അംബാനി ബുദ്ധി ഡാ...! 51 രൂപ മുതൽ നിരക്കിൽ പുതിയ 5G ഡാറ്റ പ്ലാനുകളുമായി ജിയോ
നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ തുടർച്ചയായി പുതിയ പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് റീച്ചാർജ് പ്ലാനുകളുടെ പട്ടിക അടിമുടി പൊളിച്ചു പണിയുന്ന തിരക്കിലാണ് റിലയൻസ് ജിയോ. പുതിയ നിരക്കിലുള്ള പ്ലാനുകൾ നിലവിൽ വന്നതിന് പിന്നാലെ 98 ദിവസ വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ ഉൾപ്പെടെ പുതിയതായി ജിയോ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ഇപ്പോൾ തങ്ങളുടെ വരിക്കാർക്കായി മൂന്ന് 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ജിയോ അവതരിപ്പിച്ചിരിക്കുന്നു. നിരക്ക് കൂട്ടി പ്ലാനുകൾ പരിഷ്കരിച്ചതോടെ ചില പ്ലാനുകളിൽ നിന്ന് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ജിയോ പിൻവലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ 5ജി ഡാറ്റ പ്ലാനുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
മുൻപ് 239 രൂപയിൽ താഴെ നിരക്കിൽ എത്തുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുമായിരുന്നില്ല. എന്നാൽ 61 രൂപയുടെ പ്രത്യേക 5ജി ഡാറ്റ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ ഈ തുകയിൽ താഴെയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് 5ജി ഡാറ്റ ലഭ്യമാകുമായിരുന്നു. ഇതിന് സമാനമായാണ് പുതിയ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളും എത്തുന്നത്.

നിരക്കുകൾ വർധിപ്പിച്ചതിന് ഒപ്പം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിൽ ജിയോ മാറ്റം വരുത്തി. ഇപ്പോൾ 2ജിബിയോ അതിന് മുകളിലോ ഉള്ള പ്രതിദിന ഡാറ്റ അടങ്ങുന്ന പ്ലാനുകളിൽ ഉള്ളവർക്ക് മാത്രമാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുക. അതായത് 1.5ജിബി വരെയുള്ള പ്രതിദിന ഡാറ്റ അടങ്ങുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഇപ്പോൾ ഇല്ല.
എന്നാൽ, 1.5ജിബി വരെയുള്ള പ്രതിദിന ഡാറ്റ അടങ്ങുന്ന പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കാൻ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ സഹായിക്കും. ഈ പ്ലാനുകൾ 51 രൂപയിൽ തുടങ്ങി, 101 രൂപ, 151 രൂപ എന്നീ നിരക്കുകളിൽ അവസാനിക്കുന്നു.

നിലവിൽ ഉപയോഗിക്കുന്ന അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി അനുസരിച്ചാണ് പുതിയ ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടത്. ഓരോ ഡാറ്റ ബൂസ്റ്റർ പ്ലാനിനും നിശ്ചിത വാലിഡിറ്റി പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള പ്ലാനുകൾ തെരഞ്ഞെടുത്താൽ ആ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാനാകും.
2ജിബി പ്രതിദിന ഡാറ്റ അടങ്ങുന്ന പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാത്തവർക്ക് മാത്രമാണ് പുതിയ മൂന്ന് ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിക്കാനാകുക. കൂടാതെ, 479 രൂപ, 1899 രൂപ നിരക്കുകളിൽ എത്തുന്ന ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്കും ഈ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാൻ ഉപയോഗിക്കാനാകില്ല.
ജിയോയുടെ പുതിയ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ (Jio 5G Data Booster Plans)- 51 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റ പ്ലാൻ: ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജിയും 3ജിബി 4ജി ഡാറ്റയും ലഭിക്കും. ഇതിൻ്റെ വാലിഡിറ്റി ഉപയോക്താവിൻ്റെ അടിസ്ഥാന പ്ലാനിന് തുല്യമാണ്. ഒരു മാസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവരാണ് ഈ പ്ലാൻ ഉപയോഗിക്കേണ്ടത്.

101 രൂപയുടെ ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാൻ: ഈ പ്ലാനിൽ 6ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് 5ജിയും ലഭിക്കും. നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും. ഒരു മാസത്തിൽ കൂടുതലും എന്നാൽ രണ്ട് മാസത്തിൽ താഴെയോ അതിന് തുല്യമോ ആയ വാലിഡിറ്റിയുള്ള 1ജിബി/1.5 ജിബി പ്രതിദിന ഡാറ്റ പ്ലാൻ ഉപയോഗിക്കുന്നവർക്കാണ് 101 രൂപയുടെ പ്ലാൻ ഉപയോഗിക്കാനാകുക.
151 രൂപയുടെ ജിയോ 5ജി ഡാറ്റ പ്ലാൻ: ഈ ആഡ്-ഓൺ പ്ലാനിനൊപ്പം, ഉപയോക്താക്കൾക്ക് 9ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് 5ജിയും ലഭിക്കും. അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും. രണ്ട് മാസത്തിൽ കൂടുതലും മൂന്ന് മാസത്തിൽ താഴെയോ അതിന് തുല്യമോ ആയ വാലിഡിറ്റിയിലുള്ള 1.5GB പ്രതിദിന ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കാണ് ഈ പ്ലാൻ ഉപയോഗിക്കാനാകുക.
ചുരുക്കി പറഞ്ഞാൽ ജിയോയുടെ പുതിയ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളിൽ 51 രൂപയുടെ പ്ലാൻ ഒരു മാസ വാലിഡിറ്റിക്കുള്ളിലുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്കും 101 രൂപയുടെ പ്ലാൻ 1-2 മാസ വാലിഡിറ്റിക്കുള്ളിലുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്കും 151 രൂപയുടെ പ്ലാൻ 2-3 മാസ വാലിഡിറ്റിക്കുള്ളിലുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്കും അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








