ഇപ്പൊ എങ്ങനെയിരിക്കുന്നു, 9 ജിയോ പ്ലാൻ ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 2 എണ്ണം, അതിന് ഒടുക്കത്തെ പവറും!
ടെലിക്കോം നിരക്ക് വർധന റിലയൻസ് ജിയോ (Reliance Jio) യുടെ പ്രീപെയ്ഡ് പ്ലാൻ പട്ടികയെ അടിമുടി മാറ്റിമറിച്ചു. നിരക്കുകൾ കൂടി എന്നത് മാത്രമല്ല, ചില പ്ലാനുകളിലെ ആനുകൂല്യങ്ങളിലും വ്യത്യാസങ്ങൾ വന്നു. മുൻപുണ്ടായിരുന്ന അത്രയും ഓപ്ഷനുകൾ റീച്ചാർജിനായി ഇപ്പോൾ ജിയോയിൽ ലഭ്യമല്ല. റീച്ചാർജ് പ്ലാനുകളുടെ എണ്ണവും വളരെയേറെ കുറഞ്ഞിരിക്കുന്നു. വരുംദിവസങ്ങളിൽ പുതിയ നിരക്കുകൾക്ക് ആനുപാതികമായി വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കൂടുതൽ റീച്ചാർജ് ഓപ്ഷനുകൾ ജിയോ ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കാം. പുതിയ നിരക്കുകൾ വന്നതോടെ ചില പ്ലാനുകൾ പിൻവലിച്ചതും റീച്ചാർജ് പ്ലാനുകൾ കുറയാൻ കാരണമായിട്ടുണ്ട്.
ജിയോയുടെ വാർഷിക റീച്ചാർജ് പ്ലാൻ പട്ടിക പരിശോധിച്ചാൽ ഇപ്പോൾ 2 പ്ലാനുകളാണ് കാണാൻ കഴിയുക. എന്നാൽ നിരക്ക് വർധനയ്ക്ക് മുൻപ്, അതായത് ജൂലൈ 3ന് മുൻപ് ഏതാണ്ട് 9 വാർഷിക പ്ലാനുകൾ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ വെറും രണ്ടായി കുറഞ്ഞിരിക്കുന്നത്.

2999 രൂപ, 3662 രൂപ, 3333 രൂപ, 3226 രൂപ, 3225 രൂപ, 3227 രൂപ, 3178 രൂപ, 2545 രൂപ, 4498 രൂപ എന്നീ നിരക്കുകളിലാണ് ജിയോയുടെ 9 വാർഷിക റീച്ചാർജ് പ്ലാനുകൾ ലഭ്യമായിരുന്നത്. ഇതിൽ 2545 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ മാത്രം 336 ദിവസ വാലിഡിറ്റിയും മറ്റുള്ളവ 365 ദിവസ വാലിഡിറ്റിയും നൽകിയിരുന്നു.
1.5ജിബി, 2ജിബി, 2.5ജിബി എന്നിങ്ങനെ വിവിധ അളവുകളിലുള്ള പ്രതിദിന ഡാറ്റ, വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ എന്നിവയൊക്കെയായിരുന്നു മുൻപ് ലഭ്യമായിരുന്ന 9 പ്രീപെയ്ഡ് വാർഷിക പ്ലാനുകളിലെ വ്യത്യാസങ്ങൾ. കൂടുതൽ ഓപ്ഷനുകൾ ലഭ്യമായിരുന്നതിനാൽ ഇഷ്ടമുള്ള ആനുകൂല്യം തെരഞ്ഞെടുക്കാൻ ഉപയോക്താവിന് കൂടുതൽ അവസരം ലഭിച്ചിരുന്നു. എന്നാലിപ്പോൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ വളരെ കുറവാണ്.

ഇപ്പോൾ 1.5ജിബി, 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ജിയോ വാർഷിക പ്ലാനുകൾ ഇല്ല. ആകെയുള്ള രണ്ട് വാർഷിക പ്ലാനുകളും 2.5ജിബി പ്രതിദിന ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഡാറ്റയുടെ അളവ് കൂടുതലാണ് എന്നതിനാൽ തന്നെ ഈ പ്ലാനുകൾക്ക് ചെലവും അൽപ്പം കൂടുതലാണ്.
നിരക്ക് വർധനവിന് ശേഷം ലഭ്യമായിട്ടുള്ള രണ്ട് ജിയോ വാർഷിക പ്ലാനുകളിൽ ഒന്ന് 3599 രൂപ വിലയിലും രണ്ടാമത്തേത് 3999 രൂപ വിലയിലുമാണ് ലഭ്യമാകുക. ഈ പ്ലാനുകൾ എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. അതിനാൽ അധികം വൈകാതെ ജിയോ കൂടുതൽ വാർഷിക പ്ലാൻ ഓപ്ഷനുകൾ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വാർഷിക പ്ലാനുകളിലെ ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടാം.
3599 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവ ഈ പ്ലാനിലുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

3999 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 2.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിലുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ, ഫാൻകോഡ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
മുൻപ് 2999 രൂപ മാത്രം വിലയുണ്ടായിരുന്ന പ്ലാനാണ് ഇപ്പോൾ 3599 രൂപയ്ക്ക് ജിയോ നൽകുന്നത്. അതേപോലെ ഇപ്പോൾ 3999 രൂപ വിലയുള്ള ജിയോ വാർഷിക പ്ലാൻ മുൻപ് 3333 രൂപയ്ക്ക് ലഭ്യമായിരുന്നു. കുറഞ്ഞ പ്രതിദിന ഡാറ്റയോടെ കുറഞ്ഞ നിരക്കിലുള്ള ഒരു വാർഷിക പ്ലാനോ, മുൻപുണ്ടായിരുന്ന 2545 രൂപയുടേത് പോലെ 336 ദിവസ വാലിഡിറ്റിയിലുള്ള പ്ലാനോ ജിയോ അവതരിപ്പിച്ചാൽ ഏറെപ്പേർക്ക് ഉപകാരപ്പെടുമായിരുന്നു.


Click it and Unblock the Notifications








