അണ്ണൻ തിരുമ്പി വന്താച്ച്! നിരക്ക് വർധനയ്ക്ക് ശേഷം ആദ്യമായി വരിക്കാരുടെ എണ്ണത്തിൽ വർധനവുമായി ജിയോ
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) നവംബറിലെ പ്രതിമാസ റിപ്പോർട്ട് പുറത്തുവന്നു. 2024 ജൂലൈയിൽ നടപ്പിലായ സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയ്ക്ക് ശേഷം ഇതാദ്യമായി കൂടുതൽ വരിക്കാരെ സ്വന്തമാക്കുന്നതിൽ റിലയൻസ് ജിയോ (Reliance Jio) മുന്നിലെത്തിയിരിക്കുന്നു എന്നതാണ് നവംബറിലെ റിപ്പോർട്ടിലെ ശ്രദ്ധേയകാര്യം. ജൂലൈ മുതൽ തുടർച്ചയായി 4 മാസം ജിയോയ്ക്ക് വരിക്കാരെ വൻ തോതിൽ നഷ്ടമായിക്കൊണ്ടിരുന്നു. നിരക്ക് വർധന സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ജിയോ കരകയറി എന്ന് നവംബറിലെ ട്രായി റിപ്പോർട്ട് സൂചന നൽകുന്നു.
അതേസമയം ജൂലൈ മുതൽ തുടർച്ചയായി 4 മാസം പുതിയ വരിക്കാരെ നേടിയ ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് നവംബറിൽ അടിപതറി. മൂന്ന് മാസത്തെ തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം ഒക്ടോബറിൽ ചെറിയ മുന്നേറ്റം കാഴ്ചവച്ച എയർടെലിനും നവംബറിൽ തിരിച്ചടി നേരിട്ടു എന്ന് ട്രായിയുടെ കണക്കുകൾ പറയുന്നു.

ഇന്ത്യയിലെ വയർലെസ് ടെലിക്കോം ഉപയോക്താക്കളുടെ എണ്ണത്തിലും ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 2024 ഒക്ടോബർ അവസാനം 1,150.42 ദശലക്ഷം വയർലെസ് വരിക്കാർ ഉണ്ടായിരുന്നു. 2024 നവംബർ അവസാനം എത്തിയപ്പോഴേക്കും വയർലെസ് വരിക്കാരുടെ എണ്ണം 1,148.65 ദശലക്ഷമായി കുറഞ്ഞു. അതായത് 0.15 ശതമാനം പ്രതിമാസ ഇടിവ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നു.
നിരക്ക് വർധനയ്ക്ക് ശേഷം ഒക്ടോബർ വരെയുള്ള നാല് മാസംകൊണ്ട് ജിയോയ്ക്ക് ഏതാണ്ട് ഒരു കോടിക്ക് മുകളിൽ വരിക്കാരെ നഷ്ടമായിരുന്നു. എങ്കിലും ഇന്ത്യയിൽ ഏറ്റവുമധികം ഉപയോക്താക്കളുള്ള ടെലിക്കോം കമ്പനി എന്ന ജിയോയുടെ സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ല. ഇപ്പോൾ ജിയോ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുന്നു.

2024 നവംബറിൽ 1.21 ദശലക്ഷം (12,12,536) വരിക്കാരെ ജിയോ പുതിയതായി സ്വന്തമാക്കി. മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളായ ഭാരതി എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും വരിക്കാരെ നഷ്ടമാകുകയാണ് ചെയ്തിരിക്കുന്നത്. എയർടെലിന് 1.14 ദശലക്ഷം (1136785) വരിക്കാരെയും, വിഐക്ക് 1.5 ദശലക്ഷം (1502255) വയർലെസ് വരിക്കാരെയും നഷ്ടപ്പെട്ടു.
ഒക്ടോബർ വരെ മുന്നേറ്റം കാഴ്ചവച്ച പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്‌എൻഎല്ലിന് 344,473 വയർലെസ് വരിക്കാരെ നവംബറിൽ നഷ്ടപ്പെട്ടു. 461.23 ദശലക്ഷം വയർലെസ് വരിക്കാരുമായി റിലയൻസ് ജിയോ 40.15 ശതമാനം വിപണി വിഹിതം കൈയടക്കിയിരിക്കുന്നു. 384.27 ദശലക്ഷം വയർലെസ് വരിക്കാരുള്ള എയർടെൽ 33.45 ശതമാനം വിപണി വിഹിതവും 208.98 ദശലക്ഷം വയർലെസ് വരിക്കാരുമായി വോഡഫോൺ ഐഡിയ 18.19 ശതമാനം വിപണി വിഹിതവും കൈയാളുന്നു.
92.05 ദശലക്ഷം വയർലെസ് വരിക്കാരാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. 8.03 ശതമാനം വിപണി വിഹിതം ബിഎസ്എൻഎൽ കൈയാളുന്നു. ജൂലൈയിലെ നിരക്ക് വർധനയ്ക്ക് ശേഷം ബിഎസ്എൻഎല്ലിലേക്ക് ആളുകളുടെ വൻ തള്ളിക്കയറ്റം പ്രകടമായിരുന്നു. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളായിരുന്നു അതിന്റെ കാരണം. എന്നാൽ ബിഎസ്എൻഎല്ലിന് ഇതുവരെ രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

നെറ്റ്വർക്ക് സംബന്ധമായ പ്രശ്നങ്ങൾ ബിഎസ്എൻഎല്ലിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തപ്പെടുന്നത്. കോൾ ഡ്രോപ്പ് പോലുള്ള പ്രശ്നങ്ങൾ ബിഎസ്എൻഎല്ലിൽ നേരിടുന്നതായി വലിയ രീതിയിൽ പരാതികൾ ഉയർന്നിരുന്നു. ഇത് ബിഎസ്എൻഎല്ലിന് തിരിച്ചടിയായി എന്നുവേണം വിലയിരുത്താൻ. നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിക്കുന്നതേയുള്ളൂ. ഈ വർഷം ജൂൺ എത്തുമ്പോഴേക്ക് ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാകും എന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.
4ജി അവതരിപ്പിച്ചതിന് പിന്നാലെ 5ജി ആരംഭിക്കാനുള്ള നീക്കങ്ങളും ബിഎസ്എൻഎൽ നടത്തുന്നുണ്ട്. 5ജി അവതരിപ്പിക്കുന്നതോടുകൂടി കൂടുതൽ വരിക്കാരെ സ്വന്തമാക്കാനും ജിയോ അടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികളോട് മത്സരിക്കാനും കരുത്ത് നേടാനാകും എന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ വൈകിയ വിഐക്കും 5ജി വ്യാപനം നിർണായകമാകും എന്ന് കരുതപ്പെടുന്നു. വിഐയിൽ നിന്ന് വരിക്കാർ കൊഴിഞ്ഞുപോകുന്നതിന്റെ പ്രധാന കാരണമായി കരുതുന്നത് 5ജി സേവനങ്ങളുടെ അഭാവമാണ്.


Click it and Unblock the Notifications







