അടിപതറിയ അംബാനി ചുവടുമാറ്റി; 198 രൂപയ്ക്ക് അൺലിമിറ്റഡ് 5G ഡാറ്റയുമായി പുതിയ ജിയോ പ്ലാൻ എത്തി
നിരക്ക് വർധനവിനെ തുടർന്ന് വൻ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന റിലയൻസ് ജിയോ (Reliance Jio) 200 രൂപയിൽ താഴെ നിരക്കിൽ പുത്തൻ പ്രീപെയ്ഡ് പ്ലാനുമായി രംഗത്ത്. കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമല്ല എന്ന് ജിയോയുടെ നിരക്ക് വർധനയ്ക്ക് ശേഷം വരിക്കാർ വ്യാപകമായി പരാതി ഉന്നയിക്കുന്നുണ്ട്. ഇതിന് പ്രതിവിധി എന്ന നിലയിൽക്കൂടിയാകാം 198 രൂപ വിലയിലാണ് ജിയോയുടെ പുതിയ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ എത്തിയിരിക്കുന്നത്. ഇതോടെ 200 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന പ്രധാന ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ എണ്ണം മൂന്ന് ആയി.
198 രൂപയുടെ പുതിയ പ്ലാനിന് പുറമേ ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ എന്ന സ്ഥാനമുള്ള 189 രൂപയുടെ പ്ലാനും പ്രതിദിനം 1.5ജിബി ഡാറ്റയടക്കം വാഗ്ദാനം ചെയ്യുന്ന 199 രൂപയുടെ പ്ലാനുമാണ് 200 രൂപയിൽ താഴെ നിരക്കിൽ ജിയോയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള മറ്റ് പ്രീപെയ്ഡ് പ്ലാനുകൾ.

198 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 14 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്നതിനാൽ ഈ പ്ലാനിൽ 14 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാകുന്നു.
ജിയോയുടെ പുതുക്കിയ നയങ്ങൾ പ്രകാരം 2ജിബിയോ അതിന് മുകളിലോ ഉള്ള പ്രതിദിന ഡാറ്റ പ്ലാനുകളിൽ മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കൂ. ഈ നയപ്രകാരം ആണ് 198 രൂപയുടെ പുതിയ പ്ലാനിലും 14 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്നത്.

5ജി സ്മാർട്ട്ഫോണുള്ള ജിയോ വരിക്കാർക്ക് തങ്ങളുടെ പ്രദേശത്ത് ജിയോ 5ജി ലഭ്യമാണെങ്കിൽ പ്രതിദിന പരിധിയില്ലാതെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അവസരം നൽകുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ പ്രീപെയ്ഡ് പ്ലാൻ എന്ന സ്ഥാനം ഇപ്പോൾ 198 രൂപയുടെ ഈ പുതിയ പ്ലാനിനുണ്ട്.
ഇതുവരെ 349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാക്കിയിരുന്നത്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, 28 ദിവസ വാലിഡിറ്റി എന്നിവയാണ് 349 രൂപയുടെ ജിയോ പ്ലാനിൽ ലഭിച്ചിരുന്നത്.
കുറഞ്ഞ നിരക്കിൽ ഒരു പുതിയ പ്ലാൻ ലഭിച്ചു എന്ന് ഉപയോക്താക്കൾക്ക് തോന്നലുണ്ടാക്കും വിധത്തിൽ പുതിയ 198 രൂപ പ്ലാൻ അവതരിപ്പിക്കാൻ ജിയോയ്ക്ക് സാധിച്ചു. ചെറിയ തുക മാത്രം കൈയിലുള്ളവർക്ക് അത്യാവശ്യ ഘട്ടത്തിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അടങ്ങുന്ന 349 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാൻ ആവശ്യമായ പണം കൈയിലില്ലെങ്കിൽ ഈ പുതിയ 198 രൂപയുടെ പ്ലാൻ ഉപകാരപ്പെടും.

എന്നാൽ മൊത്തിലുള്ള ലാഭം പരിഗണിച്ചാൽ 349 രൂപയുടെ ജിയോ പ്ലാൻ ആണ് കൂടുതൽ ലാഭം. 198 രൂപയുടെ പ്ലാൻ രണ്ട് തവണ ചെയ്യുന്നതിനെക്കാൾ ലാഭം 349 രൂപയുടെ പ്ലാൻ ഒറ്റത്തവണയായി ചെയ്യുന്നതാണ്. അങ്ങനെയെങ്കിൽ 47 രൂപ ലാഭിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. വാലിഡിറ്റിയൊഴികെ ഈ രണ്ട് പ്ലാനുകളിലും കിട്ടുന്ന ആനുകൂല്യങ്ങൾ ഒന്നുതന്നെയാണ്.
ചുരുക്കിപ്പറഞ്ഞാൽ, 198 രൂപയുടെ പുതിയ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതമുള്ള ആനുകൂല്യങ്ങൾ ജിയോ ലഭ്യമാക്കി. അത്യാവശ്യക്കാർക്ക് ഇതുപയോഗപ്പെടുത്താം. എന്നാൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾക്കായി ജിയോ യഥാർഥത്തിൽ ഈടാക്കുന്നത് ഇതേ ആനുകൂല്യങ്ങൾ നൽകുന്ന 349 രൂപയുടെ പ്ലാനിന്റേതിനെക്കാൾ ഉയർന്ന പ്രതിദിന നിരക്കാണ്. 349 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 12 രൂപ 46 പൈസവരും. 198 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 14 രൂപ 14 പൈസയാണ്.


Click it and Unblock the Notifications








