അംബാനിയുടെ ജിയോ നിങ്ങളെ പറ്റിക്കുമെന്ന് തോന്നുന്നുണ്ടോ! ഡാറ്റ തീർന്നാലും പേടിക്കാനില്ല, ബദൽ ഓപ്ഷൻ ഇതാ
പലരും ഇന്ന് സമയം ചിലവഴിക്കുന്നത് സ്മാർട്ട്ഫോണിനൊപ്പമാണ്. എന്നാൽ ഡാറ്റയില്ലെങ്കിൽ സ്മാർട്ട്ഫോൺ കാറ്റ് പോയ ബലൂൺ പോലെയാണ്. റീൽസും മറ്റ് ഷോട്ട് വീഡിയോകളുമൊക്കെ കണ്ടിരുന്നാൽ സമയം പോണത് അറിയില്ല എന്നത് മാത്രമല്ല, ഡാറ്റ തീരുന്നതും അറിയില്ല. ഇങ്ങനെ പല വഴിക്ക് ഉപയോഗിച്ച് ഡാറ്റ തീർന്നു കഴിയുമ്പോഴാകും എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് തിരിച്ചറിയുക. ഒന്ന് പണമയയ്ക്കാനോ, എന്തെങ്കിലും വർക്ക് അടിയന്തരമായി പൂർത്തിയാക്കാനോ അത്യാവശ്യമായി എന്തെങ്കിലും സോഷ്യൽ മീഡിയയിൽ നോക്കാനോ ഒക്കെ പിന്നെ ഡാറ്റ ഉണ്ടായിരിക്കില്ല. ഇത്തരം സന്ദർഭങ്ങളെ നേരിടുന്നതിനാണ് ടെലിക്കോം കമ്പനികൾ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്.
കോളിങ്, വാലിഡിറ്റി, എസ്എംഎസ് തുടങ്ങി റീച്ചാർജ് പ്ലാനുകളിൽ സാധാരണ അടങ്ങുന്ന ആനുകൂല്യങ്ങളൊന്നുമില്ലാതെ ഡാറ്റ ആനുകൂല്യം മാത്രമായി വാഗ്ദാനം ചെയ്യുന്നവയാണ് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ. ചില ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഒടിടി സബ്സ്ക്രിപ്ഷനോടെയും എത്തുന്നുണ്ട്. പ്രധാന പ്ലാനിനൊപ്പമുള്ള ഡാറ്റ തീർന്നാൽ അത്തരം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് നല്ലത്.

പല ടെലിക്കോം കമ്പനികളും പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങൾ വിശദീകരിക്കുമ്പോൾ അൺലിമിറ്റഡ് ഡാറ്റ എന്ന് പറയാറുണ്ട്. എന്നാൽ അത് പൂർണമായും ശരിയല്ല. ഈ പ്ലാനുകളിലുള്ളത് യഥാർത്ഥത്തിൽ അൺലിമിറ്റഡ് ഹൈ സ്പീഡ് അല്ല, പല പ്ലാനുകളും ദിവസം നിശ്ചിത ജിബി ഡാറ്റ മാത്രമേ ഹൈസ്പീഡിൽ വാഗ്ദാനം ചെയ്യുന്നുള്ളൂ.
ദിവസേനയുള്ള നിശ്ചിത ഡാറ്റ പരിധി പിന്നിട്ട് കഴിഞ്ഞാൽ ഡാറ്റ വേഗത 64 കെബിപിഎസായി കുറയും. ഇന്ത്യയിലെ ഏറ്റവും പ്രധാന ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ഏറ്റവുമധികം വരിക്കാരുള്ളത് ജിയോയുടെ പക്കലാണ്. മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നിരവധി ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ജിയോയുടെ പക്കലുണ്ട്.

ചെറിയ അളവിലുള്ള ഡാറ്റ മതിയെങ്കിൽ അതിനായി കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളും കൂടുതൽ ഡാറ്റ വേണമെങ്കിൽ അതിനനുസരിച്ചുള്ള പ്ലാനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ ബൂസ്റ്റർ പ്ലാൻ എത്തുന്നത് 15 രൂപ നിരക്കിലാണ്. ഏറ്റവും നിരക്ക് കൂടിയ പ്ലാനിന് 222 രൂപയാണ് ചെലവാകുക. ഇതിനിടയിൽ ധാരാളം പ്ലാനുകളും ലഭ്യമാണ്.
ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഡാറ്റ ബൂസ്റ്റർ വിഭാഗത്തിൽ 7 പ്ലാനുകളാണ് നിലവിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അവ 15 രൂപ, 19 രൂപ, 25 രൂപ, 29 രൂപ, 61 രൂപ, 121 രൂപ, 222 രൂപ എന്നീ നിരക്കുകളിലാണ് ലഭ്യമാകുക. ഈ പ്ലാനുകളിലെ വാലിഡിറ്റിയും ലഭ്യമാകുന്ന ഡാറ്റയും പരിചയപ്പെടാം.
15 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാൻ: ഒരു ജിബി ഡാറ്റയാണ് ഇതിൽ കിട്ടുക. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി ഈ ഡാറ്റയ്ക്ക് ലഭിക്കും. 19 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാൻ: 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ആക്ടീവ് പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി തന്നെയാണ് ഈ ഡാറ്റയ്ക്കും ലഭിക്കുക.

25 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാൻ: നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയിൽ 2ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. 61 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാൻ: ഈ 61 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ 6ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. വാലിഡിറ്റി ആക്ടീവ് പ്ലാനിന്റേതിന് സമാനമാണ്.
121 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാൻ: ഈ പ്ലാനിൽ ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിൽ ആകെ 12 ജിബി ഡാറ്റ ലഭിക്കുന്നു. 222 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാൻ: 50 ജിബി ഡാറ്റയാണ് 222 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ നൽകുന്നത്. കൂടുതൽ ഡാറ്റ വേണ്ടവർക്ക് ഈ ഡാറ്റ ബൂസ്റ്റർ പ്ലാൻ തെരഞ്ഞെടുക്കാം.


Click it and Unblock the Notifications








