സംഭവം വീടുകളിൽ കേറിയങ്ങ് കൊളുത്തിയിട്ടുണ്ട്; 5G FWA ഇന്റർനെറ്റ് കണക്ഷൻ വഴി കാശ് വാരാൻ ജിയോ
നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി എന്ന സ്ഥാനമുള്ള റിലയൻസ് ജിയോ അധികം വൈകാതെ തന്നെ ലോകത്ത് ഏറ്റവുമധികം ഫിക്സഡ് വയർലെസ് ആക്സസ് (FWA) വരിക്കാരുള്ള കമ്പനി എന്ന നിലയിലേക്ക് എത്താൻ പോകുന്നു. കേബിളുകളുടെയും മറ്റും സഹായമില്ലാതെ തന്നെ റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന ഒരു സംവിധാനമാണ് ഇത്. ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷന് പകരമായി ആശ്രയിക്കാൻ കഴിയുന്ന ഒരു ഇന്റർനെറ്റ് കണക്ഷൻ ആണ് ഇത്. 5ജി വ്യാപനം ഒരു ഘട്ടമെത്തിയപ്പോൾ മുതൽ ജിയോ 5ജി അടിസ്ഥാനമാക്കിയുള്ള ഫിക്സഡ് വയർലെസ് ആക്സസ് സേവനങ്ങളും വാഗ്ദാനം ചെയ്യാൻ തുടങ്ങിയിരുന്നു.
ജിയോയുടെ FWA സേവനങ്ങൾ ജിയോഎയർഫൈബർ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. ആരംഭിച്ച് വളരെ കുറച്ചുനാളുകളേ ആയിട്ടുള്ളൂ എങ്കിലും ജിയോ എയർഫൈബർ ഇതിനകം ഇന്ത്യയിൽ ഹിറ്റ് ആയിക്കഴിഞ്ഞു എന്നാണ് ട്രായിയുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന പ്രതിമാസ കണക്കുകൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അതായത് നിലവിൽ ഇന്ത്യയിൽ മൊത്തം 5.85 ദശലക്ഷം ജിയോ എയർഫൈബർ വരിക്കാരുണ്ട് എന്ന് കണക്കുകൾ പറയുന്നു.

2025 മേയിൽ മാത്രം 1.03 ദശലക്ഷം 5G FWA വരിക്കാരെ പുതിയതായി ജിയോ സ്വന്തമാക്കി. അതായത് ഇന്ത്യയിൽ ജിയോയുടെ 5G FWA സേവനം അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. അധികം വൈകാതെ തന്നെ ജിയോ ഇന്ത്യയിലെയെന്നല്ല ലോകത്തിലെ ഏറ്റവും വലിയ FWA സേവന ദാതാവായി മാറും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അമേരിക്കൻ വയർലെസ് നെറ്റ്വർക്ക് കമ്പനിയായ ടി-മൊബൈലിന് 2025 മാർച്ചിൽ 6.85 ദശലക്ഷം FWA വരിക്കാർ ഉണ്ടായിരുന്നു എന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഒരു റിപ്പോർട്ട് പറയുന്നത്. 2025 ജൂൺ മാസത്തോടുകൂടി ജിയോ ടി-മൊബൈൽസിനെ മറികടന്ന് ഏറ്റവും കൂടുതൽ വരിക്കാരുള്ള FWA സേവന ദാതാവായി മാറുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.

അതായത് ആഗോള തലത്തിൽ തന്നെ ജിയോ പ്രധാന FWA സേവന ദാതാവായി മാറും. 5ജിയിൽ നിന്ന് മികച്ച വരുമാനം സ്വന്തമാക്കാനുള്ള നല്ലൊരു മാർഗമായി FWA സേവനം ഉപയോഗപ്പെടുത്താൻ ജിയോയ്ക്ക് കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത് 5ജി അടിസ്ഥാനമാക്കിയാണ് ജിയോ FWA സേവനം പ്രവർത്തിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും മറ്റും ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമല്ലാത്ത നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്.
ഇത്തരം പ്രദേശങ്ങളിൽ 5ജിയുടെ സഹായത്തോടെ അതിവേഗ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യാൻ ജിയോ FWA സേവനത്തിന് കഴിയും. മാത്രമല്ല, മികച്ച വേഗത തന്നെ വാഗ്ദാനം ചെയ്യാനും സാധിക്കും. നിലവിൽ മൊബൈൽ ഉപയോക്താക്കളിൽ നിന്ന് 5ജി സേവനങ്ങൾക്ക് ഡയറക്ടായി ജിയോ നിരക്ക് ഈടാക്കുന്നില്ല. എന്നാൽ 5ജി FWA സേവനങ്ങളിൽ നിന്ന് മികച്ച വരുമാനം നേടാൻ കഴിയുന്നുണ്ട്.
എല്ലാ മാസവും ചുരുങ്ങയത് ഒരുലക്ഷം പുതിയ FWA കണക്ഷനുകളെങ്കിലും സ്വന്തമാക്കണം എന്നാണ് ജിയോ ലക്ഷ്യമിട്ടിരിക്കുന്നത്. ഭാവിയിൽ കൂടുതൽ ആളുകൾ ഫൈബർ കണക്ഷൻ ഉപേക്ഷിച്ച് എയർഫൈബർ സേവനങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് പ്രയോജനപ്പെടുത്താനും ജിയോ ലക്ഷ്യമിടുന്നു. മൊബൈൽ ടെലിക്കോം മേഖലയിൽ എന്നപോലെ വയർലെസ് ഇൻർനെറ്റ് സേവന രംഗത്തും ജിയോയ്ക്ക് എതിരാളിയായി എയർടെൽ ഉണ്ട്.

ജിയോയെപ്പോലെ തന്നെ എയർടെലും 5ജി FWA സേവനങ്ങൾ നൽകിവരുന്നു. ഇതിനകം രാജ്യത്തിന്റെ നിരവധി പ്രദേശങ്ങിൽ ഈ രണ്ട് കമ്പനികളുടെയും എയർഫൈബർ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ ബിഎസ്എൻഎല്ലും പുതിയതായി 5ജി FWA സേവനങ്ങളിലേക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഹൈദരാബാദിൽ ബിഎസ്എൻഎല്ലിന്റെ 5ജി FWA സേവനങ്ങളുടെ ഉദ്ഘാടനം നടന്നിരുന്നു. വരുംമാസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് FWA സേവനം വ്യാപിപ്പിക്കുമെന്നാണ് ബിഎസ്എൻഎല്ലും അറിയിച്ചിട്ടുള്ളത്.


Click it and Unblock the Notifications







