'തേനും പാലും ഒഴുകുന്ന' വാലന്റൈൻസ് ഡേ ഓഫർ പുറത്തിറക്കി ജിയോ; അധികമായി ഒരു രൂപപോലും നൽകേണ്ട!

ആരെയും ആകർഷിക്കുന്ന വാലന്റൈൻസ് ഡേ ഓഫറുകളുമായി ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പനായ ജിയോ രംഗത്ത്. പ്രണയിക്കുന്നവർക്കും പ്രണയദിനത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആമസോണും ഫ്ലിപ്കാർട്ടും അടക്കമുള്ള വമ്പന്മാർ വിവിധ ഓഫറുകളുമായി രംഗത്തെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. തങ്ങളാലാകും വിധം ഓഫർ നൽകി വിഐയും കഴിഞ്ഞയാഴ്ച രംഗത്തെത്തി. ഇതിനെല്ലാം പിന്നാലെയാണ് ജിയോയും വാലന്റൈൻസ് ഡേ ഓഫറുമായി എത്തിയിരിക്കുന്നത്. അധിക ചെലവ് ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് സൗജന്യ ഡാറ്റയും വിവിധ ഡിസ്കൗണ്ടുകളും ജിയോയുടെ വാലന്റൈൻസ്ഡേ ഓഫർ വാഗ്ദാനം ചെയ്യുന്നു.
ജിയോ വാലന്റൈൻസ് ഡേ ഓഫർ
നാല് ആനുകൂല്യങ്ങളാണ് ജിയോയുടെ വാലന്റൈൻസ് ഡേ ഓഫർ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. 12 ജിബി 4ജി ഡാറ്റയാണ് ആദ്യത്തേത്. 4,500 രൂപയോ അതിൽ കൂടുതലോ തുകയ്ക്ക് ഇക്സിഗോയിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 750 രൂപ വരെ കിഴിവ് നൽകുന്നതാണ് രണ്ടാമത്തെ ഓഫർ. മക്‌ഡൊണാൾഡിൽ 199 രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ 105 രൂപയുടെ മക്അലൂ ടിക്കി അല്ലെങ്കിൽ ചിക്കൻ കബാബ് ബർഗർ സൗജന്യമായി ലഭിക്കുന്നതാണ് മൂന്നാമത്തെ ഓഫർ. ഫേൺസ് ആൻഡ് പെറ്റൽസിൽ നിന്ന് കുറഞ്ഞത് 799 രൂപയ്ക്ക് എന്തെങ്കിലും ഓർഡർചെയ്താൽ 150 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കുന്നതാണ് നാലാമത്തെ ഓഫർ.

എങ്ങനെ ഓഫർ കിട്ടും
നിശ്ചിത പ്ലാനുകളുടെ റീച്ചാർജിൽ മാത്രമാണ് ജിയോയുടെ വാലന്റൈൻസ് ഡേ ഓഫറുകൾ ലഭ്യമാകുക. 249 രൂപ, 899 രൂപ, 2,999 രൂപ എന്നീ നിരക്കുകളിൽ എത്തുന്ന പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളിൽ ആണ് ഇതിനായി ജിയോ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ റീച്ചാർജ് പ്ലാനുകൾ ഫെബ്രുവരി 10 ന് ശേഷം തെരഞ്ഞെടുത്തവർക്കും ഇനി തെരഞ്ഞെടുക്കുന്നവർക്കും ഈ ഓഫറുകൾ ലഭിക്കും. റീച്ചാർജ് ചെയ്ത് 72 മണിക്കൂറിനുള്ളിൽ ഓഫർ കൂപ്പണുകൾ മൈജിയോ ആപ്പ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ആനുകൂല്യങ്ങൾക്ക് ഉണ്ടാകുക.
249 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ
ജിയോയിൽ നിന്ന് ലഭ്യമാകുന്നതിൽ സാധാരണ ഡാറ്റാ ഉപഭോക്താക്കൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന പ്ലാൻ ആണ് 249 രൂപയുടേത്. 23 ദിവസ വാലിഡിറ്റിയിൽ 2ജിബി ഡേറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഇതോടൊപ്പമുണ്ട്. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നീ സേവനങ്ങൾ ഉപയോഗിക്കാനുള്ള അവസരവും ലഭിക്കും.

899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
ഉപയോക്താക്കൾക്കായി ജിയോ അടുത്തിടെ അവതരിപ്പിച്ച പ്ലാൻ ആണ് 899 രൂപയുടേത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2.5 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ജിയോ ഉൾപ്പെടുത്തിയിരിക്കുന്നത്. 90 ദിവസത്തെ വാലിഡിറ്റി ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. ആകെ 225 ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നു.
2,999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 2,999 രൂപ പ്ലാൻ കുറച്ചുകാലമായി നിലവിലുണ്ട്. എന്നാൽ ക്രിസ്മസ്, ന്യൂ ഇയർ ഓഫറുകളുടെ ഭാഗമായി ഈ പ്ലാനിലേക്ക് പുതിയ ചില ആനുകൂല്യങ്ങൾ കൂടി ജിയോ ഉൾപ്പെടുത്തിയിരുന്നു. 365 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ന്യൂഇയർ ഓഫറിന്റെ ഭാഗമായി ഇതിൽ 23 ദിവസത്തെ അധിക വാലിഡിറ്റികൂടി ഉൾപ്പെടുത്തി. ഇപ്പോൾ 388 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിലെ സേവനങ്ങൾ ആസ്വദിക്കാം.


Click it and Unblock the Notifications