100 രൂപയിൽ താഴെ ചെലവിൽ ഡാറ്റ കിട്ടും! ജിയോയുടെ പ്രമുഖ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ
സ്മാർട്ട്ഫോൺ ഉപയോഗം വർധിച്ചതോടെ ആളുകൾ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവും വർധിച്ചിട്ടുണ്ട്. മുൻപ് ഒരു ജിബിയും ഒന്നര ജിബിയുമൊക്കെ ഉപയോഗിച്ചിരുന്നിടത്ത് ഇപ്പോൾ കുറഞ്ഞത് മൂന്ന് ജിബി വരെയൊക്കെ വേണ്ടിവരുന്നു. എല്ലാവരുടെയും കാര്യം ഇങ്ങനെയല്ല എങ്കിൽപ്പോലും ഡാറ്റ ഉപയോഗം പൊതുവെ വർധിച്ചു എന്നതാണ് വാസ്തവം.
എത്ര ഡാറ്റയുണ്ടെങ്കിലും മതിയാകാത്ത അവസ്ഥ നേരിടുന്നവർ ഉണ്ട്. റീൽസുകളും മറ്റും സജീവമായത് സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. റീൽസ് കണ്ടിരുന്നാൽ സമയം മാത്രമല്ല, ഡാറ്റ പോകുന്നതും അറിയില്ല. എന്നാൽ പ്ലാനിനൊപ്പം ലഭ്യമാകുന്ന പരിമിതമായ ഡാറ്റ പോലും ഉപയോഗിക്കാത്ത ചെറിയൊരു വിഭാഗവും ഉണ്ട്.

ജിയോ റീച്ചാർജ് പ്ലാനുകൾ എല്ലാംതന്നെ നിശ്ചിത അളവ് ഡാറ്റയുമായാണ് എത്തുന്നത്. ഭൂരിഭാഗം ആളുകളും തങ്ങളുടെ റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് ഉപയോഗം കണക്കിലെടുത്താണ്. ചിലർ അത്യാവശ്യം ഓഫീസ് കാര്യങ്ങൾ നിർവഹിക്കാനുള്ള ഡാറ്റയും കൂടി ലഭ്യമാകുന്ന വിധത്തിൽ പ്ലാനുകൾ തെരഞ്ഞെടുക്കുന്നു. ഇങ്ങനെ ഓരോരുത്തരും ഓരോ കണക്കുകൂട്ടലുകളോടെയാകും പ്ലാൻ തെരഞ്ഞെടുക്കുന്നത്.
എന്നാൽ ചില ഘട്ടങ്ങളിൽ കണക്കുകൂട്ടലുകൾ തെറ്റാറുണ്ട്. ചിലപ്പോൾ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ഫെയർ യൂസേജ് പോളിസി ഡാറ്റ തീർന്നുപോകാം. വൈഫൈയും മറ്റും ആശ്രയിച്ച് മുന്നോട്ട് പോകുന്നവർക്കും ചിലപ്പോൾ വൈഫൈ ഇല്ലാത്ത ഘട്ടങ്ങളിൽ അടിയന്തര ആവശ്യങ്ങൾ നിർവഹിക്കാൻ ഡാറ്റ ആവശ്യമായി വരാം.
അത്തരം അടിയന്തരഘട്ടങ്ങളിൽ ആശ്രയിക്കാനായി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ എല്ലാ കമ്പനികളും പുറത്തിറക്കിയിട്ടുണ്ട്. ആവശ്യമനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ വളരെ കുറഞ്ഞ നിരക്കിലും അളവിലുമുള്ള ഡാറ്റ മുതൽ കൂടിയ അളവിലുള്ള ഡാറ്റ വരെ ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ നൽകുന്ന നൂറ് രൂപയിൽ താഴെ ചിലവുള്ള ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പരിചയപ്പെടാം.
റിലയൻസ് ജിയോ നൂറ് രൂപയിൽ താഴെ ചെലവുള്ള അഞ്ച് ഡാറ്റ പ്ലാനുകളാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്. 15 രൂപ, 19 രൂപ, 25 രൂപ, 29 രൂപ, 61 രൂപ എന്നീ നിരിക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. ഇതിൽ 19 രൂപയുടെ പ്ലാനും, 29 രൂപയുടെ പ്ലാനും അടുത്തിടെ പുറത്തിറക്കിയവയാണ്.
ജിയോയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ വ്യത്യസ്ത അളവിലുള്ള ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. എങ്കിലും ഈ പ്ലാനുകൾ തമ്മിൽ ഒരു സാമ്യമുണ്ട്. അത് വാലിഡിറ്റിയുടെ കാര്യത്തിലാണ്. ഉപയോക്താവിന്റെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കാലയളവാണ് ബൂസ്റ്റർ പ്ലാനുകളുടെയും വാലിഡിറ്റി. അതായത്, 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ഉപയോക്താവ് ഉപയോഗിക്കുന്നതെങ്കിൽ ആ വാലിഡിറ്റി തീരുമ്പോൾ ഡാറ്റയും തീരും.

ജിയോയുടെ 100 രൂപയിൽ താഴെയുള്ള ഡാറ്റ പ്ലാനുകൾ: ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാൻ 15 രൂപ നിരക്കിലാണ് എത്തുന്നത്. താൽക്കാലികമായി കുറച്ച് ഡാറ്റ വേണ്ടിവരുന്നവർ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയിരുന്ന പ്ലാൻ ആണിത്. 15 രൂപയുടെ പ്ലാനിൽ 1ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. ഈ ഡാറ്റ മതിയാകാത്തവർക്ക് 19 രൂപയുടെ പ്ലാൻ പരിഗണിക്കാം.
19 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാനിൽ 1.5 ജിബി ഡാറ്റ ലഭിക്കും. 25 രൂപയുടെ പ്ലാനാണ് തൊട്ടടുത്ത ഓപ്ഷൻ. 2ജിബി ഡാറ്റയാണ് 25 രൂപയുടെ ഡാറ്റ പ്ലാനിൽ ലഭ്യമാകുക. അതിലും ഉയർന്ന അളവിൽ ഡാറ്റ വേണ്ടവർക്ക് 29 രൂപയുടെ ഓപ്ഷനുണ്ട്. 2.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക.
61 രൂപയുടെ പ്ലാനാണ് ഈ വിഭാഗത്തിൽ ഏറ്റവും ഒടുവിലായുള്ളത്. 6ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 100 രൂപയ്ക്ക് മുകളിൽ വിലയുള്ള പ്ലാനുകളും ജിയോ നൽകുന്നുണ്ട്. 12ജിബി ഡാറ്റ ലഭിക്കുന്ന 121 രൂപയുടെ പ്ലാനും 50 ജിബി ഡാറ്റ ലഭിക്കുന്ന 222 രൂപ പ്ലാനുമാണ് അവ.


Click it and Unblock the Notifications








