എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തിൽ അംബാനി നല്ലവനാണ്! ചീപ് റേറ്റിൽ 5G കിട്ടുന്ന ഒരേയൊരു ജിയോ പ്ലാൻ
ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളോട് ഇപ്പോഴും ആളുകൾക്കിടയിൽ അൽപ്പം ദേഷ്യമൊക്കെയുണ്ട്. അതിന് കാരണം ജൂലൈയിൽ നടപ്പാക്കിയ നിരക്ക് വർധനയാണ്. അതിൽ കൂടുതൽ പേർക്കും ദേഷ്യം മുകേഷ് അംബാനിയോടാണ്. നിരക്ക് കൂട്ടാൻ സ്വകാര്യ കമ്പനികളെല്ലാം തീരുമാനിച്ചിരുന്നു എങ്കിലും ആദ്യം നിരക്ക് വർധന പ്രഖ്യാപിച്ചത് അംബാനിയുടെ റിലയൻസ് ജിയോ (Reliance Jio) ആയിരുന്നു. തുടർന്ന് മറ്റുള്ളവരും പ്രഖ്യാപിച്ചു. എങ്കിലും ജിയോ നിരക്ക് കൂട്ടി, അതോടെ മറ്റുള്ളവരും നിരക്ക് കൂട്ടി എന്ന് വിശ്വസിക്കുന്ന ചെറിയൊരു വിഭാഗം ആളുകളുണ്ട്. കൂടാതെ ആ സമയത്തായിരുന്നു അംബാനിയുടെ മകന്റെ വിവാഹം ആർഭാടമായി നടന്നത്.
മകന്റെ വിവാഹത്തിന്റെ ചെലവിനായിട്ടാണ് അംബാനി ജിയോ പ്ലാനുകളുടെ നിരക്ക് കൂട്ടിയത് എന്ന് ട്രോളുകൾ പ്രചരിച്ചു. അതും ചിലർ സത്യമാണെന്ന് തെറ്റിദ്ധരിക്കുന്നുണ്ട്. മറ്റുളളവരും നിരക്ക് കൂട്ടിയെങ്കിലും പഴികേട്ടതുമുഴുവൻ ജിയോ ആയിരുന്നു. അതിന് കാരണം ജിയോയുടെ വരിക്കാരുടെ വ്യാപ്തി തന്നെയായിരിക്കാം. കാരണം ഇന്ത്യയിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്നത് ജിയോ സിം ആണ്.

സ്വാഭാവികമായും ജിയോ നിരക്കുകൾ വർധിപ്പിക്കുമ്പോൾ അത് കൂടുതൽ പേരെ ബാധിക്കും. അതിന്റെ ഭാഗമായിക്കൂടിയാണ് ഈ വിമർശനങ്ങൾ ഉയർന്നത്. എന്നാൽ നിരക്ക് ഉയർത്തി എന്ന് പറയുമ്പോഴും മറ്റ് സ്വകാര്യ കമ്പനികളെക്കാൾ ന്യായ വിലയിലാണ് ജിയോയുടെ ടെലിക്കോം പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത്. പ്രത്യേകിച്ചും 5ജി ഡാറ്റയുടെ കാര്യത്തിൽ.
നിരക്ക് കൂട്ടിയതിന്റെയും ചെലവിന്റെയുമൊക്കെ കാര്യത്തിൽ എന്തൊക്കെ കുറ്റം പറഞ്ഞാലും നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നത് ജിയോയാണ്. നിരക്കുകൾ വർധിപ്പിച്ചതിനൊപ്പം ജിയോ തങ്ങളുടെ സൗജന്യ 5G ഓഫറും പരിഷ്‌ക്കരിച്ചിരുന്നു. മുൻപ് 239 രൂപയോ അതിൽ കൂടുതലോ വിലയുള്ള എല്ലാ പ്ലാനുകളിലും ജിയോ അൺലിമിറ്റഡ് 5G നൽകിയിരുന്നു.

എന്നാൽ നിരക്ക് വർധനയ്ക്കൊപ്പം 5ജി ഡാറ്റ നയവും ജിയോ പരിഷ്കരിച്ചു. 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ മാത്രമേ ഇപ്പോൾ ജിയോ അൺലിമിറ്റഡ് 5ജി സൗജന്യമായി നൽകുന്നുള്ളൂ. ഡാറ്റയുടെ അളവ് കൂടുന്നതിന് അനുസരിച്ച് പ്ലാനിന്റെ നിരക്ക് ഉയരും. അതിനാൽ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്ക് വലിയ ചിലവ് വരും.
അതിനാൽ, കുറഞ്ഞ തുകയ്ക്ക് വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കാൻ ജിയോ ഒരു തന്ത്രം ഇറക്കി, അതാണ് 198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. ഇത് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സൗജന്യ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.
198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ്, എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാണ്.

ഇനി എങ്ങനെയാണ് ഈ പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നത് എന്ന് നോക്കാം. വെറും 14 ദിവസം മാത്രമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. വാലിഡിറ്റി കുറച്ച് അവതരിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് 198 രൂപയുടെ പ്ലാൻ ചെലവ് കുറഞ്ഞ പ്ലാനായി തോന്നുക. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന 28 ദിവസത്തെ പ്ലാനിനെ അപേക്ഷിച്ച് നോക്കിയാൽ യഥാർഥത്തിൽ 198 രൂപ പ്ലാനിൽ ചെലവ് കൂടുതലാണ്.
എങ്കിലും സാമ്പത്തിക ഞെരുക്കമുള്ള അത്യാവശ്യക്കാർക്ക് അൺലിമിറ്റഡ് 5ജി 200 രൂപയിൽ താഴെ ചെലവിൽ ലഭ്യമാക്കാൻ ജിയോയുടെ 198 രൂപ പ്ലാൻ സഹായിക്കും. താൽപര്യമുള്ളവർ മാത്രം ഈ പ്ലാൻ ഉപയോഗിച്ചാൽ മതി, കൂടുതൽ പണം മുടക്കാൻ തയാറുള്ളവർക്കായി അൺലിമിറ്റഡ് 5ജി ഡാറ്റ ഇതിലും കുറഞ്ഞ പ്രതിദിന ചെലവിൽ ലഭ്യമാക്കുന്ന പ്ലാനുകൾ ജിയോ വേറെ നൽകുന്നുണ്ട്.


Click it and Unblock the Notifications








