വീടിന്റെ ഏത് മൂലയിൽപ്പോയാലും ഇന്റർനെറ്റ് ഹൈസ്പീഡിൽ കിട്ടും; ജിയോ പുതിയ വൈ-ഫൈ 6 റൂട്ടർ പുറത്തിറക്കി
വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിലും ചില റൂമുകളിൽ അല്ലെങ്കിൽ വീടിന്റെ ചില ഭാഗങ്ങളിൽ റേഞ്ച് കുറവാണ് എന്ന് തോന്നുകയും വേഗതക്കുറവ് അനുഭവപ്പെടുകയും ചെയ്യാറുണ്ടോ? എങ്കിൽ ഇനി അത്തരം പ്രശ്നങ്ങൾക്ക് വീടുകളിലും ഓഫീസുകളിലും സ്ഥാനമില്ല, കാരണ ജിയോ പുതിയ വൈ-ഫൈ 6 റൂട്ടർ പുറത്തിറക്കിയിരിക്കുന്നു. ജിയോ എഎക്സ് 6000 യൂണിവേഴ്സൽ റൂട്ടർ (Jio AX6000 Universal Router) എന്നാണ് ഈ പുതിയ റൂട്ടറിന്റെ പേര്. വലിയ വീടുകളിലും സ്മാർട്ട് ഡിവൈസുകളിലും വേഗതയേറിയതും വിശ്വസനീയവുമായ ഇന്റർനെറ്റ് കണക്ഷൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് റിലയൻസ് ജിയോ ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ജിയോയുടെ ഇന്റർനെറ്റ് കണക്ഷൻ തന്നെ വേണമെന്നില്ല, എല്ലാ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ (ISP)കണക്ഷനൊപ്പവും ഈ ജിയോ റൂട്ടർ പ്രവർത്തിക്കും. 5,999 രൂപയാണ് ഈ ഡ്യുവൽ-ബാൻഡ് റൂട്ടറിന്റെ വില. ഇത് 4,800Mbps വരെ വേഗത, വൈഡ് കവറേജ്, ഒരേ സമയം 100-ലധികം ഡിവൈസുകൾ കണക്ട് ചെയ്യാനുള്ള പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോയുടെ ട്രൂ എഐ മെഷ്, MU-MIMO, OFDMA ടെക്നോളജി തുടങ്ങിയ ഫീച്ചറുകളോടെ വലിയ സ്ക്വയർഫീറ്റുള്ള കുടുംബങ്ങൾക്കും ഗെയിമർമാർക്കും വീട്ടിൽ സ്മാർട്ട് ഹോം സജ്ജീകരണങ്ങളുള്ളവർക്കുമൊക്കെ വേഗതയേറിയ ഇന്റർനെറ്റ് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കഴിയും വിധമാണ് ജിയോ ഈ AX6000 റൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫൈബർ, ബ്രോഡ്‌ബാൻഡ്, DSL കണക്ഷനുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ജിയോ എഎക്സ് 6000 യൂണിവേഴ്സൽ റൂട്ടറിന് കഴിയും. ഒരൊറ്റ SSID-ക്ക് കീഴിൽ 2.4GHz, 5GHz ബാൻഡുകളെ ഈ റൂട്ടർ പിന്തുണയ്ക്കുന്നു, അതിനാൽ ഉപയോക്താക്കൾ വീട്ടിലെവിടെയാണെങ്കിലും നെറ്റ്‌വർക്കുകൾ സ്വമേധയാ മാറ്റേണ്ടതില്ല. ഇത് 5GHz ബാൻഡിൽ 4,800Mbps വരെയും 2.4GHz ബാൻഡിൽ 1,200Mbps വരെയും വേഗത നൽകുന്നു.

ബിൽറ്റ്-ഇൻ ജിയോ ട്രൂ AI മെഷ് പിന്തുണ ഉള്ളതിനാൽ ഈ റൂട്ടറിന് Wi-Fi കവറേജിനായി ഒന്നിലധികം റൂട്ടറുകൾ ഒരുമിച്ച് ലിങ്ക് ചെയ്യാൻ കഴിയും. മികച്ച പെർഫോമൻസിനായി ക്വാഡ്-കോർ ചിപ്‌സെറ്റും AX6000 റൂട്ടറിൽ ജിയോ സജ്ജീകരിച്ചിരിക്കുന്നു. പരമ്പരാഗത പോർട്ടുകളേക്കാൾ നാലിരട്ടി വേഗത അവകാശപ്പെടുന്ന അപ്‌ഗ്രേഡ് ചെയ്ത LAN പോർട്ടുകളും ഈ റൂട്ടറിൽ ഉണ്ട്.
ഈസിയായി പ്ലഗ് ചെയ്ത് ഉപയോഗ സജ്ജമാക്കാമെന്നതും ആൻഡ്രോയിഡ്, iOS പ്ലാറ്റ്‌ഫോമുകളിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമായ ജിയോഹോം ആപ്പിലൂടെ പ്രവർത്തനങ്ങൾ കൺട്രോൾ ചെയ്യാമെന്നതും ഈ റൂട്ടറിനെ യൂസർ ഫ്രണ്ട്ലി ഡിവൈസാക്കി മാറ്റുന്നു. 5,999 രൂപ വിലയുള്ള ഈ ഡിവൈസ് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും വാങ്ങാൻ ലഭ്യമാണ്.
റൂട്ടറിൽ ഒരു വർഷത്തെ വാറണ്ടിയും പവർ അഡാപ്റ്ററിൽ ആറ് മാസത്തെ വാറണ്ടിയും ഉപയോക്താക്കൾക്ക് ലഭിക്കും. ഈ റൂട്ടർ ഏകദേശം 2,000 ചതുരശ്ര അടി വിസ്തീർണ്ണം ഉൾക്കൊള്ളുമെന്നും 4K സ്ട്രീമിംഗ്, സുരക്ഷാ ക്യാമറകൾ, ക്ലൗഡ് ഗെയിമിംഗ് അല്ലെങ്കിൽ കണക്റ്റുചെയ്‌ത നിരവധി സ്മാർട്ട് ഡിവൈസുകൾ കൈകാര്യം ചെയ്യൽ എന്നിവ ഇതിന് നിസാരമായി സാധിക്കും.

എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം DHCP (Dynamic Host Configuration Protocol) വഴിയുള്ള IP-യിലേക്ക് മാത്രമായി ഈ ഡിവൈസ് പരിമിതപ്പെടുത്തിയിരിക്കുന്നു. നിരവധി ഇന്ത്യൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്ന PPPoE, IPoE കോൺഫിഗറേഷനുകളെ ജിയോ എഎക്സ് 6000 യൂണിവേഴ്സൽ റൂട്ടർ പിന്തുണയ്ക്കുന്നില്ല.


Click it and Unblock the Notifications








