അടിതെറ്റിച്ചത് ഡാറ്റ വേഗതയോ? ജിയോ ഉടൻ നിരക്ക് കൂട്ടിയേക്കില്ല! കുടുങ്ങിയത് എയർടെലും വിഐയും

ടെലിക്കോം റീച്ചാർജ് നിരക്കുകൾ വർധിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകളും ആലോചനകളും ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. ടെലിക്കോം നിരക്കുകൾ കൂട്ടാനും കൂട്ടാതിരിക്കാനും പറ്റാത്ത വിഷമ വൃത്തത്തിലാണ് രാജ്യത്തെ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും എത്തിപ്പെട്ടിരിക്കുന്നത്. നിരക്ക് വർധന അനിവാര്യമാണ് എന്നാണ് കമ്പനികളുടെ പക്ഷം. എന്നാൽ നിലവില സാഹചര്യങ്ങൾ കമ്പനികളെ അതിന് അനുവദിച്ചിരുന്നില്ല. ഇന്ത്യയിലെ ടെലിക്കോം നിരക്കുകൾ ഇപ്പോൾ തന്നെ ഉയരത്തിലാണെന്നും അതിനാൽ ഉപയോക്താക്കളെ ഒറ്റയടിക്ക് നിരക്ക് വർധന ഏർപ്പെടുത്തി ഉപയോക്താക്കളെ ഭയപ്പെടുത്തുന്നത് നല്ല റിസൾട്ട് ആയിരിക്കില്ല നൽകുകയെന്നും കമ്പനികൾ വിലയിരുത്തിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ നിരക്ക് വർധന ഏത് രീതിയിൽ അവതരിപ്പിക്കണം എന്ന തരത്തിലുള്ള ആലോചനകൾ ശക്തമായി നടക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ എയർടെലും വിഐയും ഇപ്പോൾ മറ്റൊരു പ്രതിസന്ധികൂടി നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നതാണ് റീച്ചാർജ് നിരക്ക് വർധന സംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. എയർടെലിന്റെയും വിഐയുടെയും ഇപ്പോഴത്തെ വിഷമത്തിന് കാരണക്കാരനായത് ആകട്ടെ ജിയോയും.

വരിക്കാരുടെ എണ്ണം വഴിത്തിരിവായി
കഴിഞ്ഞ കുറച്ച് നാളുകളായി ജിയോയുടെ വരിക്കാരുടെ എണ്ണം വിചാരിച്ച രീതിയിൽ ഉയർന്നിരുന്നില്ല. എന്നാൽ എയർടെൽ ആകട്ടെ ജിയോയെക്കാൾ വരിക്കാരെ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ജിയോയുടെ അടിത്തറ ഇപ്പോഴും ഭദ്രമാണെങ്കിലും വരിക്കാരുടെ ഇടയിൽ ഒരു ചെറിയ ചാഞ്ചാട്ട മനോഭാവം നിലനിൽക്കുന്നുണ്ട്. 5ജി അവതരിപ്പിച്ചപ്പോൾ കൂടുതൽ പേർ വരിക്കാരാകും എന്നാണ് ജിയോ കണക്ക് കൂട്ടിയത്. എന്നാൽ പ്രതീക്ഷിച്ചതിന് വിപരീതമാണ് സംഭവിച്ചത്. 5ജി വ്യാപനത്തിൽ ജിയോ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കെ 4ജി വേഗത സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ ജിയോയ്ക്ക് സമയം കണ്ടെത്താൻ കഴിയാഞ്ഞതിനാലാകാം വരിക്കാരുടെ എണ്ണത്തിൽ ഇരുപത് ലക്ഷത്തോളം പേരുടെ കുറവാണ് ജിയോയ്ക്ക് 2022 നവംബറിലും ഡിസംബറിലും ഉണ്ടായത്.
വരുമാനം കുറഞ്ഞാലും തൽക്കാലം സഹിക്കും!
2022 ഡിസംബറിൽ, എയർടെൽ 6 ദശലക്ഷം സജീവ ഉപയോക്താക്കളെ ചേർത്തപ്പോൾ, ജിയോയ്ക്ക് ചേർക്കാനായത് 3 ദശലക്ഷം സജീവ ഉപയോക്താക്കളെ മാത്രമാണ്. ഇത് ടെലിക്കോം വിപണിയിൽ ജിയോയ്ക്ക് വൻ തിരിച്ചടിയാണ് നൽകിയത്. ഈ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഒരു നിരക്ക് വർധനയ്ക്ക് ജിയോ തയാറായേക്കില്ല എന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ നിരക്ക് ഉയർത്തിയാൽ നഷ്ടപ്പെട്ട സ്വാധീനവും വിശ്വാസവും തിരിച്ചുപിടിക്കുന്നതിൽ ജിയോയ്ക്ക് കൂടുതൽ പണിപ്പെടേണ്ടിവരും. അതിനാൽ തൽക്കാലം നിരക്ക് വർധന വേണ്ടെന്നും ഡാറ്റ വേഗത ഉൾപ്പെടെ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനും ജിയോ തയാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. നിരക്കുകൂട്ടാത്തതുമൂലം വരുമാനത്തിൽ ഉണ്ടാകുന്ന ഇടിവ് ഇവിടെ ജിയോ കണക്കിലെടുക്കുന്നില്ല.

പഴയ തന്ത്രം പൊടിതട്ടിയെടുക്കുന്നു!
മറ്റുള്ളവർ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ നൽകിയാണ് കുറഞ്ഞ നാളുകൾക്കുള്ളിൽത്തന്നെ ഇന്ത്യൻ ടെലിക്കോം രംഗത്തെ ഒന്നാം നമ്പർ കമ്പനി എന്ന നിലയിലേക്ക് ജിയോ മുന്നേറിയത്. പഴയ അതേ തന്ത്രങ്ങൾ ഒരിക്കൽക്കൂടി പൊടിതട്ടിയെടുത്ത് ഒരു കുതിപ്പിനാണ് ജിയോ ഇപ്പോൾ നീക്കം നടത്തുന്നത് എന്നാണ് വിലയിരുത്തൽ. എന്നാൽ ജിയോയുടെ ഈ നീക്കങ്ങൾ തിരിച്ചടി ആയിരിക്കുന്നത് എയർടെലിനും വിഐക്കുമാണ്. എങ്ങനെ നിരക്ക് വർധിപ്പിക്കാം എന്ന് ആലോചിച്ചുകൊണ്ടിരുന്ന കമ്പനികളുടെ എല്ലാ പ്ലാനുകളും ജിയോയുടെ ഈ നീക്കത്തോടെ പൊളിഞ്ഞിരിക്കുകയാണ് എന്നാണ് സൂചന.
നിരക്ക് ഇപ്പോൾ തന്നെ ആകാശത്താണ്!
ഇന്ത്യൻ ടെലിക്കോം വിപണിയിലെ നിരക്കുകൾ ഇപ്പോൾ തന്നെ ഉയരത്തിലാണ് എന്നാണ് പൊതു വിലയിരുത്തൽ. അങ്ങനെയിരിക്കെ തങ്ങൾ നിരക്കുയർത്തിയാൽ വരിക്കാർ നിരക്ക് കുറഞ്ഞ ജിയോയെ തേടിപ്പോകും എന്നതാണ് ഈ കമ്പനികളെ വിഷമത്തിലാക്കിയിരിക്കുന്നത്. ഇതോടെ ജിയോയുടെ പാത പിന്തുടർന്ന് തൽക്കാലം നിരക്കു വർധന നടപ്പാക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്താൻ ഇരു കമ്പനികളും നിർബന്ധിതരായിരിക്കുകയാണ്. കൂടുതൽ ഉപയോക്താക്കളെ ചേർക്കുന്നതിന് താരിഫ് വർധന തടസമാകും. ഇത് വരിക്കാരുടെ അടിത്തറയെ പ്രതികൂലമായി ബാധിക്കും, അതുകൊണ്ടാണ് പ്രീപെയ്ഡ് താരിഫുകളുടെ വർധനവ് ജിയോ വൈകിപ്പിക്കുന്നതെന്നും ജിയോ നിരക്ക് കൂട്ടുന്നില്ല എങ്കിൽ അതിന് ഒപ്പം നിൽക്കാതെ എയർടെലിനും വിഐക്കും മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ല എന്നും ടെലിക്കോം ടോക്ക് പറയുന്നു.


Click it and Unblock the Notifications








