പാവങ്ങൾ കൈവിട്ടു, അംബാനി പെട്ടു! സെപ്റ്റംബറിൽ ജിയോയ്ക്ക് 80 ലക്ഷം വരിക്കാരെ നഷ്ടമായി; നേട്ടം കൊയ്ത് BSNL
ജൂലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിച്ചതു മുതൽ ഇന്ത്യൻ ടെലിക്കോം മേഖലയിൽ ആരംഭിച്ച കൂടുമാറ്റം സെപ്റ്റംബറിലും അവസാനിച്ചില്ല. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) സെപ്റ്റംബറിലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് സെപ്റ്റംബറിൽ 80 ലക്ഷത്തിനടുത്ത് വരിക്കാരെ നഷ്ടമായി. ജിയോയ്ക്ക് മാത്രമല്ല, എയർടെ, വൊഡാഫോൺ ഐഡിയ (വിഐ) എന്നീ മറ്റ് സ്വകാര്യ കമ്പനികൾക്കും തിരിച്ചടി നേരിട്ടിട്ടുണ്ട്. എങ്കിലും ഏറ്റവുമധികം വരിക്കാർ കൊഴിഞ്ഞുപോയത് ജിയോയിൽ നിന്നാണ്. മറുവശത്ത്, സ്വകാര്യ കമ്പനികൾക്ക് വരിക്കാരെ നഷ്ടമാകുകയാണ് ചെയ്തത് എങ്കിൽ ബിഎസ്എൻഎല്ലിന് കൂടുതൽ വരിക്കാരെ സ്വന്തമാകുകയാണ് ചെയ്തിരിക്കുന്നത്.
ജൂലൈയിൽ ടെലിക്കോം നിരക്കുകൾ വർധിപ്പിച്ചതിന്റെ തിരിച്ചടി ഇത് തുടർച്ചയായി മൂന്നാം മാസമാണ് സ്വകാര്യ കമ്പനികൾ നേരിടുന്നത്. നേരത്തെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകൾ പുറത്തുവന്നപ്പോഴും ജിയോ, എയർടെൽ, വിഐ എന്നിവർക്ക് വരിക്കാരെ നഷ്ടമാകുകയും ബിഎസ്എൻഎൽ കൂടുതൽ വരിക്കാരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അതേ ട്രെൻഡ് തുടരുന്നു എന്ന് സെപ്റ്റംബറിലെ ട്രായി കണക്ക് വ്യക്തമാക്കുന്നു.

ട്രായി പുറത്തുവിട്ടിരിക്കുന്ന സെപ്റ്റംബറിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോയ്ക്ക് 7.9 ദശലക്ഷം വയർലെസ് ഉപഭോക്താക്കളെ നഷ്ടപ്പെട്ടു, ജിയോ കഴിഞ്ഞാൽ ഏറ്റവുമധികം വയർലെസ് യൂസേഴ്സിനെ നഷ്ടപ്പെട്ടത് വൊഡാഫോൺ ഐഡിയയ്ക്ക് ആണ്. 1.5 ദശലക്ഷം യൂസേഴ്സിനെ ആണ് വിഐക്ക് നഷ്ടമായത്. മറ്റൊരു സ്വകാര്യ കമ്പനിയായ എയർടെലിന് സെപ്റ്റംബറിൽ 1.4 ദശലക്ഷം വയർലെസ് ഉപയോക്താക്കളെ ആണ് നഷ്ടമായിരിക്കുന്നത്.
ട്രായിയുടെ സെപ്റ്റംബറിലെ റിപ്പോർട്ട് പ്രകാരം, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) മാത്രമാണ് പുതിയതായി സെപ്റ്റംബറിൽ വയർലെസ് ഉപഭോക്താക്കളെ സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബറിൽ ഏകദേശം 849,493 വരിക്കാരെ ബിഎസ്എൻഎൽ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഇത് വൻ നേട്ടമാണ്. കാരണം, തുടർച്ചയായി മൂന്നാം മാസവും പുതിയ വരിക്കാരെ നേടുന്നതിൽ മുന്നിലെത്താൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിരിക്കുന്നു.

ഒട്ടനവധി പ്രതിസന്ധികളും പോരായ്മകളും നിലനിൽക്കെ തന്നെ സ്വകാര്യ കമ്പനികളെ മറികടന്ന് കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് കരുത്തായത് കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ ശക്തമായ നിരയാണ്. സ്വകാര്യ കമ്പനികളുടെ ഉയർന്ന നിരക്കിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ ബിഎസ്എൻഎൽ സിം ഉപയോഗിച്ച് ടെലിക്കോം സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകും.
നിരക്ക് വർധനയിൽ പ്രതിഷേധിച്ചും സാമ്പത്തിക പ്രശ്നങ്ങൾ കണക്കിലെടുത്തും നിരവധി പേർ സ്വകാര്യ കമ്പനികളുടെ സിം ഉപേക്ഷിക്കുകയും ബിഎസ്എൻഎല്ലിലേക്ക് മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഓഗസ്റ്റിൽ ജിയോയുടെ വയർലെസ് യൂസേഴ്സിന്റെ എണ്ണം 471.74 ദശലക്ഷം ആയിരുന്നു. സെപ്റ്റംബർ അവസാനം എത്തിയപ്പോഴേക്ക് ഇത് 463.78 ദശലക്ഷമായി കുറഞ്ഞു.
അതേപോലെ എയർടെലിന്റെ ഓഗസ്റ്റിലെ വരിക്കാരുടെ എണ്ണം 384.91 ദശലക്ഷം ആയിരുന്നു. സെപ്റ്റംബർ അവസാനമായപ്പോഴേക്കും ഇത് 383.48 ദശലക്ഷമായി കുറഞ്ഞു, വിഐക്ക് ഓഗസ്റ്റിൽ 214 ദശലക്ഷം വരിക്കാർ ഉണ്ടായിരുന്നത് പിറ്റേമാസം അവസാനം ആയപ്പോഴേക്കും 212.45 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതേസമയം ബിഎസ്എൻഎൽ നേട്ടമുണ്ടാക്കി, ഓഗസ്റ്റിൽ 91.04 ദശലക്ഷം വരിക്കാരാണ് ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നത്. അത് സെപ്റ്റംബറിൽ 91.89 ദശലക്ഷമായി ഉയർന്നു.

സ്വകാര്യ കമ്പനികളുടെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണത്തിലും കുത്തനെ ഇടിവ് രേഖപ്പെടുത്തിട്ടുണ്ട്. എയർടെല്ലിൻ്റെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം 1.31 ദശലക്ഷത്തിൽ നിന്ന് 380.68 ദശലക്ഷമായി കുറഞ്ഞു, വിഐയുടേത് 3.11 ദശലക്ഷം ഇടിഞ്ഞ് 179.52 ദശലക്ഷമായി. പക്ഷേ ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും ആക്ടീവ് യൂസേഴ്സ് ഇക്കാലയളവിൽ വർധിച്ചിട്ടേയുള്ളൂ. ജിയോയുടെ ആക്ടീവ് യൂസേഴ്സ് 1.73 ദശലക്ഷം വർദ്ധിച്ച് 444.49 ദശലക്ഷമായി. ബിഎസ്എൻഎല്ലിന്റേത് ഓഗസ്റ്റിലെ 53.60 ദശലക്ഷത്തിൽ നിന്ന് 54.77 ദശലക്ഷമായി വർദ്ധിച്ചു.
വരിക്കാരുടെ എണ്ണത്തിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഒന്നാമൻ ഇപ്പോഴും ജിയോ തന്നെയാണ്. സെപ്റ്റംബറിൽ ജിയോ 40.20% (ഓഗസ്റ്റിൽ 40.53%) വിപണിവിഹിതവുമായി ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായി തുടർന്നു, എയർടെൽ 33.24% (ഓഗസ്റ്റിൽ 33.07%), വോഡഫോൺ ഐഡിയ 18.41% (ഓഗസ്റ്റിൽ 18.39%). ബിഎസ്എൻഎൽ 7.98% (ഓഗസ്റ്റിൽ 7.84%) വിപണി വിഹിതം നേടി.
സെപ്റ്റംബറിൽ ഹൈ-സ്പീഡ് 4G/5G വരിക്കാരെ ചേർത്തത് ഭാരതി എയർടെലും ബിഎസ്എൻഎല്ലും മാത്രമാണ് എന്നും ട്രായി ഡാറ്റ പറയുന്നു. എയർടെൽ 0.42 ദശലക്ഷം 4G/5G ഉപയോക്താക്കളെ ചേർത്തു, ബിഎസ്എൻഎൽ 1.5 ദശലക്ഷം ഉപയോക്താക്കളെ ചേർത്തു. 4ജി വ്യാപനം നിലവിലെ കുതിപ്പിൽ മുന്നോട്ട് പോയാൽ സ്വകാര്യ കമ്പനികളെ മറികടന്ന് കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് വരും മാസങ്ങളിലും സാധിക്കും.


Click it and Unblock the Notifications