ചിന്തിക്കുന്നവർക്ക് കാര്യം പിടികിട്ടും! റീച്ചാർജ് ചെയ്യുന്ന ജിയോ വരിക്കാർ കാശ് ലാഭിക്കാൻ ഇത് ശ്രദ്ധിക്കൂ
ഇന്ത്യയിൽ ജൂലൈ മുതൽ മൊബൈൽ റീച്ചാർജ് നിരക്കുകൾ കൂടി എന്നത് വസ്തുതയാണ്. കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭിക്കണമെങ്കിൽ ബിഎസ്എൻഎൽ സിം കാർഡുകൾ തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് പോം വഴി. പക്ഷേ റിലയൻസ് ജിയോ (Reliance Jio) വരിക്കാരെ സംബന്ധിച്ച് പറയുകയാണെങ്കിൽ അൽപ്പം ശ്രദ്ധിച്ചാൽ അനാവശ്യമായി റീച്ചാർജിന് പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ സാധിക്കും. അതായത് റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കും മുമ്പ് അവയുടെ പ്രതിദിന ചെലവ് അടക്കം വിലയിരുത്തി വേണം പ്ലാൻ തെരഞ്ഞെടുക്കാൻ. പ്ലാനിങ്ങോടെയുള്ള റീച്ചാർജ് പ്ലാനുകളുടെ തെരഞ്ഞെടുപ്പിലൂടെ അനാവശ്യമായി പണം ചെലവാകുന്നത് ഒഴിവാക്കാൻ സാധിക്കും.
ഇതിന് മുൻപ് തന്നെ നാം വിവിധ റീച്ചാർജ് പ്ലാനുകൾ പരിചയപ്പെട്ടപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇവിടെയും കുറച്ചുകൂടി വിശദമായി പറയുന്നത്. അതായത്, പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്നതിന് പകരം ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഒന്നിച്ച് അൽപ്പം ഉയർന്ന തുക നൽകേണ്ടിവരും എന്നത് ശരിയാണെങ്കിലും ഒരു മാസത്തെ റീച്ചാർജിന് പകരം കുറഞ്ഞത് രണ്ട് മാസത്തെ വാലിഡിറ്റിയിലെത്തുന്ന പ്ലാനെങ്കിലും തെരഞ്ഞെടുത്താൽ ഏറ്റവും കുറഞ്ഞത് 69 രൂപയെങ്കിലും ലാഭിക്കാം.

സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഡാറ്റ ഒഴിവാക്കാനാകാത്ത ഘടകമാണ്. അത്യാവശ്യം ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ കുറഞ്ഞത് 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അതുകൊണ്ട് മറ്റൊരു മെച്ചം കൂടിയുണ്ട്, എന്തെന്നാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ 2ജിബി പ്ലാനുകൾക്കൊപ്പം ലഭ്യമാണ്. അതിനാൽ നമ്മുടെ പ്രദേശത്ത് ജിയോ 5ജിയുണ്ടെങ്കിൽ 5ജി സ്മാർട്ട്ഫോണുള്ള ജിയോ ഉപയോക്താക്കൾക്ക് പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാനാകും.
ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ 2ജിബി പ്രതിദിന പ്ലാനിന്റെ വില 198 രൂപയാണ്, എന്നാൽ വെറും 14 ദിവസം മാത്രമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഒരു മാസത്തെ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാൻ പരിഗണിച്ചാൽ 349 രൂപ നിരക്കിൽ ഒരു പ്ലാൻ കാണാൻ സാധിക്കും, 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
ജിയോയുടെ 629 രൂപ, 719 രൂപ, 749 രൂപ, 859 രൂപ, 899 രൂപ, 999 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകൾ വിവിധ വാലിഡിറ്റികളിൽ 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനുകൾ കൂടാതെ 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ വേറെയും ഉണ്ടെങ്കിലും അവ അധിക ആനുകൂല്യങ്ങൾ ഉൾപ്പെട്ടതിനാൽ കൂടിയ നിരക്കിൽ ലഭ്യമാകുന്നവയാണ്.
ഉദാഹരണത്തിന് 448 രൂപയുടെ ജിയോ പ്ലാൻ 2ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്നു, 349 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന അതേ വാലിഡിറ്റിയിൽ അതേ ആനുകൂല്യങ്ങൾ ഈ 448 രൂപ പ്ലാനും വാഗ്ദാനം ചെയ്യുന്നു. എന്നാൽ 448 രൂപ പ്ലാനിന്റെ നിരക്ക് വർധിപ്പിക്കുന്ന ഘടകം അതിലെ ഒടിടി ആനുകൂല്യങ്ങളാണ്. 12ൽ അധികം ഒടിടി ആപ്പുകൾ ഈ പ്ലാനിൽ ലഭ്യമാകുന്നുണ്ട്.
അതിനാൽ അധിക ആനുകൂല്യങ്ങൾ ലഭിക്കുന്ന 2ജിബി പ്ലാനുകൾ മാറ്റി നിർത്തി മുൻപ് പറഞ്ഞ പ്ലാനുകൾ പരിശോധിച്ചാൽ, 629 രൂപയുടെ പ്ലാൻ 56 ദിവസവും 719 രൂപയുടെ പ്ലാൻ 70 ദിവസവും 749 രൂപയുടെ പ്ലാൻ 72 ദിവസവും 859 രൂപയുടെ പ്ലാൻ 84 ദിവസവും 899 രൂപയുടെ പ്ലാൻ 90 ദിവസവും 999 രൂപയുടെ പ്ലാൻ 98 ദിവസവും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

ഒരു മാസത്തേക്ക് 349 രൂപയുടെ പ്ലാനാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ ജിയോ ഉപയോക്താവിന് ഒരു ദിവസം ചെലവാകുന്നത് 12രൂപ 46 പൈസയാണ്. അതല്ല, 629 രൂപയുടെ പ്ലാനാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ പ്രതിദിന ചെലവ് 11 രൂപ 23 പൈസയായി കുറയും. അതിലും നിരക്ക് കൂടിയ 719 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ പ്രതിദിന ചെലവ് 10 രൂപ 27 പൈസയായി കുറയും.
ഇനി പ്രതിമാസ ചെലവിന്റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടി നോക്കിയാലും ലാഭം വ്യക്തമാണ്. ഉദാഹരണത്തിന് 349 രൂപ പ്ലാൻ സ്ഥിരം ചെയ്യുന്നതിന് പകരം തൊട്ടടുത്ത ഓപ്ഷനായ 629 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ 349 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന അതേ ആനുകൂല്യം 69 രൂപ ലാഭത്തിൽ സ്വന്തമാക്കാൻ സാധിക്കും.

349 രൂപയുടെ പ്രതിമാസ പ്ലാൻ മൂന്ന് തവണ ചെയ്താൽ നമ്മുടെ കൈയിൽ നിന്ന് 1047 രൂപ ചെലവാകും. എന്നാൽ മൂന്ന് മാസത്തേക്കുള്ള പ്ലാൻ ഒന്നിച്ച് തെരഞ്ഞെടുത്താൽ അതിനെക്കാൾ കുറഞ്ഞ തുക മാത്രമേ ചെലവാകൂ. 899 രൂപയുടെ പ്ലാൻ 90 ദിവസ വാലിഡിറ്റിയിലെത്തുന്നുണ്ട്, വേണമെങ്കിൽ 84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 859 രൂപയുടെ പ്ലാനുമുണ്ട്.
അതിനാൽ റീച്ചാർജ് ചെയ്യാൻ സമയമാകുമ്പോൾ പണം കൈയിലില്ലെങ്കിൽ കടം വാങ്ങിയായാലും വാലിഡിറ്റി കൂടിയ റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അത് റീച്ചാർജിന്റെ പേരിൽ കീശ വലിയ തോതിൽ ചോരുന്നത് ഒഴിവാക്കുകയും മികച്ച വിലയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ജിയോ ഉപയോക്താക്കളെ സഹായിക്കുകയും ചെയ്യും.


Click it and Unblock the Notifications








