ഇവിടെ നിന്നായിരുന്നു തുടക്കം! ശരിക്കും അൺലിമിറ്റഡ് 4G ഡാറ്റ കിട്ടുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ
ഇന്ത്യയിലെ എയർടെൽ, വൊഡാഫോൺ ഐഡിയ പോസ്പെയ്ഡ് വരിക്കാർക്ക് ഏറെ സന്തോഷം പകരുന്ന ഒരു നീക്കം അടുത്തിടെ ഉണ്ടായി. എല്ലാ എയർടെൽ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും ഇനി അൺലിമിറ്റഡ് 4ജി ഡാറ്റയും ലഭ്യമാകും എന്നതാണ് ആ പുതിയ നീക്കം. എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാൽ 4ജി ഉപയോക്താക്കൾക്ക് ഇതുകൊണ്ട് പ്രയോജനം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ 4ജി ഡാറ്റയും പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് ആക്കിയതിനാൽ നിരവധി പേർക്ക് ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.
വിഐയും എയർടെലും പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് ഡാറ്റ നൽകാൻ തുടങ്ങിയെങ്കിലും തെരഞ്ഞെടുത്ത ടെലിക്കോം സർക്കിളുകളിലെ വരിക്കാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുക. കേരളത്തിൽ നിലവിൽ ഈ ആനുകൂല്യം ലഭ്യമായിത്തുടങ്ങിയിട്ടില്ല. എന്നാൽ അധികം വൈകാതെ കേരളത്തിലെ എയർടെൽ, വിഐ വരിക്കാർക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

എയർടെലും വിഐയും ചില സർക്കിളുകളിൽ എങ്കിലും എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റ പ്രഖ്യാപിച്ചതോടുകൂടി ഇനി ജിയോയുടെ ഊഴമായിരിക്കും എന്ന് ടെലിക്കോം വിപണി പൊതുവിൽ കരുതുന്നു. എന്നാൽ ഇവിടെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഈ രണ്ട് കമ്പനികളും പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഒരു ജിയോ പ്ലാൻ ശരിക്കും അൺലിമിറ്റഡ് 4ജി ഡാറ്റ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്തുവരുന്നു എന്നതാണ് അത്.
ജിയോ തങ്ങളുടെ 649 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ഏറെ നാളായി അൺലിമിറ്റഡ് ഡാറ്റ നൽകിവരുന്നുണ്ട്. എയർടെലും വിഐയും ഇപ്പോൾ അൺലിമിറ്റഡ് 4ജി ഡാറ്റ ലഭ്യമാക്കിയതിന്റെ തുടക്കം ഇവിടെ നിന്നാണ് എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു (വർഷങ്ങൾക്ക് മുമ്പ് വിഐ അൺലിമിറ്റഡ് ഡാറ്റ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ലഭ്യമാക്കിയിരുന്നു).

എയർടെലിന്റെയും വിഐയുടെയും അൺലിമിറ്റഡ് ഡാറ്റയുടെ കാര്യത്തിൽ ചെറിയൊരു സാങ്കേതികത്വമുണ്ട്, അൺലിമിറ്റഡ് ഡാറ്റ എന്നാണ് പറയുകയെങ്കിലും പരമാവധി 300ജിബി ഡാറ്റയാണ് ഏകദേശം ഒരു മാസത്തേക്ക് ഈ രണ്ട് കമ്പനികളും നൽകുക. നിശ്ചിത പരിധി കഴിഞ്ഞാൽ ഡാറ്റയുടെ വേഗത കുറയും. എന്നാൽ ജിയോയുടെ 649 രൂപയുടെ പ്ലാനിലെ അൺലിമിറ്റഡ് ഡാറ്റ ശരിക്കും അൺലിമിറ്റഡാണ്. അതായത് അതിന് പരിധികളില്ല.
649 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 4ജി ഡാറ്റ എന്നിവയാണ് ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ചില അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും. മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ടിവി സബ്സ്ക്രിപ്ഷൻ ലഭിക്കും എന്നതാണ് അതിലൊന്ന്.
സൗജന്യ 50ജിബി ജിയോഎഐക്ലൗഡ് സ്റ്റോറേജ്, 18 മാസത്തേക്ക്, 35100 രൂപ വിലയുള്ള ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷൻ, ജിയോ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ എന്നീ ആനുകൂല്യങ്ങളും 649 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

649 രൂപയുടെ ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലെയും എല്ലാ വരിക്കാർക്കും ലഭ്യമാണ്. എന്നാൽ വിഐ, എയർടെൽ എന്നിവ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റ നൽകുന്നത് ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ്. കേരളത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം അൺലിമിറ്റഡ് 4ജി ഡാറ്റയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനിന് ഇപ്പോഴും ജിയോ മാത്രമാണ് ആശ്രയം.


Click it and Unblock the Notifications








