ജിയോ റീച്ചാർജിനൊപ്പം ഇനി പരസ്യമില്ലാത്ത പാട്ട് മധുരവും; ജിയോസാവൻ പ്രോ പ്ലാനുകൾ എത്തി
പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി റീച്ചാർജ് പ്ലാനുകളിൽ പാട്ടിന്റെ മധുരം ചേർത്ത് ജിയോ. ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം വരിക്കാരുടെ സംഗീത താൽപര്യങ്ങളും നിറവേറ്റാൻ പുതിയ ജിയോസാവൻ പ്രോ ബണ്ടിൽ പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. പരസ്യങ്ങളുടെ ശല്യമില്ലാതെ മ്യൂസിക് സ്ട്രീം ചെയ്യുന്ന ജിയോ ആപ്പ് ആണ് ജിയോസാവൻ.
പരസ്യങ്ങളുടെ ശല്യം ഉണ്ടാകില്ല എന്നതിന് പുറമേ, അൺലിമിറ്റഡ് മ്യൂസിക് ഡൗൺലോഡുകൾ, മികച്ച നിലവാരത്തിൽ ഓഫ്‌ലൈൻ മ്യൂസിക്, ജിയോ ട്യൂൺസ് എന്നിവയും ജിയോസാവൻ പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേകം പണം മുടക്കാതെ തന്നെ സേവനങ്ങൾ ആസ്വദിക്കാൻ സഹായിക്കും എന്നതാണ് ജിയോസാവൻ പ്രോ ആനുകൂല്യം അടങ്ങിയ റീച്ചാർജുകളുടെ പ്രത്യേകത.

ജിയോസാവൻ പ്രോ സൗകര്യം ഉൾപ്പെടുത്തി എന്നുകരുതി ഏതെങ്കിലും വിധത്തിലുള്ള നിരക്ക് വർധനകൾ പ്ലാനുകളിൽ ഉണ്ടായിട്ടില്ല. നിലവിലുണ്ടായിരുന്ന ചില പ്ലാനുകളുടെ ആനുകൂല്യങ്ങളുടെ പട്ടികയിലേക്ക് ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ കൂടി ഉൾപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. വരിക്കാരെ, പ്രത്യേകിച്ച് പാട്ട് കേൾക്കാൻ താൽപര്യമുള്ളവരെ സംബന്ധിച്ച് പുതിയ ജിയോസാവൻ പ്രോ പ്ലാനുകൾ ലാഭകരമാണ്.
പ്രതിദിനം 1.5 ജിബിയും 2 ജിബിയും ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളിലാണ് പുതിയ ആനുകൂല്യം ഉൾപ്പെടുത്തി ജിയോസാവൻ പ്രോ പ്ലാനുകളാക്കി മാറ്റിയിരിക്കുന്നത്. ഈ പ്ലാനുകളിൽ ലഭ്യമായിരുന്ന ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾക്കോ, മറ്റ് അധിക ആനുകൂല്യങ്ങൾക്കോ മാറ്റം ഉണ്ടായിട്ടില്ല. 28, 56, 84 ദിവസ വാലിഡിറ്റികളിലാണ് ഈ പ്ലാനുകൾ എത്തുന്നത്.

പുതിയ ജിയോ ഉപഭോക്താക്കൾക്കും നിലവിലുള്ള ജിയോ ഉപഭോക്താക്കൾക്കും അവരുടെ സംഗീതവും കണക്റ്റിവിറ്റി ആവശ്യങ്ങളും കാര്യക്ഷമമാക്കിക്കൊണ്ട് അധികതുക മുടക്കാതെ തന്നെ ഈ ഓഫർ പ്രയോജനപ്പെടുത്താം. ജിയോയ്ക്ക് നിരവധി പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ ഉണ്ടെങ്കിലും ഇതിൽ ആകെ അഞ്ച് പ്ലാനുകളിൽ മാത്രമാണ് ജിയോസാവൻ പ്രോ ആനുകൂല്യങ്ങൾ ലഭിക്കുക.
ജിയോസാവൻ പ്രോ അടങ്ങുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ: ജിയോയുടെ 1.5ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ മൂന്നെണ്ണത്തിലാണ് ജിയോസാവൻ പ്രോ ആനുകൂല്യം അടങ്ങിയിരിക്കുന്നത്. ഇതിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 269 രൂപയുടേത് ആണ്. 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിൽ ആനുകൂല്യങ്ങൾ ലഭ്യമാകുക.
ജിയോസാവൻ പ്രോ അടങ്ങുന്ന മറ്റൊരു 1.5ജിബി പ്രതിദിന പ്ലാൻ 529 രൂപയുടെ ജിയോ പ്ലാൻ ആണ്. 56 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ഏറ്റവുമധികം വാലിഡിറ്റിയിൽ ജിയോസാവൻ പ്രോ ആനുകൂല്യങ്ങൾ ലഭിക്കുന്ന 1.5ജിബി പ്ലാൻ 739 രൂപയുടേത് ആണ്. ആകെ 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭിക്കുക.

ജിയോസാവൻ പ്രോ ലഭിക്കുന്ന 2ജിബി ഡാറ്റ പ്ലാനുകൾ: കൂടുതൽ ഡാറ്റ ആവശ്യങ്ങൾ ഉള്ള ജിയോ ഉപയോക്താക്കൾക്കായി 2ജിബി പ്രതിദിന ഡാറ്റ അടങ്ങുന്ന പ്ലാനുകളിലും ജിയോസാവൻ പ്രോ ആനുകൂല്യം ഉൾപ്പെടുത്തിയിട്ടുണ്ട്. 56 ദിവസത്തെ കാലാവധിയുള്ള 589 രൂപയുടെ പ്ലാൻ, 84 ദിവസത്തെ വാലിഡിറ്റിയുള്ള 789 രൂപയുടെ പ്ലാൻ എന്നിവയാണ് ആ 2ജിബി പ്ലാനുകൾ.
ജിയോസാവൻ പ്രോ സേവനങ്ങൾ സാധാരണഗതിയിൽ സ്വന്തമാക്കണമെങ്കിൽ പ്രതിമാസം 99 രൂപ ചെലവഴിക്കേണ്ടിവരും. അതായത് 99 രൂപയുടെ സേവനമാണ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യമായി ഉൾപ്പെടുത്തി വരിക്കാർക്ക് നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ജിയോ മൊബൈൽ നമ്പർ ഉപയോഗിച്ച് ജിയോസാവൻ ആപ്പിൽ സൈൻ ഇൻ ചെയ്‌ത് 15 ഭാഷകളിലെ പാട്ടുകൾ ആസ്വദിക്കാനാകും.
നിലവിലുള്ള റീച്ചാർജ് പ്ലാനിൽനിന്ന് മൈജിയോ (MyJio) ആപ്പ് അല്ലെങ്കിൽ Jio.com വഴി ജിയോസാവൻ പ്രോ പ്ലാനിലേക്ക് മാറാൻ സാധിക്കും. 100 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളിലൊന്നാണ് ജിയോസാവൻ പ്രോ. ഒട്ടനവധി എക്സ്ക്ലൂസീവ് മ്യൂസിക് കണ്ടന്റുകളും ജിയോസാവൻ പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








