നല്ലൊരു പ്ലാനായിരുന്നു പക്ഷേ ഇനി കിട്ടില്ല! 119 രൂപ പ്ലാൻ ജിയോ നിർത്തി, പയറ്റിയത് എയർടെൽ തന്ത്രം
പാവപ്പെട്ട ജിയോ വരിക്കാരുടെ പ്രധാന ആശ്രയമായിരുന്ന പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ജിയോ നിർത്തലാക്കി. 2021 അവസാനത്തോടെ നടത്തിയ താരിഫ് വർദ്ധനയ്ക്ക് ശേഷം അവതരിപ്പിച്ച 119 രൂപയുടെ പ്ലാനാണ് ജിയോ ഇപ്പോൾ നിർത്തലാക്കിയത്. നിലവിൽ ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ എന്ന സ്ഥാനം വഹിച്ചിരുന്നത് ഈ പ്ലാനായിരുന്നു.
രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിൽ നിന്നും 119 രൂപയുടെ പ്ലാൻ ജിയോ പിൻവലിച്ചു. അതിനാൽത്തന്നെ ഇനി രാജ്യത്തിന്റെ ഒരു ഭാഗത്തും ഉപഭോക്താക്കൾക്ക് ഈ അടിസ്ഥാന പ്ലാൻ ലഭ്യമാകില്ല. ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ നിർത്തലാക്കിയതിലൂടെ ഒരു അപ്രഖ്യാപിത നിരക്കുവർധനയാണ് ജിയോ നടത്തിയിരിക്കുന്നത് എന്ന് പറയാം.

ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന പ്ലാൻ എന്ന നിലയിൽ ജിയോ വരിക്കാർ ആശ്രയിച്ചിരുന്ന 119 രൂപ പ്ലാൻ നിർത്തലാക്കിയതിന് പകരമായി ജിയോ പുതിയ പ്ലാനൊന്നും അവതരിപ്പിച്ചിട്ടില്ല. അതിനാൽ തൊട്ടടുത്ത നിരക്കുകുറഞ്ഞ പ്ലാനാണ് ഇനിമുതൽ എൻട്രിലെവൽ പ്ലാൻ. ആ നിലയ്ക്ക് 119 രൂപയുടെ റീച്ചാർജിന് ശേഷം ലഭ്യമായിരുന്ന, 149 രൂപയുടെ പ്ലാനാണ് ഇനി ഈസ്ഥാനം വഹിക്കുക.
ടെലിക്കോം നിരക്ക് കൂട്ടാതെ വരുമാനം ഉയർത്താനായി എയർടെൽ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് ജിയോ ഇവിടെ പുറത്തെടുത്തിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലുണ്ടായിരുന്ന പ്ലാൻ നിർത്തലാക്കി, തൊട്ടടുത്ത പ്ലാനിനെ എൻട്രിലെവൽ പ്ലാനാക്കി മാറ്റുക എന്നതായിരുന്നു എയർടെൽ പുറത്തെടുത്ത തന്ത്രം. എന്നാൽ എയർടെൽ നടപ്പാക്കിയതിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് ജിയോ നടപ്പാക്കിയത് എന്നുമാത്രം.
99 രൂപയുടെ അടിസ്ഥാന പ്ലാൻ ഒറ്റയടിക്ക് നിർത്തലാക്കാതെ, പല ടെലിക്കോം സർക്കിളുകളിലായി ഘട്ടം ഘട്ടമായാണ് എയർടെൽ നിർത്തലാക്കിയത്. 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയതോടെ തൊട്ടടുത്ത പ്ലാൻ ആയിരുന്ന 155 രൂപയുടെ പ്ലാൻ അടിസ്ഥാന പ്ലാൻ ആയി മാറി. ഘട്ടം ഘട്ടമായി നടപ്പാക്കിയതിനാൽ ഉപയോക്താക്കളുടെ ഒറ്റയടിക്കുള്ള എതിർപ്പ് ഒഴിവാക്കാൻ എയർടെലിന് സാധിച്ചു.
99 രൂപയുടെ പ്ലാൻ നിർത്തലാക്കി പകരം 155 രൂപയുടെ പ്ലാൻ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ ആക്കിയതോടെ വരിക്കാരിൽനിന്നുള്ള വരുമാനം വർധിപ്പിക്കാൻ എയർടെലിന് സാധിച്ചു. അതേ മാർഗമാണ് ഇപ്പോൾ ജിയോയും സ്വീകരിച്ചിരിക്കുന്നത്. എയർടെൽ ഘട്ടം ഘട്ടമായി നടപ്പാക്കിയത് ജിയോ ഒറ്റയടിക്ക് നടപ്പാക്കി എന്നുമാത്രം.
ടെലിക്കോം കമ്പനികൾ ഈ വർഷം മാർച്ചിൽ നിരക്ക് കൂട്ടും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതുണ്ടായില്ല. ഈ നീക്കം പരാജയപ്പെട്ടത് ജിയോയുടെ നിലപാട് മൂലമായിരുന്നു എന്നാണ് പിന്നീട് റിപ്പോർട്ടുകൾ വന്നത്. ഉടൻ നിരക്ക് വർധന നടത്തേണ്ട എന്നായിരുന്നു അന്ന് ജിയോ സ്വീകരിച്ച നിലപാട്.
ജിയോ നിരക്കുകൂട്ടാതെ, തങ്ങൾ മാത്രമായി നിരക്ക് വർധിപ്പിച്ചാൽ വരിക്കാർ കണക്ഷൻ ഉപേക്ഷിക്കുമോയെന്ന് മറ്റ് കമ്പനികൾ ഭയന്നു, അതിനാൽ അവരും നിരക്ക് വർധനയിൽനിന്ന് പിന്മാറി എന്നാണ് പിന്നീട് പ്രചരിക്കപ്പെട്ടത്. ഇപ്പോൾ 119 രൂപയുടെ പ്ലാൻ നിർത്തലാക്കിയതിലൂടെ ജിയോ ലക്ഷ്യമിടുന്നത് വരുമാനവർധന തന്നെയാണ്. വാലിഡിറ്റിക്കും മറ്റുമായി ജിയോ ഉപയോക്താക്കൾ ഇനി ഏറ്റവും കുറഞ്ഞത് 149 രൂപ മുടക്കണം.
നിലവിൽ ജിയോ നിർത്തലാക്കിയ 119 രൂപയുടെ പ്ലാൻ 14 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് നിർത്തലാക്കിയയോടെ പകരമെത്തിയ 149 രൂപയുടെ പ്ലാനിൽ 20 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക.

അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 1GB ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് 20 ദിവസത്തെ വാലിഡിറ്റിയിൽ 149 രൂപയുടെ പ്ലാനിൽ ലഭിക്കുക. ഈ പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം ജിയോസിനിമ, ജിയോക്ലൗഡ്, ജിയോടിവി എന്നീ അധിക ആനുകൂല്യങ്ങളും ലഭിക്കും. എന്നാൽ അൺലിമിറ്റഡ് സൗജന്യ 5ജിക്കായി ജിയോ വെൽക്കം ഓഫർ യോഗ്യത ഈ പ്ലാനിൽ ലഭ്യമാകില്ല.
119 രൂപയുടെ പ്ലാൻ നിർത്തലാക്കി, പകരം ജിയോ എൻട്രിലെവൽ പ്ലാനിന്റെ സ്ഥാനത്ത് 149 രൂപ പ്ലാൻ എത്തിയയോടെ ജിയോയുടെയും എയർടെലിന്റെയും ഏറ്റവും നിരക്കുകുറഞ്ഞ പ്ലാനുകൾ തമ്മിലുള്ള അകലം വളരെ കുറഞ്ഞു. 155 രൂപയാണ് എയർടെലിന്റെ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാനിന് നൽകേണ്ടിവരിക. ജിയോയുടേതിന് 149 രൂപയും. വെറും 6 രൂപയുടെ വ്യത്യാസം മാത്രം.


Click it and Unblock the Notifications








