ജിയോ ചതിച്ചു, 1 രൂപ പ്ലാനിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ 90% വെട്ടിക്കുറച്ചു
മികച്ച വാഗ്ദാനങ്ങൾ നൽകി മോഹിപ്പിച്ച ശേഷം പെട്ടെന്ന് പിന്തിരിയുക. ഒറ്റ വാക്കിൽ വഞ്ചനയെന്ന് പറയാം അല്ലേ? അത്തരത്തിൽ ഒരു നീക്കം നടത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച, കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനിൽ നിന്നാണ് ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചത്. വെറും ഒരു രൂപയ്ക്കാണ് ജിയോ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. പ്ലാൻ പ്രകാരം ഒരു രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എംബി 4ജി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. വെറും 24 മണിക്കൂറിനുള്ളിൽ, ജിയോ ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ പരിഷ്കരിച്ചു. ഇപ്പോൾ പരിമിതമായ ആനുകൂല്യങ്ങൾ മാത്രമാണ് ഒരു രൂപ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ( നേരത്തെ നൽകിയിരുന്ന പ്ലാനിനെ അപേക്ഷിച്ച് )

പ്ലാൻ പരിഷ്കരിച്ചതിനെക്കുറിച്ച് ജിയോ യാതൊരു തരത്തിലുള്ള പ്രസ്താവനകളും നടത്തിയിട്ടില്ല. ഒരു രൂപ റീച്ചാർജിന് ഒരു ദിവസം മാത്രമാണ് ഇപ്പോൾ ജിയോ വാലിഡിറ്റി നൽകുന്നത്. വാഗ്ദാനം ചെയ്തിരുന്ന ഡാറ്റ പായ്ക്കിലും കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ 100 എംബി വാഗ്ദാനം ചെയ്തിരുന്നിടത്ത് ഇപ്പോൾ 10 എംബി 4ജി ഡാറ്റ മാത്രമാണ് കമ്പനി ഓഫർ ചെയ്യുന്നത്. നേരത്തെ 1 രൂപയ്ക്ക് 100 എംബിയൊക്കെ വാഗ്ദാനം ചെയ്തപ്പോൾ അൽപ്പം അതിശയകരമായി തോന്നിയിരുന്നു. പ്രാരംഭ ലിസ്റ്റിങിൽ സംഭവിച്ച ഒരു പിശകാണ് അതെന്നാണ് ഇപ്പോൾ മനസിലാകുന്നത്. ഈ പിശക് പരിഹരിച്ചാകാം ഒരു രൂപയ്ക്ക് ഒരു ദിവസത്തേക്ക് 10 എംബി നൽകുന്ന ഓഫർ കൊണ്ട് വന്നത്. അതേ സമയം നേരത്തെ പറഞ്ഞത് പോലെ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

എറർ ഉണ്ടായതോ അല്ലെങ്കിൽ പ്ലാൻ പെട്ടെന്ന് പിൻവലിച്ചതോ, കാര്യം എന്തായാലും ജിയോയുടെ നടപടി ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. ആദ്യ ഘട്ടത്തിൽ ഒരു രൂപ പ്ലാൻ പ്രഖ്യാപിച്ചത് 30 ദിവസത്തെ വാലിഡിറ്റിയും 100 എംബി ഡാറ്റ വാഗ്ദാനവും ആയിട്ടാണ്. പിന്നീട് ഓഫർ വെട്ടിക്കുറയ്ക്കുകയും ഒരു ദിവസത്തെ വാലിഡിറ്റിയും 10 എംബി ഡാറ്റയും മാത്രമായി ആനുകൂല്യങ്ങൾ ചുരുക്കുകയും ചെയ്തു.

പ്ലാൻ പരിഷ്കരിക്കുന്നതിന് മുമ്പ് റീചാർജ് ചെയ്തവർക്ക് അപ്പോൾ നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. അതായത് 30 ദിവസം വാലിഡിറ്റിയും 100 എംബിയും. പ്ലാൻ പരിഷ്കരിച്ചതിന് ശേഷം റീചാർജ് ചെയ്തവർക്ക് ഒരു ദിവസത്തെ വാലിഡിറ്റിയും 10 എംബി ഡാറ്റയും ലഭ്യമാകും. ഈ പ്ലാൻ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെന്ന കാര്യം ശ്രദ്ധിക്കുക.

പണത്തിന്റെ മൂല്യം നോക്കുകയാണെങ്കിൽ, വെറും ഒരു രൂപയ്ക്ക് 10 എംബി ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള ഡാറ്റ പ്ലാൻ തീർന്ന് ഒരു ദിവസത്തേക്ക് വില കുറഞ്ഞതും താങ്ങാനാവുന്നതുമായ റീഫിൽ പ്ലാൻ ആവശ്യമുള്ളവർക്ക് ഈ പ്ലാൻ വളരെ ഉപയോഗപ്രദമാണ്, റീചാർജ് ചെയ്യുന്നതിനോ യുപിഐ പേയ്‌മെന്റുകൾ നടത്തുന്നതിനോ പോലുള്ള കാര്യങ്ങൾക്കായി ഒരു രൂപ പ്ലാൻ ഉപയോഗിക്കാനാകും.

എന്നിരുന്നാലും യൂട്യൂബ് വീഡിയോകൾ കാണുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ബ്രൗസ് ചെയ്യുന്നതും പോലുള്ള ഉപയോഗങ്ങൾക്ക് 10 എംബി ഡാറ്റ അപര്യാപ്തമാണെന്നതാണ് യാഥാർഥ്യം. കാരണം ഇത്തരം പ്രവർത്തികൾക്ക് ധാരാളം ഡാറ്റ ഉപയോഗിക്കുന്നു എന്നത് തന്നെ. ഒരേ പ്ലാനിന്റെ ഒന്നിലധികം ചാർജുകൾ നിങ്ങൾക്ക് ചെയ്യാമെന്നത് ശ്രദ്ധിക്കുക. അതായത് 100 എംബി ഡാറ്റ ലഭിക്കാൻ നിങ്ങൾക്ക് ഈ പ്ലാൻ 10 തവണ റീചാർജ് ചെയ്യാം.

ജിയോയുടെ ഏറ്റവും താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനിന്റെ നേട്ടങ്ങൾ അതിന്റെ പ്രാരംഭ ഓഫർ പോലെ ആകർഷകമല്ലെങ്കിലും, ഇത്തരത്തിൽ ഒരു റീചാർജ് പ്ലാൻ ലഭിക്കുന്നത് നല്ലത് തന്നെയാണ്. നിലവിൽ ഇന്ത്യയിലെ മറ്റൊരു ടെലിക്കോം കമ്പനിയും ഇതുപോലെ ഒരു പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല, അങ്ങനെ ചെയ്യുന്ന ഒരേയൊരു കമ്പനിയാണ് ജിയോ.


Click it and Unblock the Notifications








