അങ്ങോട്ടും ഇങ്ങോട്ടുമുള്ള 'ഫൈബർ പാലം' ജിയോ ഇട്ടിട്ടുണ്ട്; പാലം കടന്നാൽ രണ്ടുകൂട്ടർക്കും ഗുണം ഉണ്ടത്രേ!
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാവാണ് ( ISP ) റിലയൻസ് ജിയോ. ഉപയോക്താക്കൾക്കുകൂടി ലാഭമുണ്ടെന്ന് അവരെ വിശ്വസിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന പ്ലാനുകൾ പുറത്തിറക്കുന്നതിൽ ജിയോ പ്രത്യേക മികവ് പുലർത്താറുണ്ട്. അതിനാൽത്തന്നെയാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ ഐഎസ്പിയായി വളരാൻ ജിയോയ്ക്ക് കഴിഞ്ഞത്.
ഉപയോക്താക്കളെ തങ്ങളോടൊപ്പം നിലനിർത്താനും അവരിൽനിന്ന് വരുമാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പ്ലാനുകൾ ജിയോ ഫൈബർ പുറത്തിറക്കിയിട്ടുണ്ട്. പ്ലാനുകളിൽ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നതിന് പകരം ബുദ്ധിപരമായ മറ്റൊരു തന്ത്രം ആണ് ജിയോ സ്വീകരിച്ചിരിക്കുന്നത്. മുഴുവൻ പണവും അടച്ച് അധിക വാലിഡിറ്റി നേടുകയെന്ന ഓഫറാണ് ജിയോ ഫൈബർ മുന്നോട്ട് വയ്ക്കുന്നത്.

യഥാർഥത്തിൽ ഇത് കമ്പനിക്കും ഉപയോക്താക്കൾക്കും ഗുണമുള്ള ഒരു പ്ലാൻ ആണ്. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്നാണല്ലോ, ആ നിലയ്ക്ക് രണ്ടുകൂട്ടർക്കും ഗുണം ഉണ്ടാകുന്ന വിധത്തിൽ ജിയോ ഇട്ടിരിക്കുന്ന ഒരു പാലമാണ് പണം ഒന്നിച്ചടച്ചാൽ അധിക വാലിഡിറ്റി നൽകും എന്ന ഓഫർ.
ഒന്നിച്ച് പണമടയ്ക്കുമ്പോൾ ഉപയോക്താവിന് അധിക വാലിഡിറ്റി ജിയോ നൽകുന്നു. പകരമായി ഉപയോക്താവ് തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പിക്കാനും അവരിൽനിന്ന് വരുമാനം ഉറപ്പാക്കാനും ജിയോയ്ക്ക് സാധിക്കുന്നു. ആ നിലയ്ക്ക് രണ്ട് കൂട്ടർക്കും പ്രയോജനമുള്ളതാണ് ജിയോയുടെ ഈ അധിക വാലിഡിറ്റി ഓഫർ. ഒരു വർഷത്തേക്കോ ആറുമാസത്തേക്കോ പണം അടച്ചുകഴിഞ്ഞാൽ ആ ഉപയോക്താവ് അത്രയുംകാലം തങ്ങളെ വിട്ടുപോകില്ലെന്ന് ജിയോയ്ക്ക് ഉറപ്പിക്കാം.
അഥവാ ഉപയോക്താവ് വിട്ടുപോയാലും അവരിൽനിന്ന് അത്രയും നാളേക്കുള്ള പണം മുൻകൂർ ലഭിച്ചതിനാൽ കമ്പനിക്ക് ലാഭമാണ്. ദീർഘനാളേക്കുള്ള പണം അടച്ചതിനാൽ അത് മുതലാക്കാൻ ഉപയോക്താവും ശ്രമിക്കും. ഒന്നിച്ച് പണം അടയ്ക്കുമ്പോൾ അധിക വാലിഡിറ്റി ലഭിക്കുന്നത് ഉപയോക്താക്കൾക്കും ലാഭമാണ്. അത്രയും നാളത്തെ പണം ലാഭിക്കാൻ സാധിക്കും.
ജിയോ ഫൈബറിന്റെ പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് പ്ലാനുകൾ നാല് വ്യത്യസ്ത വാലിഡിറ്റികളിലാണ് എത്തുന്നത്. പ്രതിമാസ പ്ലാൻ, ത്രൈമാസ പ്ലാൻ, അർദ്ധ വാർഷിക പ്ലാൻ, വാർഷിക പ്ലാൻ എന്നിവയാണ് അവ. ഇതിൽ പ്രതിമാസ പ്ലാനുകൾക്കും ത്രൈമാസ പ്ലാനുകൾക്കും ജിയോയുടെ ഈ അധിക വാലിഡിറ്റി ഓഫർ ലഭിക്കില്ല.
എന്നാൽ അർദ്ധവാർഷിക (6 മാസം), വാർഷിക പ്ലാനുകൾ (12 മാസം) തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ജിയോ ഫൈബറിന്റെ അധിക വാലിഡിറ്റി ഓഫർ ലഭ്യമാകും. 6 മാസത്തെ വാലിഡിറ്റിയുള്ള അർദ്ധവാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ജിയോ ഫൈബർ 15 ദിവസത്തെ അധിക വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

പ്ലാനിന്റെ വേഗത പരിഗണിക്കാതെതന്നെ ഈ ആനുകൂല്യം ലഭിക്കും. അതായത് കുറഞ്ഞ വേഗതയുള്ള പ്ലാനുകൾ ആറുമാസത്തേക്ക് തെരഞ്ഞെടുത്താൽ പോലും ഈ അധിക വാലിഡിറ്റി ലഭിക്കും. ഇത്തരത്തിൽ വാർഷിക പ്ലാൻ തെരഞ്ഞെടുക്കുന്ന ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ജിയോ 30 ദിവസത്തെ അധിക വാലിഡിറ്റിയാണ് നൽകുക. അതായത് 12 മാസത്തെ പണമടച്ചാൽ 13 മാസം ഉപയോഗിക്കാം. ഒരുമാസത്തെ പണം ലാഭം!
30 Mbps മുതൽ 1 Gbps വരെ വേഗതയുള്ള പ്ലാനുകൾ ജിയോ ഫൈബർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ ബണ്ടിൽ ചെയ്യുന്നതും സൗജന്യ ജിയോ സെറ്റ്-ടോപ്പ് ബോക്സുമായി (എസ്‌ടിബി) എത്തുന്നതുമായ പ്ലാനുകളും ജിയോ നൽകുന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അടുത്തുള്ള ജിയോ റീട്ടെയിൽ സ്റ്റോർ വഴിയോ ഉപയോക്താക്കൾക്ക് ജിയോ ഫൈബർ കണക്ഷൻ എടുക്കാം.


Click it and Unblock the Notifications








