ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല! ജിയോ ഫിനാൻസ് ബീറ്റാ വേർഷൻ ഇറക്കുന്നു
ജിയോ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ ഒരുങ്ങുന്നു. ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് അവരുടെ ജിയോ ഫിനാൻസ് ആപ്പ് ബീറ്റ മോഡിൽ ലോഞ്ച് ചെയ്യാൻ പോകുന്നതായി പ്രഖ്യാപിച്ചു. സമഗ്രവും ഉപയോക്തൃ സൗഹൃദവുമായ ഇൻ്റർഫേസ് ഉപയോഗിച്ച് ദൈനംദിന ധനകാര്യത്തിലും ഡിജിറ്റൽ ബാങ്കിംഗിലും വിപ്ലവം സൃഷ്ടിക്കാൻ ആണ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. യുപിഐ (UPI) ഇടപാടുകൾ, ബിൽ പേയ്‌മെൻ്റുകൾ, ഇൻഷുറൻസ് ഉപദേശം (insurance advisory) എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ സംയോജനമാണ് ജിയോ ഫിനാൻസ് (JioFinance) ആപ്പ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനിയുടെ ഒരു പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളുടെയും സമ്പാദ്യങ്ങളുടെയും ഒരു കണ്സോളിഡേറ്റഡ് വ്യൂ ഈ പ്ലാറ്റ്‌ഫോമിൽ ആക്‌സസ് ചെയ്യാൻ കഴിയും. സാമ്പത്തിക സാങ്കേതിക പരിചിതത്വത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള വ്യക്തികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആപ്പ്, ഉപയോക്താക്കളുടെ വിരൽത്തുമ്പിൽ അനായാസമായ മണി മാനേജ്‌മെൻ്റ് ഉറപ്പാക്കുന്നു. അതായത്, ഏത് സാധാരണക്കാരനും എളുപ്പത്തിൽ ഈ ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ സാധിക്കും.

ജിയോ ഫിനാൻഷ്യൽ സർവീസസ് നിരവധി പ്ലാനുകൾ ജിയോ ഫിനാൻസ് ആപ്പിനായി കൊണ്ടുവരുന്നുണ്ട്. ഭാവിയിൽ ഈ ജിയോ ഫിനാൻസ് ആപ്പിലൂടെ മ്യൂച്വൽ ഫണ്ടുകളിലെ വായ്പകളിൽ തുടങ്ങി ക്രമേണ ഭവന വായ്പകൾ വരെ അവതരിപ്പിക്കാൻ കഴിയുന്ന ഒരു വായ്പാ ശൃംഖല വിപുലീകരിക്കാനും ജിയോ പദ്ധതി ഇടുന്നുണ്ട്.
തൽക്ഷണ ഡിജിറ്റൽ അക്കൗണ്ട് ഓപ്പണിങ്(instant digital account opening), ബാങ്കിംഗ് സേവനങ്ങൾ ഉടനടി ആക്‌സസ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുക എന്നിവയാണ് ആപ്പിൻ്റെ പ്രധാന സവിശേഷതകൾ. ജിയോ പേയ്‌മെൻ്റ് ബാങ്ക് അക്കൗണ്ട് ഫീച്ചർ ആപ്പിനുള്ളിൽ ബാങ്ക് അക്കൗണ്ടുൾ കാര്യക്ഷമമായി മാനേജ് ചെയ്യാൻ സഹായിക്കുന്നു. അത് കൂടാതെ, ബിൽ സെറ്റിൽമെൻ്റുകളും യുപിഐ ഇടപാടുകളും ദൈനംദിന സാമ്പത്തിക ഇടപാടുകൾക്ക് എളുപ്പമാക്കുന്നു.
കൂടാതെ, സമഗ്രമായ സാമ്പത്തിക ആസൂത്രണം ഉറപ്പാക്കുന്നതിന് ഇൻഷുറൻസ് ഉൽപ്പന്നങ്ങളിൽ വിദഗ്ധ മാർഗനിർദേശം നൽകുന്ന ഇൻഷുറൻസ് ഉപദേശം (insurance advisory) എന്ന സർവീസും ആപ്പ് വാഗ്ദാനം ചെയ്യുന്നു. ആപ്പിൻ്റെ ബീറ്റ ലോഞ്ച് തുടർച്ചയായി ഡിജിറ്റൽ ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്താനായി ഉപയോക്തൃ ഫീഡ്‌ബാക്ക് ആവശ്യപ്പെടുന്നുണ്ട്. തുടർച്ചയായ മെച്ചപ്പെടുത്തലിലൂടെയും ഉപയോക്തൃ കേന്ദ്രീകൃത രൂപകൽപ്പനയിലൂടെയും ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റുന്നതിനും മറികടക്കുന്നതിനുമുള്ള ജിയോയുടെ സമർപ്പണത്തെയാണ് ഈ സമീപനം പ്രകടമാക്കുന്നത്.
വിപണിയിൽ ജിയോ ഫിനാൻസ് ആപ്പ് അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ആളുകൾ അവരുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന രീതി പുനർനിർവചിക്കാൻ ലക്ഷ്യമിടുന്നൊരു പ്ലാറ്റ്ഫോം. എല്ലായിടത്തുമുള്ള ഏതൊരു ഉപയോക്താവിനും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ധനകാര്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ലളിതമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഡെമോഗ്രാഫിക്സ്, വായ്പ, നിക്ഷേപം, ഇൻഷുറൻസ്, പേയ്‌മെൻ്റുകൾ, ഇടപാടുകൾ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളുടെ സമഗ്രമായ സ്യൂട്ട് കൂടാതെ സാമ്പത്തിക സേവനങ്ങൾ കൂടുതൽ സുതാര്യവും താങ്ങാനാവുന്നതും ലളിതവുമാക്കുന്നു എന്നാണ് കമ്പനി വക്താവ് പറഞ്ഞത്.
പ്ലാനുകളെ കുറിച്ചും മറ്റ് പണമിടപാടുകളെ കുറിച്ചും ഏതെങ്കിലും തരത്തിൽ സംശയം ഉടലെടുത്താൽ അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആപ്പിൽ നൽകിയിരിക്കുന്ന കസ്റ്റമർ കെയർ സേവനം ആവശ്യപ്പെടാവുന്നതാണ്. കൃത്യമായ ഉത്തരങ്ങൾ നൽകാനും നിങ്ങളുടെ ആവശ്യത്തിന് ഉള്ള പ്ലാനുകൾ തിരഞ്ഞെടുക്കാനും ഈ സേവനം ഉപകാരപ്പെട്ടേക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








