34 നഗരങ്ങളിൽക്കൂടി ട്രൂ 5ജി സേവനങ്ങൾ ആരംഭിച്ച് റിലയൻസ് ജിയോ; നേട്ടം കേരളത്തിനും!
കേരളത്തിൽ ഒരു നഗരത്തിൽക്കൂടി ജിയോ തങ്ങളുടെ ട്രൂ 5ജി സേവനങ്ങൾ ആരംഭിച്ചു. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 34 നഗരങ്ങളിലാണ് ജിയോ ഇപ്പോൾ ട്രൂ 5ജി സേവനങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ആറ്റിങ്ങലിൽ ആണ് പുതിയതായി ജിയോ 5ജി ലഭ്യമായി തുടങ്ങിയിരിക്കുന്നത്.
ആറ്റിങ്ങൽ 5ജി പ്രദേശത്തിനി കീഴിൽ വരുന്ന ജിയോ വരിക്കാവരിൽ വെൽക്കം ഓഫർ ലഭിക്കുന്നവർക്ക് ജിയോ ട്രൂ 5ജി സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാൻ അവസരം ഉണ്ടാകും. 5ജി വ്യാപനം കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ എന്നതിനാൽ നിലവിൽ ജിയോ 5ജി സേവനങ്ങൾക്ക് പണം ഈടാക്കുന്നില്ല.

നിലവിലുള്ള 4ജി സിം മാറാതെ തന്നെ ഉപയോക്താക്കൾക്ക് ജിയോ ട്രൂ 5ജി സേവനങ്ങൾ ആസ്വദിച്ച് തുടങ്ങാവുന്നതാണ്. കഴിഞ്ഞ ദിവസം ഹോളി ദിനത്തിൽ ജിയോ കേരളത്തിലെ മൂന്ന് നഗരങ്ങളിൽക്കൂടി 5ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ആറ്റിങ്ങൽ ഉൾപ്പെടെ കേരളത്തിലെ 16 നഗരങ്ങളിൽ ജിയോ ട്രൂ 5ജി ലഭ്യമാണ്.
ഇപ്പോൾ ജിയോ 5ജി സേവനങ്ങൾ ആരംഭിച്ച മറ്റ് നഗരങ്ങൾ: അമലപുരം, ധർമ്മവാരം, കാവലി, തണുകു, ടുണി, വിനുകൊണ്ട (ആന്ധ്രപ്രദേശ്), ഭിവാനി, ജിന്ദ്, കൈതാൽ, രേവാരി (ഹരിയാന), ധരംശാല, കാൻഗ്ര (ഹിമാചൽ പ്രദേശ്), ബാരാമുള്ള, കത്വ, കത്ര, സോപോർ (ജമ്മു & കാശ്മീർ), ഹാവേരി, കാർവാർ, റാണെബെന്നൂർ (കർണാടക).
ആറ്റിങ്ങൽ(കേരളം), തുറ (മേഘാലയ), ഭവാനിപട്ടണ, ജതാനി, ഖോർധ, സുന്ദർഗഡ് (ഒഡീഷ), അമ്പൂർ, ചിദംബരം, നാമക്കൽ, പുതുക്കോട്ട, രാമനാഥപുരം , ശിവകാശി, തിരുച്ചെങ്കോട്, വിലുപുരം (തമിഴ്നാട്), സൂര്യപേട്ട് (തെലങ്കാന) എന്നിവയാണ്. ഇതോടെ രാജ്യത്താകെ 365 നഗരങ്ങളിൽ തങ്ങളുടെ ട്രൂ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞതായി ജിയോ അറിയിച്ചു.

കേരളത്തിൽ ജിയോയുടെ ട്രൂ 5ജി ആദ്യം ആരംഭിച്ചത് കൊച്ചിയിലായിരുന്നു. ഇപ്പോൾ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ, ചങ്ങനാശേരി, മൂവാറ്റുപുഴ, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാണ്.
വെൽക്കം ഓഫറിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാനുള്ള യോഗ്യത നേടാം. 239 രൂപയോ അതിൽ കൂടുതലോ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് വെൽക്കം ഓഫറിന് അർഹതയുള്ളത്. അതല്ലെങ്കിൽ, 61 രൂപയുടെ 5ജി ഡാറ്റ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടിവരും. അത് നിങ്ങളെ വെൽക്കം ഓഫറിന് യോഗ്യരാക്കും.

5ജി സേവനങ്ങൾ ആസ്വദിക്കാനുള്ള താൽപര്യം ഉപയോക്താക്കൾക്ക് മൈജിയോ ആപ്പ് വഴി അറിയിക്കാം. മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്ത് ജിയോ നമ്പർ ചേർക്കുക. ലഭിക്കുന്ന ഒടിപി നമ്പർ നൽകുക. തുടർന്ന് ഹോം പേജിൽ 'ജിയോ 5ജി വെൽക്കം ഓഫർ' (Jio 5G Welcome Offer) എന്ന് എഴുതിയിട്ടുണ്ടോ എന്നു പരിശോധിക്കുക.
ജിയോ 5ജി വെൽക്കം ഓഫർ എന്നതിൽ ടച്ച് ചെയ്യുക. ( യോഗ്യതയുള്ള ഉപയോക്താക്കൾക്ക് മാത്രമായിരിക്കും കിട്ടുക ). തുടർന്ന് നിങ്ങളുടെ താൽപര്യം അറിയിക്കാനായി, 'ഐ ആം ഇന്ററസ്റ്റഡ്' എന്ന് എഴുതിയിരിക്കുന്നതിൽ സ്പർശിക്കുക. ഇതോടെ നിങ്ങളുടെ വെൽക്കം ഓഫർ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായി.
ഫോൺ 5ജി പിന്തുണയുള്ളതാണോ എന്ന് അറിയാനുള്ള വഴി: മൊബൈൽ നെറ്റ് വർക്ക്‌സ് ഓപ്പൺ ചെയ്യുക. ജിയോ സിം തിരഞ്ഞെടുത്ത് പ്രിഫേർഡ് നെറ്റ് വർക്ക് ടൈപ്പ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് 5ജി ഓപ്ഷൻ ഉണ്ടെങ്കിൽ തിരഞ്ഞെടുക്കുക. അപ്പോൾ നെറ്റ് വർക്ക് സ്റ്റാറ്റസ് ബാറിൽ 4ജി എൽടിഇയുടെ സ്ഥാനത്ത് 5ജി ചിഹ്നം വരും.


Click it and Unblock the Notifications








