തേങ്ങ പത്തരച്ചാലും താളല്ലേ കറി എന്ന് പുച്ഛിക്കല്ലേ! പുതിയ ഓഫറുള്ള ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ഇതാ
തേങ്ങ പത്തരച്ചാലും താളല്ലേ കറി എന്ന് നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. ഇപ്പോൾ എവിടെയും പുതിയ ഐഫോൺ 16 സീരീസിന്റെ തരംഗമാണ്. ഈ തരംഗത്തിനിടയിൽ ഏത് കൊമ്പത്തെ ഐഫോൺ വന്നാലും ഇടണ്ടത് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയൊക്കെ തന്നെ അല്ലേ എന്ന് ചിലർ നെടുവീർപ്പിടുന്നു. അതായത് എത്ര വില കൂടിയ ഫോൺ വാങ്ങിയെന്നു പറഞ്ഞാലും ഈ പറഞ്ഞ ടെലിക്കോം കമ്പനികളുടെ സേവനങ്ങൾ അത്ര പോര എന്നാണ് ചിലരുടെ പക്ഷം. എല്ലാ ടെലിക്കോം കമ്പനികളുടെയും നെറ്റ്വർക്ക് വേഗതയെക്കുറിച്ച് ഉപയോക്താക്കൾക്ക് പരാതിയുണ്ട്.
ടെലിക്കോം വരിക്കാരിൽ ചിലർ ജിയോയ്ക്ക് വേഗത പോര എന്ന് പറയുന്നു, മറ്റ് ചിലർ എയർടെലിന് വേഗത പോര എന്ന് പറയുന്നു. മറ്റ് രണ്ട് കമ്പനികളുടെ കാര്യവും അങ്ങനെ തന്നെ. അതായത് മികച്ച സേവനങ്ങൾ ലഭ്യമാക്കുമ്പോൾ തന്നെ ഈ കമ്പനികളെല്ലാം ഏതെങ്കിലുമൊക്കെ പ്രദേശങ്ങളിൽ അത്ര മെച്ചപ്പെട്ട സൗകര്യങ്ങളല്ല നൽകുന്നത്, അവയ്ക്കും പരിമിതികളുണ്ട് എന്ന് തിരിച്ചറിയുക.

എത്ര വില കൂടിയ ഫോൺ വാങ്ങിയാലും ഈ കമ്പനികളിൽ ഒന്നിന്റെ സിം അല്ലേ ഉപയോഗിക്കാൻ പറ്റൂ എന്ന ആക്ഷേപത്തിന് പ്രസക്തിയില്ല. റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചു എങ്കിലും മികച്ച സേവനങ്ങൾ തന്നെ സ്വകാര്യ കമ്പനികൾ നൽകുന്നുണ്ട്. എങ്കിലും റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചതിൽ സ്വകാര്യ കമ്പനികളോട് ആളുകൾക്കുള്ള രോഷം ഇനിയും തണുത്തിട്ടില്ല.
നിരവധി പേർ ഇപ്പോഴും സ്വകാര്യ ടെലിക്കോം കണക്ഷൻ ഉപേക്ഷിച്ച് പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് പോകുന്നുണ്ട്. ഈ ഒരു തിരിച്ചടിയുടെ പശ്ചാത്തലത്തിൽക്കൂടിയാണ് ജിയോയും എയർടെലും അടുത്തിടെ പ്രഖ്യാപിച്ച ചില പ്രീപെയ്ഡ് ഓഫറുകളെ കാണേണ്ടത്. ജിയോ തങ്ങളുടെ എട്ടാം വാർഷികത്തിന്റെ ഭാഗമായി മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ എക്സ്ട്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.
ജിയോയുടെ പ്രഖ്യാപനത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം എയർടെൽ ഫെസ്റ്റിവൽ ഓഫർ എന്ന പേരിൽ ജിയോയുടേതിന് സമാനമായ ഓഫറുകൾ പ്രഖ്യാപിച്ചു. ജിയോയുടെ 899 രൂപ, 999 രൂപ, 3599 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് വാർഷിക ഓഫറുകൾ ലഭ്യമാകുക. 979 രൂപ, 1,029 രൂപ, 3,599 രൂപ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് എയർടെലിന്റെ ഫെസ്റ്റിവൽ ഓഫറുകൾ ലഭ്യമാകുക.
ജിയോയുടെ വാർഷിക ഓഫർ ആനുകൂല്യങ്ങൾ: 175 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങളും (28 ദിവസ വാലിഡിറ്റിയിൽ 10 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും 10ജിബി ഡാറ്റയും) 3 മാസത്തെ സെമാറ്റോ ഗോൾഡ് മെമ്പർഷിപ്പും 500 രൂപ Ajio ഡിസ്കൗണ്ട് വൗച്ചറും ആണ് 899 രൂപ, 999 രൂപ, 3599 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ നൽകുന്നത്.
ജിയോയുടെ വാർഷിക ഓഫറിന് സമാനമായി എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ് എയർടെലിന്റെ ഫെസ്റ്റിവൽ ഓഫറിലെ പ്രധാന ആനുകൂല്യം. 22ൽ അധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ കണ്ടന്റുകൾ ഈ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാകും. 28 ദിവസത്തേക്ക് 10ജിബി എക്സ്ട്രാ ഡാറ്റയും ഈ ഓഫറിന്റെ ഭാഗമായി ലഭിക്കും.

ജിയോയുടെ വാർഷിക ഓഫറുകൾ സെപ്റ്റംബർ 5 മുതൽ 10 വരെയാണ് ലഭ്യമാകുക. എയർടെലിന്റെ ഫെസ്റ്റിവൽ ഓഫറുകൾ സെപ്റ്റംബർ 6 മുതൽ 11 വരെയും. ഈ തിയതികൾക്കുള്ളിൽ തെരഞ്ഞെടുക്കപ്പെട്ട പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുക. ജിയോയുടെയും എയർടെലിന്റെയും 3599 രൂപയുടെ വാർഷിക പ്ലാനുകൾ ഈ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഏത് വാർഷിക പ്ലാനാണ് മികച്ചത് എന്ന് നോക്കാം.
ജിയോ 3599 രൂപ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5G ഡാറ്റ, 365 ദിവസ വാലിഡിറ്റി എന്നിവയും അധിക ആനുകൂല്യമായി ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനുകളും ഇതിലുണ്ട്. ഇതോടൊപ്പം ഇപ്പോൾ വാർഷിക ഓഫറിന്റെ ഭാഗമായി 10ജിബി ഡാറ്റ, 10+ഒടിടി സബ്സ്ക്രിപ്ഷനുകൾ, 3 മാസത്തെ സെമാറ്റോ ഗോൾഡ് മെമ്പർഷിപ്പ്, 500 രൂപ Ajio ഡിസ്കൗണ്ട് വൗച്ചർ എന്നിവ ലഭിക്കും.

എയർടെൽ 3,599 രൂപ പ്ലാൻ: 365 ദിവസ വാലിഡിറ്റി, പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, മൂന്ന് മാസത്തെ അപ്പോളോ 24|7 സർക്കിൾ അംഗത്വം, സൗജന്യ ഹലോ ട്യൂണുകൾ എന്നിവയാണ് ഇതിലുള്ളത്. ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി 28 ദിവസ വാലിഡിറ്റിയിൽ 10ജിബി എക്സ്ട്രാ ഡാറ്റയും 22+ ഒടിടി ആനുകൂല്യങ്ങളടങ്ങുന്ന എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനും കിട്ടും.
ഈ രണ്ട് എയർടെൽ, ജിയോ വാർഷിക പ്ലാനുകളിൽ കൂടുതൽ ലാഭം ജിയോ എയർടെൽ പ്ലാനാണ്. എയർടെൽ വാർഷിക പ്ലാൻ ദിവസം 2ജിബി ഡാറ്റ നൽകുമ്പോൾ ജിയോയുടെ ഈ വാർഷിക പ്ലാൻ 2.5ജിബി ഡാറ്റ നൽകുന്നു. 4ജി ഫോൺ ഉപയോഗിക്കുന്ന വരിക്കാരെ സംബന്ധിച്ചിടത്തോളം ലാഭം ജിയോ പ്ലാനാണ്. 5ജി ഫോൺ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുള്ളതിനാൽ ഡാറ്റയുടെ അളവിനെപ്പറ്റി ആശങ്കപ്പെടേണ്ടിവരുന്നില്ല.


Click it and Unblock the Notifications








