ഫാൻസി തുകയ്ക്ക് പുതിയ റീച്ചാർജ് പ്ലാനുമായി ജിയോ, ഒപ്പം പുതിയൊരു സബ്സ്ക്രിപ്ഷനും!
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് പ്ലാൻ നിരയിലേക്ക് ഒരു റീച്ചാർജ് പ്ലാൻ കൂടി അവതരിപ്പിച്ചു. 3333 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ഇത് ഒരു വാർഷിക പ്ലാൻ ആണ്. വളരെ നിശബ്ദമായാണ് ഈ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
ഫാൻസി തുകയിൽ എത്തുന്ന ഈ ജിയോ വാർഷിക റീച്ചാർജ് പ്ലാനിനൊപ്പം പുതിയതായി ഫാൻകോഡ് സൗജന്യ സബ്സ്ക്രിപ്ഷനും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. കായിക പ്രേമികൾക്കിടയിൽ ഏറെ പ്രശസ്തമായ പ്രീമിയം സ്പോർട്സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ഫാൻകോഡ്. തങ്ങളുടെ തെരഞ്ഞെടുത്ത പ്ലാനുകൾക്കൊപ്പം ജിയോ ഈ സബ്സ്ക്രിപ്ഷൻ നൽകാൻ തുടങ്ങിയിട്ടുണ്ട്.

ഫുട്ബോൾ, ഫോർമുല 1, ക്രിക്കറ്റ് തുടങ്ങി നിരവധി കായിക മത്സരങ്ങൾ ഈ പ്ലാറ്റ്ഫോം സ്ട്രീം ചെയ്യുന്നു. അതിനാൽത്തന്നെ കായിക പ്രേമികളെ ലക്ഷ്യമിട്ടാണ് ജിയോ ഈ സബ്സ്ക്രിപ്ഷൻ റീച്ചാർജ് പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. സാധാരണയായി ഫാൻകോഡ് സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാനാകില്ല. നിശ്ചിത പ്ലാനുകളോടെയാണ് ഇത് ലഭ്യമാകുക.
ഫാൻകോഡ് പ്ലാറ്റ്ഫോമിലേക്കുള്ള പ്രതിമാസ സബ്സ്ക്രിപ്ഷന് 200 രൂപയും വാർഷിക സബ്സ്ക്രിപ്ഷന് 999 രൂപയും ആണ് നിരക്ക്. എന്നാൽ 3333 രൂപയുടെ പുതിയ പ്രീപെയ്ഡ് ആനുവൽ റീച്ചാർജ് പ്ലാനിനൊപ്പം ജിയോ 999 രൂപ വിലമതിക്കുന്ന ഒരു വർഷം വാലിഡിറ്റിയുള്ള ഫാൻകോഡ് സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്നു.

പ്രധാന സ്പോർട്സ് മത്സരങ്ങൾ തത്സമയം കാണാൻ അടക്കം ഫാൻകോഡ് സബ്സ്ക്രിപ്ഷൻ സഹായിക്കും എന്നതിനാൽ കായിക പ്രേമികളായിട്ടുള്ള ജിയോ വരിക്കാർക്ക് ഇനി 3333 രൂപയുടെ പ്ലാൻ റീച്ചാർജിനായി പരിഗണിക്കാം. അതേസമയം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. 3333 രൂപയുടെ പ്ലാനിലെ അധിക ആനുകൂല്യങ്ങളിൽ ഒന്നുമാത്രമാണ് ഫാൻകോഡ് സബസ്ക്രിപ്ഷൻ.
ഫാൻകോഡ് സബ്സ്ക്രിപ്ഷൻ ഉള്ളതുകൊണ്ട് മാത്രമല്ല, വാർഷിക റീച്ചാർജ് പ്ലാൻ എന്ന നിലയിലും 3333 രൂപയുടെ പുതിയ പ്ലാനിന് പ്രസക്തിയുണ്ട്. കാരണം റീച്ചാർജ് നിരക്കുകൾ അധികം വൈകാതെ ഉയരാൻ സാധ്യതയുള്ളതിനാൽ സാമർഥ്യമുള്ള വരിക്കാർ വാർഷിക പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നുണ്ട്. അത്തരത്തിൽ റീച്ചാർജ് ചെയ്യുന്നവരെ ആകർഷിക്കാൻ 3333 രൂപയുടെ പുതിയ വാർഷിക പ്ലാനിന് സാധിക്കും.
3333 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അതായത് ഒരു വർഷത്തേക്ക് ആവശ്യമായ മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാനിൽ അടങ്ങുന്നുണ്ട്.

ആകെ 912.5 ജിബി ഡാറ്റ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കും. പ്രധാന ആനുകൂല്യങ്ങൾ കൂടാതെ ഒരു വർഷത്തേക്ക് ഫാൻകോഡ് (FanCode) സബ്സ്ക്രിപ്ഷൻ, ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന അധിക ആനുകൂല്യങ്ങൾ.
3333 രൂപയുടെ ഈ പുതിയ റീച്ചാർജ് പ്ലാൻ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ലഭ്യമാണ്. ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ ആഗ്രഹിക്കുന്ന സ്പോർട്സ് പ്രേമികൾക്ക് ഈ റീച്ചാർജ് പ്ലാൻ മികച്ച നേട്ടമാകും. ഫാൻകോഡ് സബ്സ്ക്രിപ്ഷൻ ഇല്ലാതെ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ജിയോയുടെ 2999 രൂപയുടെ റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.


Click it and Unblock the Notifications








