ബിഎസ്എൻഎല്ലിനെ എങ്ങനെയും പൂട്ടണം! ജിയോയും എയർടെലും ഇതല്ല, ഇതിനപ്പുറവും ചെയ്യും
ഇന്ത്യൻ ടെലിക്കോം രംഗത്ത് കിരീടം വയ്ക്കാത്ത രാജാക്കന്മാരായി വിലസുകയായിരുന്നു റിലയൻസ് ജിയോയും ഭാരതി എയർടെലും. ആ ഒരു മേധാവിത്വത്തിന്റെ കൂടി ബലത്തിൽ ആണ് 2024 ജൂലൈയിൽ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും ചേർന്ന് മൊബൈൽ താരിഫ് വർധന നടപ്പിലാക്കിയത്. നിരക്ക് കൂട്ടുമ്പോൾ കുറച്ച് ആളുകൾ സ്വാഭാവികമായും പ്രതിഷേധിക്കുകയും ചിലപ്പോൾ പോർട്ട് ചെയ്ത് പോകുകയും ചെയ്യും എന്ന് ഈ കമ്പനികൾ കണക്കുകൂട്ടിയിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള കൊഴിഞ്ഞുപോക്കാണ് ഉണ്ടായത്. അതിൽ ഏറ്റവുമധികം നഷ്ടമുണ്ടായത് റിലയൻസ് ജിയോയ്ക്ക് ആണ്. കാരണം ജൂലൈ മുതലിങ്ങോട്ടുള്ള മൂന്ന് മാസം കൊണ്ട് ഒരു കോടിയിലധിം വരിക്കാർ ജിയോ ഉപേക്ഷിച്ചു.
കൃത്യമായ കണക്കുകൾ നോക്കിയാൽ നിരക്ക് കൂട്ടിയ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 1,27,47,127 പേർ ജിയോ സിം ഉപേക്ഷിച്ചു. ജൂലൈയിൽ 758463 പേരും ഓഗസ്റ്റിൽ 4018879 പേരും സെപ്റ്റംബറിൽ 7969785 പേരും ജിയോ വിട്ടു എന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ കണക്ക് പറയുന്നു.

ഇങ്ങനെ ജിയോ വിട്ട വരിക്കാരിൽ ഭൂരിഭാഗവും എത്തിയത് നിരക്ക് വർധനയ്ക്ക് തയാറാകാതിരുന്ന ബിഎസ്എൻഎല്ലിലേക്ക് ആണ്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ആണ് ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇത് നിരവധി ആളുകളെ, പ്രത്യേകിച്ച് സാധാരണക്കാരെ ഏറെ ആകർഷിച്ചു. സ്വകാര്യ കമ്പനികളിൽ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎല്ലിൽ അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നു.
എങ്കിലും ബിഎസ്എൻഎല്ലിന്റെ മോശം നെറ്റ്വർക്ക് മൂലം ആളുകൾ തിരിച്ചെത്തും എന്ന് സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രതീക്ഷിക്കുന്നു. അതിന്റെ ചില സൂചനകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. അതായത്, ബിഎസ്എൻഎല്ലിലേക്ക് പോയവർ സേവന നിലവാരത്തിൽ അസംതൃപ്തരായി തിരിച്ച് പോകുന്നു എന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ വന്നിരുന്നു.

ബിഎസ്എൻഎല്ലിൽ 4ജി വ്യാപനം നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ഇതുവരെ ഏകദേശം 61000+ 4ജി ടവറുകൾ മാത്രമേ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുള്ളൂ. ലക്ഷ്യമിട്ട ഒരു ലക്ഷം 4ജി സൈറ്റുകൾ പൂർത്തിയാകാൻ 2025 ഏപ്രിൽ വരെ സമയമെടുക്കും. അതിനാൽത്തന്നെ ബിഎസ്എൻഎൽ 4ജി ലഭ്യമല്ലാത്ത പ്രദേശങ്ങൾ ഇപ്പോഴുമുണ്ട് എന്നത് വാസ്തവമാണ്. അവിടങ്ങളിൽ ഒരുപക്ഷേ തൃപ്തികരമായ സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭിച്ചില്ല എന്നുവരാം.
അസംതൃപ്തരായി തിരിച്ച് പോകണോ തുടരണോ എന്ന മനസുമായി ആടി നിൽക്കുന്ന വരിക്കാരെ കൂടുതൽ ആനുകൂല്യങ്ങൾ നൽകി ആകർഷിക്കാൻ ജിയോയും എയർടെലും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിക്കൂടിയാണ് ജിയോ അടുത്തിടെ 2025 രൂപയുടെ ന്യൂ ഇയർ വെൽക്കം പ്ലാനും എയർടെൽ 398 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചത്.
തങ്ങൾ നിരവധി മികച്ച റീച്ചാർജ് ഓപ്ഷനുകൾ പുതിയതായി വരിക്കാർക്ക് ലഭ്യമാക്കുന്നു എന്ന് ബോധിപ്പിക്കാൻ ഈ പ്ലാനുകളുടെ അവതരണം ഈ കമ്പനികളെ സഹായിക്കും. റിലയൻസ് ജിയോയുടെ 2025 രൂപ പ്ലാനിൽ 2.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ 200 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. ഇത് കൂടാതെ സ്വിഗ്ഗി, അജിയോ, മേക്ക്മൈ ട്രിപ്പ് ഗിഫ്റ്റ് കാർഡുകളുമുണ്ട്.

എയർടെലിന്റെ പുതിയ 398 രൂപ പ്രീപെയ്ഡ് പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും കുറഞ്ഞ വാലിഡിറ്റിയിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. അൺലിമിറ്റഡ് കോളിങ് സൗകര്യം, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് 398 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായുള്ള ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ 28 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭ്യമാകുക.


Click it and Unblock the Notifications








