കടം വാങ്ങാൻ 'ഒരാൾകൂടി' ആയി, സാക്ഷാൽ അംബാനി! ജിയോ ഫിനാൻസ് ആപ്പ് ലോഞ്ച് ചെയ്തു
ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ റിലയൻസിന്റെ പിൻബലമുള്ള ജിയോ ഫിനാൻഷ്യൽ സർവീസസ് ഡിവിഷൻ്റെ ജിയോ ഫിനാൻസ് ആപ്പിൻ്റെ പുതിയ വേർഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഉപയോക്താക്കൾക്ക് സുരക്ഷിതമായ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ജെഎഫ്എസ്എൽ) പ്രവർത്തിക്കുന്നത്. നാല് മാസം മുൻപ് ജിയോ ഫിനാൻസ് ആപ്പിന്റെ ബീറ്റ വേർഷനാണ് ലഭ്യമായിരുന്നത്. ഇപ്പോൾ ഒട്ടേറെ നവീകരണങ്ങളും കൂടുതൽ ഫീച്ചറുകളുമായി സമ്പൂർണ്ണ സജ്ജമായ പുതിയ ആപ്പ് ജിയോ ഫിനാൻസ് ആപ്പ് (JioFinance app) പുറത്തിറക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്.
തൽക്ഷണ വായ്പകൾ, ഇൻഷുറൻസ് പ്ലാനുകൾ, യുപിഐ പേയ്‌മെൻ്റുകൾ, ഡിജിറ്റൽ ബാങ്കിംഗ് എന്നിവയും മറ്റ് നിരവധി സേവനങ്ങളും ജിയോ ഫിനാൻസ് ആപ്പ് വഴി നിർവഹിക്കാൻ സാധിക്കും എന്ന് ജിയോ അവകാശപ്പെടുന്നു. ഡിജിറ്റൽ-ഫസ്റ്റ് ഫിനാൻഷ്യൽ സേവനങ്ങൾക്കുള്ള ഏകജാലക കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന ജിയോഫിനാൻസ് ആപ്പ് ഇപ്പോൾ ഇന്ത്യയിൽ MyJio, App Store, Google Play Store എന്നിവയിൽ ലഭ്യമാണ്.

മ്യൂച്വൽ ഫണ്ടുകളിലെ വായ്പകൾ, ഭവനവായ്പകൾ, വസ്തുവിന്മേലുള്ള വായ്പകൾ എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക സേവനങ്ങൾ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. കൂടാതെ ഈ ആപ്പ് വായ്പകൾ മത്സരാധിഷ്ഠിതമായി വാഗ്ദാനം ചെയ്യുന്നു, ഇത് ഉപഭോക്താക്കൾക്ക് കാര്യമായ ലാഭം നൽകുമെന്ന് പറയപ്പെടുന്നു. പണത്തിനായി അജ്ഞാത ആപ്പുകളിൽ ചെന്ന് തലവച്ചുകൊടുക്കുന്നവർ ഏറെ ഉള്ളതിനാൽ ജിയോ ഫിനാൻസ് ആപ്പിന് പ്രാധാന്യമേറെയാണ്.
ഉപയോക്താക്കൾക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ഈ ആപ്പുമായി ലിങ്ക് ചെയ്തുകൊണ്ട് ഫിസിക്കൽ സ്റ്റോറുകളിൽ QR കോഡുകൾ സ്കാൻ ചെയ്തും UPI വഴിയും പേയ്മെൻ്റുകൾ നടത്താൻ സാധിക്കും. കൂടാതെ ബില്ലുകൾ അടയ്ക്കൽ, മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യൽ, ഫാസ്ടാഗ്, ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ എന്നിവ പോലുള്ള മറ്റ് പേയ്‌മെൻ്റ് സേവന ആപ്പുകൾക്ക് സമാനമായ ഫീച്ചറുകളും ഈ ജിയോ ഫിനാൻസ് ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ജിയോ പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിൻ്റെ (ജെപിബിഎൽ) ഡിജിറ്റൽ സേവിംഗ്‌സ് അക്കൗണ്ട് ബയോമെട്രിക് ഓതൻ്റിക്കേഷനും ഫിസിക്കൽ ഡെബിറ്റ് കാർഡും ഉപയോഗിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ഓൺലൈനായി ഉപയോക്താക്കൾക്ക് ആരംഭിക്കാൻ കഴിയും. എല്ലാ ബാങ്ക് അക്കൗണ്ടുകളും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ഒരിടത്ത് കാണാനും ജിയോ ഫിനാൻസ് ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു, ഇത് ഉപയോക്താക്കൾക്ക് പണം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.
ലൈഫ്, ആരോഗ്യം, ഇരുചക്ര വാഹനം, മോട്ടോർ ഇൻഷുറൻസ് എന്നിവയുൾപ്പെടെ 24 വ്യത്യസ്ത ഇൻഷുറൻസ് പ്ലാനുകളും ജിയോ ഫിനാൻസ് ആപ്പ് വാഗ്ദാനം ചെയ്യുന്നു, അവ ഓൺലൈനിൽ ആക്സസ് ചെയ്യാൻ കഴിയും. പല സാമ്പത്തിക സേവനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്നു എന്നതാണ് മറ്റ് സാമ്പത്തിക ആപ്പുകളിൽ നിന്ന് ജിയോ ഫിനാൻസ് ആപ്പിനെ വ്യത്യസ്തമാക്കുന്നത്.
2023 ഓഗസ്റ്റിൽ റിലയൻസിൽ നിന്ന് വേറിട്ട കമ്പനിയായി മാറിയ ജിയോ ഫിനാൻഷ്യൽ സർവീസസ് ഡിവിഷൻ്റെ ഭാഗമാണ് ജിയോ ഫിനാൻഷ്യൽ ആപ്പ്. ഇന്ത്യയിലെ വിവിധ സാമ്പത്തിക മേഖലകളിൽ ആധിപത്യവും സാന്നിധ്യവും ഉറപ്പിക്കുന്ന റിലയൻസിന്റെ മറ്റൊരു മുഖമായി ജിയോ ഫിനാൻഷ്യൽ സർവീസസ് ഡിവിഷനും പ്രവർത്തിച്ചുവരുന്നു.

കൂടുതൽ ഫീച്ചറുകളുമായി നവീകരിച്ച് പുറത്തിറക്കിയിരിക്കുന്ന ജിയോ ഫിനാൻസ് ആപ്പ് ( JioFinance app ) വിവിധ സാമ്പത്തിക സേവനങ്ങളിലൂടെ ഉപയോക്താക്കളെ അവരുടെ വിശാലമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവർത്തനങ്ങൾ ഓൺലൈൻ വഴി ആയതിനാൽ ഏത് സമയവും സേവനങ്ങൾ ലഭ്യമാകും എന്ന നേട്ടവുമുണ്ട്.


Click it and Unblock the Notifications








