നാട്ടാരേ കേൾക്കൂ! ആളുകളെ പിഴിയാൻ ഉദ്ദേശമില്ല, ബിഎസ്എൻഎൽ വരിക്കാർ തിരിച്ചുവരുമെന്ന് ജിയോ
ഇന്ത്യൻ ടെലിക്കോം മേഖലയിൽ ബിഎസ്എൻഎൽ- ജിയോ മത്സരം ദിവസത്തിന് ദിവസം ശക്തമാകുന്നതിനിടെ ജിയോയുടെ പുതിയ പ്രതികരണം എത്തി. ഓരോ ഉപയോക്താക്കളിൽ നിന്നുമുള്ള പരമാവധി വരുമാനം (ARPU) സംബന്ധിച്ച് തങ്ങൾക്ക് ആശങ്കകൾ ഇല്ല എന്ന് ജിയോ വ്യക്തമാക്കി. കൂടാതെ ബിഎസ്എൻഎല്ലിലേക്ക് പോയ വരിക്കാർ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും ഒരു ജിയോ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ഇടി റിപ്പോർട്ട് ചെയ്യുന്നു. നിരക്ക് വർധനയ്ക്ക് ശേഷമുള്ള ജിയോയുടെ എആർപിയു സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം എത്തിയിരിക്കുന്നത്.
ഓരോ ഉപയോക്താവിൽനിന്നുമുള്ള ശരാശരി വരുമാനം അല്ലെങ്കിൽ, ഒരു നിശ്ചിത കാലയളവിൽ ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൻ്റെ ശരാശരി അളവ് അളക്കാൻ ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു സാമ്പത്തിക മെട്രിക് ആണ് ARPU. 2024 സെപ്റ്റംബർ 30-ന് അവസാനിക്കുന്ന പാദത്തിൽ ജിയോയുടെ ARPU 195.10 രൂപയാണ് എന്നാണ് പുതിയ റിപ്പോർട്ട്.

അതായത് ഓരോ ജിയോ വരിക്കാരനിൽ നിന്നും ശരാശരി 195.10 രൂപ ജിയോയ്ക്ക് ലഭിക്കുന്നു എന്ന് കണക്കാക്കുന്നു. ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത തിരിച്ചടിയാണ് ജിയോയ്ക്ക് അടുത്തകാലത്ത് നേരിട്ടത്. നിരക്ക് വർധനയ്ക്ക് പിന്നാലെ ജിയോയ്ക്ക് ഏകദേശം 10.9 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി ടെലിക്കോം ടോക്കിന്റെ റിപ്പോർട്ട് പറയുന്നു.
ജിയോയ്ക്ക് നഷ്ടമായ ഈ വരിക്കാരിൽ ഭൂരിഭാഗവും എത്തിയത് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിലേക്ക് ആണ്. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ജിയോ വരിക്കാരുടെ എണ്ണത്തിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ജൂലൈയിൽ സ്വകാര്യ കമ്പനികൾ നടത്തിയ നിരക്ക് വർധനയാണ് ഈ കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങളോടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകിവരുന്നു. അതിനാൽ സ്വകാര്യ കമ്പനികളുടെ നിരക്കുകൾ വർധിപ്പിച്ചതോടെ നിരവധി ടെലിക്കോം വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തു. അതോടെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വരിക്കാരുടെ ഒഴുക്ക് മറ്റ് ടെലിക്കോം കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് ഉണ്ടായി.
നേരത്തെ വിഐയും നിരക്ക് വർധനയ്ക്ക് ശേഷം തങ്ങളുടെ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് പോയിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു. എന്നാൽ പോയ വരിക്കാർ ബിഎസ്എൻഎല്ലിലെ മോശം നെറ്റ്വർക്ക് കാരണം തിരിച്ചുവരും എന്നാണ് വിഐ അന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. അതേ പാതയിൽ തന്നെയാണ് ഇപ്പോൾ ജിയോ എക്സിക്യൂട്ടീവുകളിൽ നിന്നുള്ള പ്രതികരണവും എത്തിയിരിക്കുന്നത്.
ബിഎസ്എൻഎല്ലിന് തങ്ങളുടെ അത്രയും വേഗതയേറിയ ഡാറ്റ സൗകര്യങ്ങൾ നൽകാൻ കഴിയാത്തതിനാൽ പോയ വരിക്കാർ മടുത്ത് തിരിച്ചുവരും എന്ന് ജിയോ കരുതുന്നു. ഈ പ്രതീക്ഷ സഫലമാകുമോ എന്ന് കണ്ടറിയണം. കാരണം ബിഎസ്എൽ അതിന്റെ 4ജി വ്യാപനം ഇപ്പോൾ മികച്ച രീതിയിൽ നടത്തിവരികയാണ്. രാജ്യത്ത് 38,300 ബിഎസ്എൻഎൽ ടവറുകളിൽ 4ജി സജ്ജമായിട്ടുണ്ടെന്ന് ടെലിക്കോം മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഇന്ത്യയിലെ 100,000 ബിഎസ്എൻഎൽ ടവറുകളിൽ സജ്ജീകരിക്കുന്നത് 2025 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്നും തുടർന്ന് 2025 ജൂണോടെ 4ജി നെറ്റ്‌വർക്ക് 5ജിയിലേക്ക് മാറുമെന്നും ബിഎസ്എൻഎൽ ഉറപ്പിച്ച് പറയുന്നു. ഇത് നടപ്പിലായാൽ ജിയോയുടെ നിലവിലെ പ്രതീക്ഷകൾ തെറ്റും, എന്നുമാത്രമല്ല, കൂടുതൽ വരിക്കാർ കൊഴിഞ്ഞുപോകുന്ന അപകട നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്യും.
അതേസമയം നിരക്കുകൾ കൂട്ടി എന്നത് ശരിയാണെങ്കിലും തങ്ങൾ ഒരിക്കലും എആർപിയുവിൽ കണ്ണുവച്ചിട്ടില്ലെന്ന് ജിയോ പറയുന്നു. വരുമാനം വർധിപ്പിക്കുക എന്നത് പ്രധാനമാണ്. എങ്കിലും ഓരോ വരിക്കാരനിൽ നിന്നും പരമാവധി തുക അടിച്ചെടുക്കണം എന്ന ഉദ്ദേശം തങ്ങൾക്കില്ല എന്ന് ജിയോ വ്യക്തമാക്കുന്നു. ഇത് നേരത്തെയും ജിയോ പറഞ്ഞിട്ടുള്ള കാര്യമാണ്.

ഒരു വരിക്കാരനിൽ നിന്ന് പരമാവധി തുക ഈടാക്കി വരുമാനം വർധിപ്പിക്കുന്നതിന് പകരം കൂടുതൽ വരിക്കാരെ സ്വന്തമാക്കി അതുവഴി വരുമാനം വർധിപ്പിക്കുന്നതിനാണ് ജിയോ പ്രാധാന്യം നൽകുന്നത്. 8 വർഷ കാലത്തിനിടയ്ക്ക് ജിയോ ഒരിക്കലും എആർപിയുവിൽ കണ്ണുവെച്ചിട്ടില്ലെന്ന് ജിയോ എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ബിഎസ്എൻഎൽ നിരക്കുകൾ വർധിപ്പിച്ചിട്ടില്ല, മാത്രമല്ല അവർ സാമൂഹികമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു, ഇത് ആളുകളെ ആകർഷിക്കുന്നതായും ജിയോ വിലയിരുത്തുന്നു.
''ARPU വർധിക്കണമെന്നോ എല്ലാ മാസവും താരിഫ് വർദ്ധിപ്പിക്കണമെന്നോ ഞങ്ങൾ ഒരിക്കലും പ്രസ്താവനകൾ നടത്തിയിട്ടില്ല," എന്ന് ജിയോ എക്സിക്യൂട്ടീവ് പറഞ്ഞതായി ഇടി റിപ്പോർട്ട് പറയുന്നു. 4G ഡാറ്റ സേവനങ്ങളുടെ അഭാവം മനസ്സിലാക്കി ബിഎസ്എൻഎൽ വരിക്കാർ ജിയോ നെറ്റ്‌വർക്കിലേക്ക് മടങ്ങാൻ തുടങ്ങി എന്നും ജിയോ എക്‌സിക്യൂട്ടീവ് അവകാശപ്പെടുന്നുണ്ട്. ഇത് എത്രമാത്രം സത്യമാണെന്ന് വ്യക്തമാകണമെങ്കിൽ ട്രായിയുടെ പ്രതിമാസ കണക്ക് പുറത്തുവരേണ്ടതുണ്ട്.


Click it and Unblock the Notifications








