കാലം വരുത്തിയ മാറ്റങ്ങൾ; ദിവസം 2.5ജിബി ഡാറ്റ ലഭിക്കുന്ന ഇപ്പോഴത്തെ ജിയോ പ്ലാനുകൾ ഇതാ
തെരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ ഉണ്ടാകുക എന്നത് ഉപയോക്താവിനെ സംബന്ധിച്ച് ഏറെ ഗുണമുള്ള കാര്യമാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി റീച്ചാർജ് പ്ലാനുകളുടെ വലിയൊരു നിരതന്നെ ഒരുക്കിയിരിക്കുന്നു. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഈ ജിയോ പ്ലാനുകളെത്തുന്നത്.
കഴിഞ്ഞ വർഷം ലഭ്യമായ എല്ലാ പ്ലാനുകളും ഈ വർഷവും ജിയോ അതേപടി നൽകണം എന്നില്ല. ചില പ്ലാനുകൾ നിർത്തലാക്കും. പകരം പുതിയ പ്ലാൻ അവതരിപ്പിക്കും. അതല്ലെങ്കിൽ നിലവിലുള്ള പ്ലാൻ പരിഷ്കരിച്ച് പുനരവതരിപ്പിക്കും. എന്തായാലും ഈ പ്ലാനുകളെല്ലാം ഏതെങ്കിലുമൊക്കെ വിഭാഗം ഉപയോക്താക്കളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നവയാണ് എന്നതിൽ തർക്കമില്ല.

ഉപയോക്താവിന് തന്റെ ഉപയോഗം അനുസരിച്ചും റീച്ചാർജിനായി ചെലവഴിക്കാൻ കഴിയുന്ന തുകയ്ക്ക് അനുസരിച്ചും ജിയോയുടെ റീച്ചാർജ് പ്ലാൻ പട്ടികയിൽ നിന്ന് ഉചിതമായത് തെരഞ്ഞെടുക്കാം. 1ജിബി മുതൽ 3ജിബി വരെ പ്രതിദിന ഡാറ്റ നൽകുന്ന നിരവധി പ്ലാനുകൾ ജിയോയ്ക്കുണ്ട്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കുന്നവർക്ക് ഡാറ്റയുടെ അളവിനെപ്പറ്റി ആലോചിക്കേണ്ടിവരുന്നില്ല എന്നത് വേറെകാര്യം.
5ജി ലഭ്യമാകാത്തവരും 4ജി ഫോൺ ഉപയോഗിക്കുന്നവരുമായ ധാരാളം ജിയോ വരിക്കാരുണ്ട്. അത്തരം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം റീച്ചാർജ് ചെയ്യുമ്പോൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട അളവിലുള്ള പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇവിടെ 2.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

മുൻപ് 2.5ജിബി ഡാറ്റ ലഭ്യമാകുന്ന രണ്ട് പ്ലാനുകളാണ് ജിയോയുടെ പക്കൽ ഉണ്ടായിരുന്നത്. എന്നാലിപ്പോൾ 3662 രൂപ, 2999 രൂപ, 349 രൂപ എന്നിങ്ങനെ മൂന്ന് നിരക്കുകളിലുള്ള പ്ലാനുകൾ 2.5ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന പ്ലാനും ഉൾപ്പെടുന്നു.
349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: പ്രതിദിനം 2.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് സൗകര്യം, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭ്യമാകും. ആകെ 75 ജിബി ഡാറ്റയാണ് 349 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് ഒരു മാസം കിട്ടുന്നത്. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: ജിയോയുടെ വാർഷിക പ്ലാനുകളിൽ ഒന്നുകൂടിയാണിത്. ആകെ 365 ദിവസ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 2.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

മിക്ക ജിയോ പ്ലാനുകളിലും ലഭ്യമാകുന്ന ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ തുടങ്ങിയ ആനുകൂല്യങ്ങൾ മാത്രമേ ഈ പ്ലാനിൽ അധികമായി ലഭിക്കുന്നുള്ളൂ. ഒടിടി ആനുകൂല്യങ്ങൾ ഒന്നും ഈ വാർഷിക പ്ലാനിൽ ഉൾപ്പെടുന്നില്ല. അതേസമയം ഡാറ്റ, കോളിങ്, എസ്എംഎസ് എന്നിവയുമായി ഒരു വർഷത്തെ ടെലിക്കോം ആവശ്യങ്ങൾ സമ്പന്നമായി നിറവേറ്റാൻ ഈ പ്ലാൻ ഏറ്റവും ബെസ്റ്റ് ആണ്.
3662 രൂപയുടെ ജിയോ പ്ലാൻ: ജിയോ വരിക്കാർക്ക് അധികം പരിചയമില്ലാത്ത ഒരു പ്ലാൻ ആണിത്. മുൻപ് 2.5ജിബി ഡാറ്റ പ്ലാനുകളുടെ പട്ടികയിൽ ഈ പ്ലാൻ ഉണ്ടായിരുന്നില്ല. 365 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ജിയോ പ്ലാനും എത്തുന്നത്. എന്നാൽ 2999 രൂപയുടെ പ്ലാനിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ചില ഒടിടി ആനുകൂല്യങ്ങൾ ലഭ്യമാണ്.
ദിവസം 2.5ജിബി ഡാറ്റയ്ക്ക് പുറമേ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. സോണിലിവ്, സീ5, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയൊക്കെയാണ് ഈ ജിയോ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ.


Click it and Unblock the Notifications