പഴയ വീഞ്ഞ് ഇനി പുതിയ കുപ്പിയിൽ; ജിയോ ബ്രോഡ്ബാൻഡ് ഇനി ഇല്ല, പകരം ജിയോ ഹോം
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒരാളായ റിലയൻസ് ജിയോ തങ്ങളുടെ ബ്രോഡ്ബാൻഡ് വിഭാഗം റീബ്രാൻഡ് ചെയ്തിരിക്കുന്നു. ഇനി ജിയോഹോം ( JioHome) എന്ന പേരിന് കീഴിലായിരിക്കും ജിയോയുടെ ഇന്റർനെറ്റ് സേവനങ്ങളെല്ലാം ലഭിക്കുക. അതായത് ഈ റീബ്രാൻഡിലൂടെ ജിയോ പുതിയ സേവനങ്ങൾ ആരംഭിക്കുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് തങ്ങളുടെ ബിസിനസ്സിലെ ബ്രോഡ്‌ബാൻഡ് എന്ന പദം ജിയോഹോം എന്ന് മാറ്റിയിരിക്കുന്നു എന്നുമാത്രം. പുതിയ മുന്നേറ്റത്തിനായുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. റീബ്രാൻഡിങ്ങിന് പിന്നാലെ രാജ്യത്തെ ഉയർന്ന വരുമാനമുള്ള കുടുംബങ്ങളെ ജിയോഹോമിന് കീഴിൽ കൊണ്ടുവരാൻ കമ്പനി ആഗ്രഹിക്കുന്നു.
ജിയോഹോം എന്ന പേരിന് കീഴിൽ ജിയോയ്ക്ക് രണ്ട് വിഭാഗം സേവനങ്ങളുണ്ടാകും. ജിയോ ഫൈബർ, ജിയോ എയർഫൈബർ എന്നിവയാണ് അവ. നിലവിൽ തുടരുന്ന ഈ വിഭാഗങ്ങളിലെ കണക്ഷനുകൾക്ക് യാതൊരു മാറ്റവുമില്ലാതെ തുടരും. ജിയോ ഇന്റർനെറ്റ് കണക്ഷന് താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് കമ്പനിയുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് സന്ദർശിച്ച് ലോഗിൻ ചെയ്ത് കണക്ഷനായി അഭ്യർത്ഥിക്കാം.

ജിയോ തങ്ങളുടെ പുതിയ ഉപഭോക്താക്കൾക്ക് ആദ്യത്തെ അമ്പത് ദിവസത്തേക്ക് ഇപ്പോഴും സൗജന്യ ജിയോഹോം സേവനം വാഗ്ദാനം ചെയ്യുന്നു. ജിയോഹോം പ്ലാനുകളിൽ പലതും സൗജന്യ ജിയോ സെറ്റ്-ടോപ്പ് ബോക്സ് (എസ്ടിബി) വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ എസ്ടിബി വഴി, ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ഒടിടി (ഓവർ-ദി-ടോപ്പ്) കണ്ടന്റുകൾ ആസ്വദിക്കാൻ കഴിയും.
കൂടാതെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ചില ജിയോഹോം പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോഹോം സേവനങ്ങൾ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കുള്ളതാണ്, അതേസമയം വ്യത്യസ്ത ആവശ്യങ്ങളുള്ള ബിസിനസുകൾക്ക്, ജിയോ എന്റർപ്രൈസ് പ്ലാനുകളും ലഭ്യമാണ്. ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഫൈബർ കണക്ഷൻ എത്താത്ത ഇടങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ജിയോയുടെ എയർഫൈബർ സേവനത്തിന് കഴിയും.

ഇന്ത്യയിൽ ഏതാണ്ട് എല്ലായിടത്തും 5G സാന്നിധ്യം എത്തിക്കഴിഞ്ഞു. അതിനാൽത്തന്നെ എയർഫൈബർ സേവനം ഉപയോഗിച്ചുകൊണ്ട്, ഫൈബർ വിന്യസിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ പോലും ജിയോയ്ക്ക് അതിവേഗ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിയുന്നു. 5G SA (സ്റ്റാൻഡലോൺ ആർക്കിടെക്ചർ) നെറ്റ്‌വർക്ക് വഴിയാണ് ജിയോ എയർഫൈബർ കണക്ഷനുകൾ പ്രവർത്തിക്കുന്നത്.
ജിയോയുടെ എയർഫൈബർ കണക്ഷന്റെ ഇൻസ്റ്റാളേഷൻ ചാർജ് 1000 രൂപയാണ്. എന്നാൽ ഒരു വർഷത്തേക്കുള്ള പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ജിയോ സൗജന്യമായി എയർഫൈബർ കണക്ഷൻ ഇൻസ്റ്റാൾ ചെയ്ത് നൽകും. ജിയോ എയർഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് 30 Mbps മുതൽ 1Gbps വരെയുള്ള വേഗതയിൽ ജിയോ എയർഫൈബർ പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനുകളെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
ജിയോ എയർഫൈബറിന്റെ 30Mbps മുതൽ 100 Mbps വരെയുള്ള പ്ലാനുകൾ എയർഫൈബർ പ്ലാനെന്നും 300 Mbps മുതൽ 1 Gbps വരെ വേഗതയുള്ള പ്രീമിയം പ്ലാനുകൾ എയർഫൈബർ മാക്സ് പ്ലാനുകൾ എന്നും അറിയപ്പെടുന്നു. 599 രൂപ മുതലാണ് ജിയോ എയർഫൈബർ പ്ലാനുകൾ ആരംഭിക്കുന്നത്.

ജിയോ ഫൈബർ, ജിയോ എയർഫൈബർ എന്നിവയുടെ കണക്ഷനുകൾ മികച്ചതാണ്. എങ്കിലും ഫൈബർ കണക്ഷൻ ഉണ്ടെങ്കിൽ സ്ഥിരമായി പ്ലാൻ വേഗതയിൽ തന്നെ ഡാറ്റ കിട്ടും എന്ന് ഉറപ്പിക്കാം. എന്നാൽ എയർഫൈബർ കണക്ഷൻ ആണെങ്കിൽ സിഗ്നലിനെ അടിസ്ഥാനമാക്കി വേഗതയിൽ മാറ്റങ്ങൾ വരാം. ജിയോ ഇപ്പോൾ കേരളത്തിന്റെ ഒട്ടനവധി പ്രദേശങ്ങളിൽ എയർഫൈബർ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിനാൽ മികച്ച കവറേജ് ഏതാണ്ട് എല്ലായിടങ്ങളിലും ലഭ്യമാണ്.


Click it and Unblock the Notifications








