അൽപ്പം വളഞ്ഞ വഴിയാണ്, വർഷം മുഴുവൻ ജിയോ 5ജി ഡാറ്റ കിട്ടാൻ ഇങ്ങനെയും ചെയ്യാം!
ജിയോയ്ക്ക് പല വിലകളിലും റീച്ചാർജ് പ്ലാനുകൾ ഉള്ളതായി നമുക്കറിയാം. എല്ലാ പ്ലാനുകളും എല്ലാവരും എപ്പോഴും ഓർക്കണമെന്നില്ല, എങ്കിലും ജിയോ ആപ്പ് പരിശോധിച്ചാൽ അതിൽ പ്രീപെയ്ഡ് പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാനാകും. അതിനാൽ അവയെപ്പറ്റി മനസിലാക്കുകയും ഇഷ്ടപ്പെട്ടാൽ റീച്ചാർജ് ചെയ്യുകയുമാകാം. എന്നാൽ ഒറ്റയടിക്ക് അത്രപെട്ടെന്ന് ആരുടെയും കണ്ണിൽപ്പെടാത്ത ഒരു പ്ലാനും ജിയോയ്ക്ക് ഉണ്ട്. ഇത് യഥാർഥത്തിൽ പ്ലാൻ അല്ല, ഗിഫ്റ്റ് വൗച്ചറാണ്. പേരിൽ ഗിഫ്റ്റ് എന്നൊക്കെയുണ്ടെങ്കിലും നമ്മൾ ഇവിടെ പരിചയപ്പെടുന്ന പ്ലാനിന് 601 രൂപയാണ് ചെലവ്. വർഷം മുഴുവൻ 5ജി ഡാറ്റ ഉറപ്പാക്കാൻ ജിയോ ഉപയോക്താക്കളെ ഈ ഗിഫ്റ്റ് വൗച്ചർ സഹായിക്കുന്നു.
റിലയൻസ് ജിയോ (Reliance Jio )യിൽ നിന്നുള്ള 601 രൂപ വൗച്ചർ അടിസ്ഥാനപരമായി ഒരു 5G അപ്‌ഗ്രേഡ് പ്ലാനാണ്. 51 രൂപ നിരക്കിൽ ജിയോ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി ഒരു 5ജി അപ്ഗ്രേഡ് ബൂസ്റ്റർ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. 51 രൂപയുടെ ഇത്തരം 12 5ജി അപ്ഗ്രേഡ് ബൂസ്റ്റർ ചേർന്നതാണ് 601 രൂപയുടെ ഗിഫ്റ്റ് വൗച്ചർ.

ജിയോ 5ജി ലഭ്യമായിട്ടുള്ള പ്രദേശത്തെ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് 5ജി സേവനം ലഭ്യമാക്കാൻ 51 രൂപയുടെ പ്ലാൻ സഹായിക്കും. 51 രൂപയുടെ ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാൻ എന്താണ് എന്ന് ആദ്യം പരിചയപ്പെടാം. അതിന് ശേഷം 601 രൂപയുടെ 5ജി ഡാറ്റ ഗിഫ്റ്റ് വൗച്ചർ പരിചയപ്പെടാം.
5ജി ഡാറ്റ ബൂസ്റ്റർ പ്ലാൻ എന്തിന് ചെയ്യണം: ജൂലൈയിൽ നിലവിൽ വന്ന പുതുക്കിയ നയ പ്രകാരം ജിയോ 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ മാത്രമേ ഇപ്പോൾ അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്നുള്ളൂ. അതിൽ കുറഞ്ഞ അളവിലുള്ള പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് 4ജി ഡാറ്റയാണ് ലഭ്യമാകുക.
1.5ജിബി പ്രതിദിന ഡാറ്റയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്നവർക്ക് 5ജി എക്സ്പീരീയൻസ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്ക് ആശ്രയിക്കാൻ വേണ്ടി അവതരിപ്പിച്ച 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളിലൊന്നാണ് 51 രൂപയുടെ പ്ലാൻ. ഒരു മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇതേപോലെ വിവിധ വാലിഡിറ്റികളിൽ 101 രൂപ, 151 രൂപ നിരക്കുകളിലും ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാൻ എത്തുന്നുണ്ട്.
51 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റ പ്ലാനിലെ ആനുകൂല്യങ്ങൾ: ഒരു മാസം വരെ വാലിഡിറ്റിയുള്ള 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്കായി 5ജി ലഭ്യമാക്കാൻ ഈ പ്ലാൻ ഉപയോഗിക്കാം. ഇത് അൺലിമിറ്റഡ് 5ജി ഡാറ്റയും 3ജിബി 4ജി ഡാറ്റയും നൽകും. ഇതിൻ്റെ വാലിഡിറ്റി ഉപയോക്താവിൻ്റെ അടിസ്ഥാന പ്ലാനിന് തുല്യമാണ്. ഒരു മാസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവരാണ് ഈ പ്ലാൻ ഉപയോഗിക്കേണ്ടത്.
601 രൂപയുടെ ജിയോ ഗിഫ്റ്റ് വൗച്ചർ: ഇത് യഥാർഥത്തിൽ 51 രൂപയുടെ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെ 12 വ്യത്യസ്ത വൗച്ചറുകളാണ്. 51 രൂപയുടെ വൗച്ചർ MyJio ആപ്പിൽ ആക്ടിവേറ്റ് ചെയ്യാം. ഈ 12 വൗച്ചറുകൾ ഒരു വർഷം മുഴുവൻ 5G നെറ്റ്‌വർക്കുമായി ബന്ധം നിലനിർത്താൻ ജിയോ ഉപയോക്താക്കളെ സഹായിക്കും. 1.5GB പ്രതിദിന ഡാറ്റയുമായി വരുന്ന പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകളിൽ 51 രൂപ വൗച്ചർ റിഡീം ചെയ്യാം.

601 രൂപയുടെ ഈ ഗിഫ് റ്റ് വൗച്ചർ വേണമെങ്കിൽ ജിയോ ഉപയോക്താക്കൾക്ക് മൈജിയോ അക്കൗണ്ടുകൾക്കിടയിൽ ട്രാൻസ്ഫർ ചെയ്യാം. പക്ഷേ, 51 രൂപയുടെ വൗച്ചർ കൈമാറാൻ കഴിയില്ല. അത്ര പെട്ടെന്ന് നോക്കിയാൽ ജിയോ ആപ്പിൽ ഈ സൗകര്യം കാണാൻ കഴിയില്ല. അതിന് ആദ്യം മൈജിയോ ആപ്പിൽ വൗച്ചറുകൾ എന്ന വിഭാഗത്തിലേക്ക് പോകുക.
അവിടെ മൈ വൗച്ചേഴ്സ് എന്നതിൽ ക്ലിക്ക് ചെയ്താൽ അതിൽ ലിസ്റ്റ് ചെയ്തിരിക്കുന്നവയിൽ ആദ്യം കാണുക 601 രൂപയുടെ വൗച്ചർ ആണ്. അത് സെലക്ട് ചെയ്ത ശേഷം പ്രൊസീഡ് ചെയ്താൽ നമ്മുടെ സ്വന്തം നമ്പറിന് വേണ്ടിയാണോ മറ്റേതെങ്കിലും നമ്പറിന് വേണ്ടിയാണോ എന്ന് വ്യക്തമാക്കേണ്ട ഘട്ടമെത്തും. മറ്റുളളവർക്ക് വേണ്ടിയാണെങ്കിൽ അവരുടെ നമ്പർ അവിടെ നൽകണം.

നമുക്കുവേണ്ടിയാണ് എങ്കിൽ പ്രൊസീഡ് എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ പേയ്മെന്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് ഈ വൗച്ചർ വാങ്ങാവുന്നതാണ്. ഒറ്റനോട്ടത്തിൽ ഇത് അൽപ്പം വളഞ്ഞ വഴിയാണ് എന്ന് തോന്നും. കാരണം 1.5ജിബി ഡാറ്റയ്ക്കായി മുടക്കുന്ന തുകയോടൊപ്പം അൽപ്പം കൂടി തുക മുടക്കിയാൽ 2ജിബി പ്രതിദിന പ്ലാൻ ചെയ്യാനാകും. അപ്പോൾ ഇത്തരം വൗച്ചറുകളുടെ സഹായമില്ലാതെ തന്നെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നേടാനാകും.
അതേസമയം സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം 1.5ജിബി ഡാറ്റ പ്ലാൻ തെരഞ്ഞെടുത്ത ശേഷം പിന്നീട് അൺലിമിറ്റഡ് 5ജി ഡാറ്റ അടക്കം 5ജി വേഗത ആസ്വദിക്കണം എന്ന് ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ വൗച്ചർ ഉപകാരപ്രദമാണ്. ഇത് 4G നെറ്റ്‌വർക്കിലെ ഉപയോക്താക്കളെ 5G അനുഭവിക്കാൻ അനുവദിക്കുന്നു.


Click it and Unblock the Notifications