന്നുണ്ട് എന്നും പുതിയ റിപ്പോർട്ട് അടിവരയിടുന്നു.
ഓപ്പൺസിഗ്നലിൻ്റെ റിപ്പോർട്ട് പറയുന്നത്, വർധിച്ച ഉപയോവും നെറ്റ്‌വർക്ക് തിരക്കും കാരണം പലയിടങ്ങളിലെയും 5G വേഗത കുറഞ്ഞു എന്നാണ്. മികച്ച 5G എക്സ്പീരിയൻസിന് സ്പെക്ട്രം മാനേജ്മെൻ്റും ഉപയോഗവും പ്രധാന ഘടകങ്ങൾ ആണ്. 5G ഉപയോക്താക്കളിൽ 16 ശതമാനം പേർ 700MHz ഫ്രീക്വൻസി ബാൻഡ് ഉപയോഗിക്കുന്നു. ഇത് വലിയ ഏരിയകളിൽ വിശാലമായ കവറേജ് നൽകുമെങ്കിലും വേഗത കുറവായിരിക്കും.
84 ശതമാനം ഉപയോക്താക്കൾ 3.5GHz ബാൻഡ് ഉപയോഗിക്കുന്നു, ഇത് വേഗതയേറിയതാണ്, എന്നാൽ ചെറിയ ദൂരത്തേക്ക് മാത്രമേ ഇതിന് കവറേജ് ലഭ്യമാകൂ. ഡാറ്റ ഡിമാൻഡ് വർദ്ധിക്കുന്നതിനനുസരിച്ച്, സ്പെക്ട്രം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ജിയോയും എയർടെലും വെല്ലുവിളി നേരിടുന്നതായും റിപ്പോർട്ട് പറയുന്നു. വർദ്ധിച്ച ട്രാഫിക് നിയന്ത്രിക്കാൻ എയർടെൽ മിഡ്-ബാൻഡ് സ്പെക്‌ട്രം വീണ്ടും അനുവദിക്കുകയും 4Gയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ 5G സ്റ്റാൻഡലോൺ (SA) സാങ്കേതികവിദ്യ അവതരിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു.

സ്പെക്ട്രം ഉപയോഗം മെച്ചപ്പെടുത്തി തങ്ങളുടെ SA 5G നെറ്റ്‌വർക്ക് വിപുലീകരിക്കാനാണ് ജിയോയുടെ ശ്രമം. നിലവിൽ 5ജി വ്യാപനത്തിൽ മുന്നിൽ ജിയോയാണ്. അതേസമയം എയർടെല്ലിൻ്റെ 5G ഡൗൺലോഡ് വേഗത റിലയൻസ് ജിയോയേക്കാൾ 6.6 ശതമാനം കൂടുതലാണ് (ഏകദേശം 240 Mbps). കൂടാതെ എയർടെല്ലിന് 23 എംബിപിഎസിൽ ഉയർന്ന 5ജി അപ്‌ലോഡ് സ്പീഡ് അവാർഡും ഉണ്ട്, ഇത് ജിയോയേക്കാൾ 83 ശതമാനം വേഗതയുള്ളതാണ്.


Click it and Unblock the Notifications








