എക്സ്ട്രാ കാശൊന്നും വേണ്ടെന്ന് അംബാനി! 800 ചാനലുകളും 13 ഒടിടികളുമായി ജിയോടിവി+ ആപ്പ്, 2-ഇൻ-1 ഓഫറുമായി ജിയോ
വീടുകളിലെ ടിവി കാഴ്ച ഇനി കൂടുതൽ സ്മാർട്ടാക്കാൻ ഒരുങ്ങി റിലയൻസ് ജിയോ പുതിയ 2 ഇൻ 1 ഓഫർ അവതരിപ്പിച്ചു. ഒരൊറ്റ ജിയോ ഫൈബർ കണക്ഷൻ കൊണ്ട് ഇനി ഒരു വീട്ടിലെ രണ്ട് സ്മാർട്ട് ടിവികളിൽ കണ്ടന്റുകൾ ആസ്വദിക്കാം എന്നതാണ് ജിയോയുടെ ഈ പുതിയ ഓഫറിന്റെ നേട്ടം. ഒരു ഫൈബർ കണക്ഷൻ/ എയർഫൈബർ കണക്ഷനുള്ള വീട്ടിലെ രണ്ടാമത്തെ ടിവിയിലും ഇപ്പോൾ അധികമായി തുക നൽകാതെയും എക്സ്ട്രാ ചാർജ് നൽകാതെയും രണ്ടാമതൊരു കണക്ഷൻ എടുക്കാതെയും കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും.
ജിയോയുടെ എയർഫൈബർ, ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കൊപ്പം ജിയോ സെറ്റ് ടോപ്പ് ബോക്സ് (STB) നേരത്തെ തന്നെ ലഭ്യമായിരുന്നു. ഇതുപയോഗിച്ച് 800ൽ അധികം ഡിജിറ്റൽ ചാനലുകൾ ആസ്വദിക്കാൻ സാധിക്കുമായിരുന്നു. കൂടാതെ ഒറ്റ ലോഗ് ഇന്നിലൂടെ ആക്സസ് 13-ലധികം OTT പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാനുള്ള അവസരവും ഉണ്ടായിരുന്നു.

ഇപ്പോൾ കൂടുതൽ ഉപയോക്താക്കളെ തങ്ങളുടെ സെറ്റ് ടോപ്പ് ബോക്സ് സംവിധാനത്തിലേക്കും ബ്രോഡ്ബാൻഡ് കണക്ഷനുകളിലേക്കും ആകർഷിക്കുന്നതിന്റെ ഭാഗമായി ജിയോ പുതിയ ജിയോടിവി പ്ലസ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. ഒറ്റ കണക്ഷൻ ഉപയോഗിച്ച് രണ്ട് സ്മാർട്ട് ടിവികളിൽ കണ്ടന്റുകൾ ആസ്വദിക്കാൻ ഈ ആപ്പ് ഉപയോക്താക്കൾക്ക് അവസരം ഒരുക്കുന്നു.
ആൻഡ്രോയിഡ് ടിവി ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ജിയോ ടിവി+ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആമസോൺ ഫയർ ഒഎസിൽ പ്രവർത്തിക്കുന്ന ആപ്പിൾ ടിവികൾക്കായും ഈ ആപ്പ് ലഭ്യമാണ്, ആപ്പ് സ്റ്റോറുകളിൽ ഇത് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. പത്തിലധികം ഭാഷകളിലെ ചാനലുകൾ ജിയോടിവി ആപ്പ് വഴി ലഭ്യമാണ്.

ജിയോയുടെ ഫൈബർ അല്ലെങ്കിൽ എയർഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ടെങ്കിൽ വീട്ടിലേക്ക് അധികമായി കേബിൾ കണക്ഷനോ, ഡിടിഎച്ച് കണക്ഷനോ ഇനി ആവശ്യമില്ല എന്ന് ജിയോ പറയുന്നു. അതായത് ജിയോടിവി+ ആപ്പ് വഴി ജിയോടിവി കണ്ടന്റുകൾ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും. കൂടുതൽ സൗകര്യത്തിനായി സിംഗിൾ സൈൻ ഓപ്ഷൻ അടക്കം ജിയോ വാഗ്ദാനം ചെയ്യുന്നു.
ഒരിക്കൽ ലോഗിൻ ചെയ്തുകഴിഞ്ഞാൽ മുഴുവൻ ജിയോ ടിവി+ കണ്ടന്റുകളുടെയും കാറ്റലോഗ് ആക്സസ് ചെയ്യാം എന്നതാണ് സിംഗിൾ സൈൻ ഫീച്ചറുകൊണ്ടുള്ള നേട്ടം. ഭാഷ, കാറ്റഗറി, ചാനൽ നമ്പർ തുടങ്ങിയവ വഴി ഇഷ്ടമുള്ള ചാനൽ എളുപ്പത്തിൽ കണ്ടെത്താനുള്ള സ്മാർട്ട് ഫിൽട്ടർ ഓപ്ഷനും സ്മാർട്ട് മോഡേൺ ഗൈഡ്, സ്മാർട്ട് ഫിൽട്ടറുകൾ, പ്ലേബാക്ക് സ്പീഡ് കൺട്രോൾ ഫീച്ചറുകളും ജിയോടിവി+ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുമ്പ് സംപ്രേക്ഷണം ചെയ്‌ത ഷോകൾ വീണ്ടും കാണാനുള്ള ക്യാച്ച്-അപ്പ് ടിവി, വ്യക്തിഗത മുൻഗണനകൾക്കനുസൃതമായി കസ്റ്റമൈസ്ഡ് സജഷനുകൾ, കുട്ടികൾക്കായി ക്യൂറേറ്റ് ചെയ്‌ത കണ്ടന്റുകളുള്ള കിഡ്-സേഫ് വിഭാഗം എന്നിവയും ജിയോടിവി+ ആപ്പിന്റെ പ്രത്യേകതകൾ ആണ്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ജിയോഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് ജിയോടിവി+ ആപ്പിലേക്ക് ലോഗിൻ ചെയ്യാം.

ജിയോഎയർഫൈബറിന്റെ എല്ലാ പ്ലാനുകൾക്കൊപ്പവും ജിയോ ഫൈബർ പ്രീപെയ്ഡ് കണക്ഷന്റെ 999 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾക്കൊപ്പവും ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് കണക്ഷന്റെ 599 രൂപ, 899 രൂപ പ്ലാനുകൾക്കൊപ്പവും ജിയോ ടിവി പ്ലസ് സേവനം ലഭ്യമാകും. ജിയോടിവി പ്ലസ് ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുന്നതിന്, ഉപയോക്താക്കൾ അവരുടെ സ്മാർട്ട്ടിവി റിമോട്ട് ഉപയോഗിക്കേണ്ടതുണ്ട്.
ജിയോടിവി+ ആപ്പ് എങ്ങനെ സെറ്റ് ചെയ്യാം: സ്മാർട്ട് ടിവിയിൽ ആപ്പ് സ്റ്റോറിലേക്കോ പ്ലേ സ്റ്റോറിലേക്കോ നാവിഗേറ്റ് ചെയ്ത് "JioTV" എന്ന് തിരഞ്ഞ് JioTV+ തിരഞ്ഞെടുക്കുക. ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആപ്പിൽ ക്ലിക്ക് ചെയ്ത് ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ലഭിച്ച OTP നൽകുന്നതോടെ ആപ്പ് പ്രവർത്തന സജ്ജമാകും.


Click it and Unblock the Notifications