പാവങ്ങളുടെ പോക്കറ്റിൽ കൈവച്ച് ജിയോയും; അടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്കുയർത്തി
പുതിയ പ്ലാൻ അവതരിപ്പിക്കുക, തുടർന്ന് ഏതാനും ദിവസങ്ങൾക്കകം നിലവിലുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ തുകയുടെ പ്ലാൻ നിശബ്ദമായി നിർത്തലാക്കുക. വരിക്കാർ അറിയാതെ, നിരക്കുയർത്താൻ ഇന്ത്യൻ ടെലിക്കോം കമ്പനികൾ പുറത്തെടുക്കാറുള്ള ഈ തന്ത്രം ഒരിക്കൽ കൂടി നടപ്പാക്കപ്പെട്ടിരിക്കുകയാണ്. റിലയൻസ് ജിയോ തങ്ങളുടെ അടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്ക് വർധിപ്പിച്ചു.
അടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്കിൽ ഒറ്റയടിക്ക് നൂറ് രൂപയുടെ വർധനവാണ് ജിയോ നടപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ജിയോ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി ജിയോ പ്ലസ് എന്ന പേരിൽ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 299 രൂപ മുതലുള്ള നാല് പ്ലാനുകളാണ് അന്ന് ജിയോ അവതരിപ്പിച്ചത്.

എന്നാൽ പുതിയ പ്ലാനുകൾ പ്രഖ്യാപിച്ച ആ സമയത്ത് നിലവിലുണ്ടായിരുന്ന പ്ലാനുകളിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിനെപ്പറ്റി ജിയോ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ പുതിയ പ്ലാനുകൾ പുറത്തുവന്ന് ഒരാഴ്ചയ്ക്കിപ്പുറം ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പട്ടികയിൽനിന്ന് ഏറ്റവും കുറഞ്ഞ തുകയുടെ പ്രതിമാസ പ്ലാൻ ആയ 199 രൂപയുടെ പ്ലാൻ അപ്രത്യക്ഷമായിരിക്കുകയാണ്.
അതോടെ 299 രൂപയുടെ പ്ലാൻ നിലവിലുള്ള ഏറ്റവും കുറഞ്ഞ തുകയുടെ പോസ്റ്റ്പെയ്ഡ് പ്ലാനായി മാറുകയായിരുന്നു. നിരക്ക് വർധനയെപ്പറ്റി ജിയോ മുൻപും കാര്യമായ പ്രതികരണങ്ങൾ നടത്താറില്ല. നിശബ്ദമായി നടപ്പാക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. അതേ പതിവ് ഇവിടെ ആവർത്തിച്ചിരിക്കുകയാണ്. ജിയോയുടെ അടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാനിൽ വന്ന മാറ്റത്തെക്കുറിച്ച് വിശദമായി നോക്കാം.
299 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ: ജിയോ വെബ്സൈറ്റ് പരിശോധിച്ചാൽ ഇപ്പോൾ കാണാൻ സാധിക്കുന്ന എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ 299 രൂപയുടേതാണ്. 30 ജിബി അതിവേഗ ഡാറ്റയും ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ആണ് ഈ പ്രതിമാസ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ ഇൻ-ഹൗസ് ആപ്പ് ആനുകൂല്യങ്ങൾ 299 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാണ്. യോഗ്യരായ ജിയോ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയോടെ ജിയോ വെൽക്കം ഓഫർ ലഭിക്കും. 375 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈ പ്ലാനിന് ബാധകമാണ്.
199 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ: ജിയോയുടെ പഴയ 199 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 25 ജിബി അതിവേഗ ഡാറ്റയും ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ആണ് നൽകിയിരുന്നത്. ജിയോ പ്രൈം അംഗത്വത്തിന് 99 രൂപയാണ് ജിയോ ഈടാക്കുന്നത്.
ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ ഇൻ-ഹൗസ് ആപ്പ് ഓഫറുകൾക്കൊപ്പമാണ് പഴയ 199 രൂപയുടെ അടിസ്ഥാപ പ്രീപെയ്ഡ് പ്ലാനും എത്തിയിരുന്നത്. ഇപ്പോഴും ആക്ടിവേഷൻ സമയത്ത് ഒരു സിമ്മിന് 99 രൂപ പ്രോസസ്സിംഗ് ഫീസ് ഉണ്ടെന്ന കാര്യം ശ്രദ്ധിക്കുക.

ജിയോയുടെ പഴയ 199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 25 ജിബി ഡാറ്റയും പുതിയ 299 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 30 ജിബി ഡാറ്റയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ ആനുകൂല്യങ്ങളും ഈ രണ്ട് പ്ലാനുകളിലും ഏതാണ്ട് ഒരുപോലെ തന്നെയാണ്. ഇവിടെ 5 ജിബി അധിക ഡാറ്റയ്ക്ക് ജിയോ 100 രൂപ വർദ്ധിപ്പിച്ചിരിക്കുന്നു.
കുറഞ്ഞ നിരക്കിൽ നടത്തിയിരുന്ന പോസ്റ്റ്പെയ്ഡ് പ്ലാൻ റീച്ചാർജിന്റെ നിരക്കിൽ ഒറ്റയടിക്ക് 100 രൂപ വർധിക്കുക എന്നത് വൻ വർധനവാണ്. ടെലിക്കോം കമ്പനികൾ നിരക്കുയർത്താൻ പലവിധ ആലോചനകളുമായി മുന്നോട്ട് പോകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അത് ശരിവച്ച് ഇപ്പോൾ ജിയോ നിരക്കുവർധന നിശബ്ദമായി നടപ്പാക്കിയിരിക്കുകയാണ്.
നേരത്തെ എയർടെൽ തങ്ങളുടെ 99 രൂപയുടെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഘട്ടം ഘട്ടമായി നിർത്തലാക്കുകയും 155 രൂപയുടെ പ്ലാൻ അടിസ്ഥാന പ്ലാനാക്കി മാറ്റുകയും ചെയ്തിരുന്നു. അതേ തന്ത്രമാണ് ഇവിടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിൽ നടപ്പാക്കിയിരിക്കുന്നത്. അധികം വൈകാതെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കിലും വർധന ഉണ്ടായേക്കാം.


Click it and Unblock the Notifications








