ക്ലാസ്, മാസ് ബോസ്... അതാണ് ജിയോ! റീച്ചാർജ് ചെയ്യേണ്ടവർ ഇത് നോക്കൂ
നിരക്ക് വർധനയെ തുടർന്ന് വരിക്കാരിൽ ഒരു വിഭാഗം കൊഴിഞ്ഞു പോയെങ്കിലും ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഇപ്പോഴും ബോസ് അംബാനിയുടെ റിലയൻസ് ജിയോ (Reliance Jio) തന്നെ. മറ്റ് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് വരിക്കാർക്കായി മികച്ച പ്ലാനുകളുടെ ഒരു വലിയ നിര തന്നെ ജിയോ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ഓരോ പ്ലാനും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ജിയോയെ സംബന്ധിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള കമ്പനിയാണത്, അതിന്റെ വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങളും മുൻഗണനകളും പലതായിരിക്കും. ഈ വലിയ വിഭാഗം വരിക്കാരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ ആണ് ജിയോ പ്രീപെയ്ഡ് പ്ലാനുകൾ തയാറാക്കിയിരിക്കുന്നത്.
ജിയോയുടെ നിരനിരയായുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് ഉപയോക്താക്കൾക്ക് തങ്ങൾക്ക് മുടക്കാൻ കഴിയുന്ന തുകയ്ക്ക് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകളാണ് എപ്പോഴും ലാഭം എന്നത് റീച്ചാർജ് ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷേ സാമ്പത്തിക പ്രതിസന്ധിയുള്ള ആളുകൾ പലപ്പോഴും പ്രതിമാസ പ്ലാനുകളെയാണ് ആശ്രയിക്കുക.

ഒന്നിച്ച് വലിയൊരു തുക മുടക്കാൻ ശേഷിയുള്ളവർ വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നു. എന്നാൽ വാർഷിക പ്ലാനുകൾക്കും പ്രതിമാസ പ്ലാനുകൾക്കും ഇടയിൽ വിവിധ വാലിഡിറ്റികളിൽ എത്തുന്ന ഒരുപാട് ജിയോ പ്ലാനുകൾ ഉണ്ട്. അതിൽ ക്ലാസ്, മാസ് നിലവാരം പുലർത്തുന്ന ഒരു പ്ലാനാണ് 719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ.
ജിയോ വരിക്കാർക്ക് കുറഞ്ഞ ചെലവിൽ, എന്നാൽ എല്ലാ ആനുകൂല്യങ്ങളും ഏറ്റവും സമൃദ്ധമായി ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 719 രൂപയുടേത്. റീച്ചാർജ് നിരക്കിന് മുൻപും ഇതേ നിരക്കിൽ ജിയോ പ്ലാൻ ഉണ്ടായിരുന്നു. വാലിഡിറ്റിയുടെ കാര്യത്തിൽ ചെറിയ മാറ്റം വന്നു എന്നത് ഒഴിച്ചാൽ മുൻപ് ലഭ്യമായിരുന്ന 719 രൂപ പ്ലാനും ഇപ്പോഴത്തെ 719 രൂപയുടെ പ്ലാനും ഒരേ ആനുകൂല്യങ്ങളാണ് നൽകുന്നത്.

719 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 2ജിബി പ്രതിദിന ഡാറ്റ പ്ലാൻ ആയതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിൽ ലഭ്യമാകും.
പ്രതിമാസ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ 719 രൂപയുടെ പ്ലാനിന്റെ ചെലവ് മാസം തോറും വെറും 287 രൂപയാണ് എന്ന് ജിയോ പറയുന്നു. 2ജിബി പ്രതിദിന ഡാറ്റയുള്ള പ്രതിമാസ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 349 രൂപയാണ്. അതുമായി താരതമ്യം ചെയ്താൽ തന്നെ ഈ 719 രൂപ പ്ലാൻ കുറച്ചുകൂടി ലാഭകരമാണ് എന്ന് മനസിലാകും.
349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവ ലഭ്യമാകും. 28 ദിവസ വാലിഡിറ്റിയിൽ ആണ് 349 രൂപയുടെ ജിയോ പ്ലാൻ എത്തുന്നത്. ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ സഹിതം വേണ്ടവർക്ക് ഈ പ്ലാൻ ആണ് പ്രധാന ആശ്രയം.

എത്ര നിരക്ക് കൂടി എന്ന് പറഞ്ഞാലും സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് റീച്ചാർജ് ചെയ്യാതിരിക്കാൻ ആകില്ല. 5ജി വേഗതയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ജിയോ നൽകുന്നു. അതിൽ ഉപയോക്താവിന് ലാഭകരമായ ഒരു പ്ലാൻ തന്നെയാണ് 719 രൂപയുടെ ജിയോ പ്ലാൻ.


Click it and Unblock the Notifications








