ഇത് പിടിച്ചു വാങ്ങിയ അവകാശമാണ്, വിട്ടുകളയരുത്! 30 ദിവസ വാലിഡിറ്റിയിൽ ജിയോ പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ, പ്രധാനമായും ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവ ഉൾപ്പെടുന്ന സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജിന്റെ കാര്യത്തിൽ ചില കുതന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട്. ഒരു മാസത്തെ വാലിഡിറ്റി തികച്ച് നൽകാതെ ഒരു മാസത്തേക്കുള്ള പ്ലാൻ എന്ന് പറഞ്ഞ് 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകളാണ് ടെലിക്കോം കമ്പനികൾ മുൻപ് നൽകിവന്നത്. ഇതിന്റെ ഗുണം എന്താണ് എന്ന് ചോദിച്ചാൽ ആളുകൾ കൂടുതൽ തവണ റീച്ചാർജ് ചെയ്യേണ്ടിവരുന്നു എന്നതാണ്. അതായത് ഒരു മാസത്തെ വാലിഡിറ്റിയിൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമായാൽ ആളുകൾക്ക് വർഷത്തിൽ 12 തവണ റീച്ചാർജ് ചെയ്താൽ മതി.
എന്നാൽ 28 ദിവസം വച്ചാണ് വാലിഡിറ്റിയെങ്കിൽ ആളുകൾ ഒരു വർഷത്തിൽ കുറഞ്ഞത് 13 പ്രതിമാസ റീച്ചാർജുകളെങ്കിലും നടത്തേണ്ടിവരും. അതായത് ടെലിക്കോം കമ്പനികൾക്ക് കൂടുതൽ കച്ചവടം നടക്കും. ഈ കുബുദ്ധിയെ പൂർണമായി പൊളിച്ചടുക്കാൻ ഇന്ത്യയിലെ ടെലിക്കോം വരിക്കാർക്കോ ട്രായി എന്ന ടെലിക്കോം റെഗുലേറ്ററി അതോറിറ്റിക്കോ കഴിഞ്ഞിട്ടില്ല.

എങ്കിലും ഒരു മാസം തികച്ച് വാലിഡിറ്റി ലഭിക്കുന്ന പ്രതിമാസ പ്ലാനുകൾ വേണം എന്ന ആളുകളുടെ പരാതികൾ ശക്തമായപ്പോൾ ഒരു കാര്യം മാത്രം ട്രായി ചെയ്തു. 30 ദിവസ വാലിഡിറ്റിയിലുള്ള ഒരു റീച്ചാർജ് പ്ലാനെങ്കിലും എല്ലാ ടെലിക്കോം കമ്പനികളും ഉപയോക്താക്കൾക്ക് ലഭ്യമാക്കണം എന്ന് ട്രായി ഉത്തരവിട്ടു.
അങ്ങനെയാണ് ഇന്ന് എല്ലാ ടെലിക്കോം കമ്പനികളും 30 ദിവസ വാലിഡിറ്റിയിൽ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിയിരിക്കുന്നത്. എങ്കിലും 28 ദിവസ പ്ലാനുകളുടെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ ബുദ്ധി പ്രയോഗിച്ചുകൊണ്ടുതന്നെയാണ് കമ്പനികൾ 30 ദിവസ പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. താൽപര്യമുള്ള ആളുകൾക്ക് ഇതിൽ ഇഷ്ടമുള്ള വാലിഡിറ്റയുടെ പ്ലാനുകൾ തെരഞ്ഞെടുക്കാം.

ട്രായി ഉത്തരവ് പ്രകാരം 30 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിച്ചു എങ്കിലും സ്വകാര്യ കമ്പനികളുടെ ബഹുഭൂരിപക്ഷം പ്രതിമാസ പ്ലാനുകളും ഇപ്പോഴും 28 ദിവസ വാലിഡിറ്റിയിൽ തന്നെയാണ് എത്തുന്നത് എന്നത് വേറെ കാര്യം. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയും തങ്ങളുടെ വരിക്കാർക്കായി കലണ്ടർ മന്ത് വാലിഡിറ്റിയിൽ റീച്ചാർജ് ഓപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.
319 രൂപ നിരക്കിലാണ് ജിയോയുടെ കലണ്ടർ മന്ത് വാലിഡിറ്റി പ്ലാൻ എത്തുന്നത്. ഈ മാസം റീച്ചാർജ് ചെയ്യുന്ന തിയതി മുതൽ അടുത്ത മാസം അതേ തിയതിക്ക് മുമ്പുള്ള ദിവസം വരെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ കലണ്ടർ മന്ത് വാലിഡിറ്റി പ്ലാനിന്റെ പ്രത്യേകത.
319 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ് എന്നിവയാണ് കലണ്ടർ മന്ത് വാലിഡിറ്റിയുള്ള ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ അധിക ആനുകൂല്യമായി ലഭ്യമാകുന്നു.

30 ദിവസത്തേക്ക് പ്രതിദിനം ഏകദേശം 10 രൂപ 63 പൈസയാണ് ഈ പ്ലാനിന്റെ ചെലവ്. ഒരു മാസം തികച്ച് വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ വേണം എന്ന് ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് ഈ 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപകാരപ്പെടും. ഇത് കൂടാതെ ജിയോയുടെ ഫ്രീഡം പ്ലാൻ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 355 രൂപയുടെ പ്ലാനും 30 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്.


Click it and Unblock the Notifications