5ജി ചൂണ്ടയിട്ട് വിഐ വരിക്കാരെ ജിയോയും എയർടെലും വിഴുങ്ങുന്നു!
രാജ്യത്തെ ടെലിക്കോം മേഖലയിൽ അടിയൊഴുക്കുകൾ ശക്തം. വിഐക്ക് വരിക്കാരെ വൻതോതിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ജിയോയും എയർടെലും ഇവരെ സ്വന്തമാക്കി മുന്നോട്ട് പോകുകയാണ്. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം എന്ന പോലെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതോടെ 5ജി ആരംഭിക്കേണ്ടത് വിഐയെ സംബന്ധിച്ച് നിലനിൽപ്പിന്റെ പ്രശ്നമായി മാറി.
വിഐക്ക് നേരത്തെ മുതൽ തന്നെ വരിക്കാരെ നഷ്ടപ്പെടുന്നുണ്ട് എങ്കിലും ജിയോയും എയർടെലും 5ജി സേവനങ്ങൾ ആരംഭിച്ചതോടു കൂടിയാണ് കൊഴിഞ്ഞുപോക്കിൽ വൻ വർധനവ് ഉണ്ടായത്. ഇരു കമ്പനികളും നിലവിൽ നിരക്കുകൾ ഒന്നും ഈടാക്കാതെയാണ് തങ്ങളുടെ 5ജി സേവനങ്ങൾ നൽകിവരുന്നത് എന്നതും വിഐ വരിക്കാരെ ആകർഷിക്കുന്നുണ്ട്.

5ജി ആരംഭിക്കുന്നത് സംബന്ധിച്ച് യാതൊരു പ്രസ്താവനകളോ വിശദീകരണമോ വിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതും വരിക്കാരെ നിരാശരാക്കിയിരുന്നു. ഇക്കാരണങ്ങൾ എല്ലാം വിഐയെ കൂടുതൽ പ്രതിസന്ധികളിലേക്കാണ് കൂട്ടിക്കൊണ്ട് പോകുന്നത്. രാജ്യത്ത് 5ജി ആരംഭിച്ച ശേഷം വിഐ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി വർദ്ധിച്ചെന്ന് ഓക്‌ല (Ookla )യുടെ അടക്കം റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
വിഐ ഉപേക്ഷിച്ച വരിക്കാരിൽ 1.88% പേരും റിലയൻസ് ജിയോയിലും 1.32% പേർ എയർടെലിലുമാണ് എത്തിപ്പെട്ടത് എന്ന് ഓക്‌ല റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ഒരു കൊഴിഞ്ഞുപോക്ക് സ്വാഭാവികമായും സംഭവിക്കുകതന്നെ ചെയ്യും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വിഐ 5ജി അവതരിപ്പിക്കാൻ വൈകുന്തോറും കൊഴിഞ്ഞുപോക്ക് കൂടുതൽ ശക്തമാകുകയും കമ്പനി കൂടുതൽ പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്യും.

ഇപ്പോൾ ടെലിക്കോം കമ്പനികൾ നിരക്ക് കൂട്ടാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ വിഐ നിരക്ക് ഉയർത്തിയാൽ ഉയർന്ന നിരക്കിൽ 5ജി ഇല്ലാതെ തുടരാൻ വരിക്കാർ തയാറായേക്കില്ല. അവർ മറ്റ് കമ്പനികളെ ആശ്രയിക്കാൻ സാധ്യത ഏറെയാണ്. എന്നാൽ ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഐക്ക് നിരക്കുയർത്താതെ ഒരു മുന്നോട്ടുപോക്കും സാധ്യമല്ല.
ജിയോയും എയർടെലും ഉയർത്തുന്ന 5ജി പ്രലോഭനത്തിൽ വീഴാതെ തങ്ങളുടെ വരിക്കാർ പിടിച്ചുനിർത്താൻ വിഐക്ക് എത്രത്തോളം സാധിക്കുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു. 5ജി സേവനം ആരംഭിക്കുന്നതിനുള്ള അവകാശം സ്വന്തമാക്കിയെങ്കിലും അതിനായി ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ പണം കണ്ടെത്താൻ വിഐക്ക് കഴിഞ്ഞിട്ടില്ല. സർക്കാരിന് നൽകാനുള്ള കുടിശിക പണത്തിന് പകരമായി ഓഹരി നൽകാമെന്ന വാഗ്ദാനം സ്വീകരിക്കപ്പെട്ടത് വിഐക്ക് ഏറെ ആശ്വാസം പകർന്നിരുന്നു.

ഇനി 5ജി വ്യാപനം ആരംഭിക്കാനുള്ള ഫണ്ട് കണ്ടെത്തുക എന്നതാണ് കമ്പനിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. 2022 ലെ 5ജി ലേലത്തിൽ സ്പെക്‌ട്രം നേടിയ ഒരു ടെലിക്കോം കമ്പനി 52 ആഴ്‌ചയ്‌ക്കുള്ളിൽ മൂന്ന് മെട്രോ നഗരങ്ങളിലും (നഗരത്തിന്റെ ഏത് പ്രദേശത്തും) 22 ടെലികോം സർക്കിളുകളിൽ ഒരു ഏരിയയിലെങ്കിലും 5ജി പുറത്തിറക്കണം എന്നാണ് സർക്കാർ നിബന്ധന.
നിലവിലെ സാഹചര്യത്തിൽ ഈ നിബന്ധന പാലിക്കാൻ വിഐക്ക് കഴിയുമോ എന്നാണ് ടെലിക്കോം മേഖല ഉറ്റുനോക്കുന്നത്. 5ജി കരാർ പാലിക്കാനായില്ലെങ്കിൽ വിഐ കനത്ത പിഴ അടയ്‌ക്കേണ്ടി വരികയും 5ജി സേവനങ്ങൾ ആരംഭിക്കായി ലഭിച്ച സ്പെക്ട്രം സർക്കാരിന് തിരികെ നൽകേണ്ടിവരികയും ചെയ്യും. ഇത് കൂടുതൽ നഷ്ടം വിഐക്ക് വരുത്തിവയ്ക്കും.
രാജ്യത്ത് ഇതിനോടകം മുന്നൂറിലധികം നഗരങ്ങളിൽ ജിയോ 5ജി എത്തിക്കഴിഞ്ഞു. എയർടെലും നൂറിനോടടുത്ത് നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നു. ഈ വർഷം അവസാനിക്കും മുമ്പ് രാജ്യം മുഴുവനും 5ജി എത്തിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ജിയോ മുന്നോട്ട് പോകുന്നത്. ഈ വർഷം പരമാവധി നഗരങ്ങളിലും 2024-ൽ രാജ്യം മുഴുവനും 5ജി എത്തിക്കുമെന്ന് എയർടെലും വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








