നിരക്കുകൂടി കുറയ്ക്കാമായിരുന്നു! ഉയർന്ന വിലയുടെ പ്ലാനിൽനിന്ന് 40ജിബി എക്സ്ട്രാ ഡാറ്റ നീക്കി ജിയോ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിലൊന്നായ റിലയൻസ് ജിയോ തങ്ങളുടെ ഏറ്റവും നിരക്ക് കൂടിയ പ്ലാനിൽ നൽകിയിരുന്ന 40 ജിബി എക്സ്ട്രാ ഡാറ്റ നിർത്തലാക്കി. എതിരാളികളുടെ പ്ലാനുകളെക്കാൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്നതിൽ ജിയോ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകൾ വളരെ പ്രശസ്തമാണ്.
മികച്ച ആനുകൂല്യങ്ങൾ താരതമ്യേന കുറഞ്ഞ നിരക്കിൽ മികച്ച രീതിയിൽ നൽകുന്നതിനാൽ ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം പേർ തെരഞ്ഞെടുക്കുന്ന ടെലിക്കോം കമ്പനിയായി മാറാൻ ജിയോയ്ക്ക് കഴിഞ്ഞു. കൂടാതെ 5ജി വ്യാപനത്തിൽ പുലർത്തുന്ന മികവും ജിയോ സേവനങ്ങൾ തെരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. 5ജി വ്യാപനത്തിൽ ബഹുദൂരം മുന്നിലാണ് ജിയോ.

എന്നാലിപ്പോൾ ജിയോ തങ്ങളുടെ 999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നിന്ന് വളരെ നിശബ്ദമായി ബോണസ് ഡാറ്റ നീക്കം ചെയ്തിരിക്കുകയാണ്. 40 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ബോണസ് ഡാറ്റയായി ലഭ്യമായിരുന്നത്. എന്നാൽ ഇനിമുതൽ അത് ലഭ്യമാകില്ല. 999 രൂപയുടെ ജിയോ പ്ലാൻ ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിചയപ്പടാം.
999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: റിലയൻസ് ജിയോയുടെ 999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 3 ജിബി പ്രതിദിന ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഇതോടൊപ്പം, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും പ്രധാന ആനുകൂല്യങ്ങളായി ലഭിക്കും. 84 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
ഒറ്റനോട്ടത്തിൽ ഉപയോക്താക്കളെ സംബന്ധിച്ച് വളരെ ചെലവേറിയ ഒരു പ്ലാൻ ആണിത്. കാരണം ഇതേ 84 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ 500-700 രൂപ നിരക്കിൽ ലഭ്യമാണ്. എന്നാൽ കൂടുതൽ പ്രതിദിന ഡാറ്റ വേണ്ട ആളുകൾക്ക് 3ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.
പ്രതിദിന ഡാറ്റയ്ക്ക് പുറമേ 40ജിബി ബോണസ് ഡാറ്റ ലഭ്യമാകും എന്നതും 999 രൂപയുടെ ജിയോ പ്ലാനിന്റെ പ്രത്യേകത ആയിരുന്നു. ഈ വർഷം ആദ്യമാണ് ജിയോ ഈ പ്ലാൻ അവതരിപ്പിച്ചത്. 241 രൂപ ചെലവ് വരുന്ന ബോണസ് ഡാറ്റയാണ് ഈ പ്ലാനിനൊപ്പം സൗജന്യമായി നൽകുന്നത് എന്നാണ് ജിയോ പറഞ്ഞിട്ടുള്ളത്.
എന്നാൽ ഈ പ്ലാൻ അവതരിപ്പിക്കുന്ന സമയത്തു തന്നെ (ഐപിഎൽ 2023-നോടടുത്ത്), ഈ ബോണസ് ഡാറ്റ ഓഫർ പരിമിത കാലത്തേക്ക് മാത്രമായിരിക്കുമെന്ന് ജിയോ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആരോടും പറയാതെ നിശബ്ദമായി അത് പിൻവലിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, അൺലിമിറ്റഡ് 5ജിയും മറ്റും സൗജന്യമായി ലഭിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരമൊരു ചെലവേറിയ പ്ലാൻ പലർക്കും വേണ്ടിവരുന്നില്ല.

കാരണം ജിയോയുടെ സൗജന്യ 5ജി ഒട്ടുമിക്ക ഇടത്തും ലഭ്യമാണ്. ഡാറ്റ വേഗതയെക്കുറിച്ച് ആശങ്കപ്പെടാതെ തന്നെ ഈ അൺലിമിറ്റഡ് 5ജി ഉപയോഗിക്കാൻ അവസരമുണ്ട്. അധികം വൈകാതെ ജിയോ 5ജി പ്ലാനുകൾ പുറത്തിറക്കും. എന്നാൽ, അതുവരെ ഈ 5ജി ലഭ്യമാകുന്നവർ ഉയർന്ന നിരക്കിൽ കൂടുതൽ ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ തെരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണ്.
ഇതൊക്കെയാണെങ്കിലും, ബോണസ് ഡാറ്റ വേണ്ടിവരുന്ന ജിയോ ഉപയോക്താക്കളും ഉണ്ടാകാം. അടുത്തിടെ ജിയോ ചില പ്ലാനുകളിൽ എക്സ്ട്രാ ഡാറ്റ ഉൾപ്പെടുത്തിയിരുന്നു. ജിയോയുടെ ഏഴാം വാർഷികത്തോട് അനുബന്ധിച്ച് 299 രൂപ, 749 രൂപ, 2999 രൂപ പ്ലാനുകളിലാണ് ബോണസ് ഡാറ്റ ഉൾപ്പെടുത്തിയത്. 2023 സെപ്റ്റംബർ 5-30 കാലയളവിൽ ഈ പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്ക് ബോണസ് ഡാറ്റ ലഭിക്കും.
299 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 7 ജിബി എക്സ്ട്രാ ഡാറ്റയും 749 രൂപയുടെ പ്ലാനിൽ 14 ജിബി എക്സ്ട്രാ ഡാറ്റയും 2999 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ 21ജിബി എക്സ്ട്രാ ഡാറ്റയും ഏഴാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജിയോ നൽകുന്നുണ്ട്. ഇതിന് പുറമേ ചില ഓഫർ കൂപ്പണുകളും ജിയോ ഇതോടൊപ്പം നൽകുന്നുണ്ട്.


Click it and Unblock the Notifications