ഇനി 'പുതുവർഷം'; ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനുള്ള പുതിയ വാർഷിക പ്ലാൻ പുറത്തിറക്കി ജിയോ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ(JIO) തങ്ങളുടെ വരിക്കാർക്കായി ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ്. വാർഷിക പ്ലാനിന്റെ കാലാവധി കഴിയാറായ ജിയോ വരിക്കാർക്കും വാർഷിക പ്ലാനിലേക്ക് മാറാൻ തയാറെടുക്കുന്ന വരിക്കാർക്കും ഉപകാരപ്പെടുന്ന വിധത്തിൽ ജിയോ ഒരു പുതിയ വാർഷിക പ്ലാൻ പുറത്തിറക്കി.
വാർഷിക പ്ലാനുകൾ തേടുന്നവർക്ക് മാത്രമല്ല, ഒടിടി സേവനങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കും പ്രാധാന്യം നൽകി പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനുമായാണ് ജിയോയുടെ പുതിയ വാർഷിക പ്ലാൻ എത്തിയിരിക്കുന്നത്. 3,227 രൂപയാണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന വാർഷിക പ്ലാനിന്റെ നിരക്ക്. പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിന്റെ മുഖ്യ ആകർഷണം.

അടുത്തിടെയായി ജിയോ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടുത്തി നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, സീ5- സോണിലിവ് കോംബോ കോംബോ പ്ലാനുകൾ എന്നിവയ്‌ക്കൊപ്പം നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ജിയോ ലഭ്യമാക്കി. അതിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് 3,227 രൂപയുടെ പുതിയ വാർഷിക പ്ലാൻ.
ജിയോയുടെ 3,227 രൂപയുടെ പ്രൈം വീഡിയോ വാർഷിക പ്ലാനിലെ ആനുകൂല്യങ്ങൾ: ഒരു വാർഷിക പ്ലാനിൽ സാധാരണയായി ലഭ്യമാകുന്ന ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ അതേപടി ഈ പ്ലാനിൽ കാണാം. ഒടിടി സബ്സ്ക്രിപ്ഷൻ മാത്രമാണ് എടുത്തുപറയാനുള്ളത്. 365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
ജിയോയുടെ 3,227 രൂപയുടെ വാർഷിക പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാകും. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഇതിന്റെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.
2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 365 ദിവസ വാലിഡിറ്റിയിൽ നൽകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ വേറെയും കാണാൻ സാധിക്കും. എന്നാൽ മറ്റ് വാർഷിക പ്ലാനുകളിൽ നിന്ന് 3,227 രൂപയുടെ പുതിയ പ്ലാനിനെ വ്യത്യസ്തമാക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനാണ്.
പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബ്സ്ക്രിപ്ഷനൊപ്പം ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ഉൾപ്പെടുന്നു. ജിയോ 5ജി ലഭ്യമായ ഇടങ്ങളിലെ വരിക്കാർക്ക് അൺലിമിറ്റഡ് ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കാനുള്ള അർഹതയും ഈ പ്ലാൻ നൽകുന്നു.

ഇപ്പോൾ ഏതാണ്ട് എല്ലാ പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളുടെയും സബ്സ്ക്രിപ്ഷൻ ജിയോയുടെ ഏതെങ്കിലുമൊക്കെ പ്രീപെയ്ഡ് പ്ലാനുകളിൽ കണ്ടെത്താൻ സാധിക്കും എന്ന നില എത്തിയിരിക്കുന്നു. ഒടിടി സേവനങ്ങളോടുള്ള വരിക്കാരുടെ താൽപര്യം തിരിച്ചറിഞ്ഞ് അത് തങ്ങൾക്ക് വരുമാനമുണ്ടാക്കാനുള്ള മാർഗമാക്കി മാറ്റാനുള്ള ജിയോയുടെ കഴിവാണ് ഈ പുതിയ വാർഷിക പ്ലാനുകളിൽ പ്രതിഫലിക്കുന്നത്.
365 ദിവസ വാലിഡിറ്റിയിൽ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നിവ നൽകുന്ന നിരവധി വാർഷിക പ്ലാനുകൾ ജിയോയുടെ റീച്ചാർജ് പ്ലാൻ പട്ടികയിൽ കാണാം. ഒടിടി ആനുകൂല്യങ്ങൾ ആസ്വദിക്കാനും അതിനായി പണം മുടക്കാനും താൽപര്യമില്ലാത്ത വരിക്കാർക്ക് പ്രത്യേകം വാർഷിക പ്ലാനുകളും ജിയോയുടെ പക്കലുണ്ട്. വരിക്കാരെ തങ്ങൾക്കൊപ്പം പിടിച്ചുനിർത്താൻ ഈ പ്ലാനുകളിലൂടെ ജിയോയ്ക്ക് സാധിക്കുന്നു.
ഒരു ടെലിക്കോം ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ലാഭം വാർഷിക പ്ലാനുകളാണ്. തങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവ അടങ്ങുന്ന പ്ലാൻ തെരഞ്ഞെടുത്തുകഴിഞ്ഞാൽ ഇടയ്ക്കിടെ റീച്ചാർജിന്റെ പുറകേ നടക്കേണ്ട എന്നുമാത്രമല്ല, സാമ്പത്തികമായും ലാഭം ഉണ്ട്. കൂടാതെ ഇടയ്ക്ക് ഉണ്ടാകുന്ന നിരക്കുവർധനയുടെ ഭാരത്താൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരികയുമില്ല. പുതുവർഷത്തിന് ഇനി രണ്ടുമാസം മാത്രം ബാക്കിനിൽക്കേ വാർഷിക പ്ലാനുകൾ ഇനിയും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








