പേടിഎമ്മിനും ഗൂഗിൾ പേയ്ക്കും ആപ്പ്, അംബാനിക്ക് സൂപ്പ്! പേയ്മെന്റ് വെരിഫിക്കേഷന് ജിയോ സൗണ്ട്ബോക്സ് വരുന്നു
വഴിയോരത്തെ ചെറിയ കടകൾ മുതൽ വൻകിട ഷോപ്പിങ് മാളുകൾ വരെയുള്ള ഇടങ്ങളിൽ ഇന്ന് ഡിജിറ്റൽ പേയ്മെന്റ് സർവസാധാരണമായിരിക്കുന്നു. യുപിഐ വഴിയുള്ള പെയ്മെന്റുകൾ ലഭിച്ചു എന്ന് ഉറപ്പുവരുത്തുന്നതിന് വ്യാപാരസ്ഥാപനങ്ങൾ ഫോൺപേ, ഗൂഗിൾ പേ എന്നിവയുടെ സൗണ്ട്ബോക്സുകളാണ് കൂടുതലും ഉപയോഗിച്ചുവരുന്നത്. എന്നാൽ ഇനി ഇതിൽ മാറ്റം വരാൻ പോകുന്നു.
ഇതുവരെ പേടിഎമ്മിൻ്റെയും ഫോൺപേയുടെയും കുത്തകയായിരുന്ന സൗണ്ട്ബോക്‌സ് സെഗ്‌മെൻ്റിലേക്ക് ഇന്ത്യൻ വ്യവസായ രംഗത്തെ വമ്പനായ റിലയൻസിന്റെ കീഴിലുള്ള ജിയോയും എത്തുന്നു. റീട്ടെയിൽ വ്യാപാരികളിലേക്ക് സൗണ്ട്‌ബോക്‌സ് (Jio soundbox ) അവതരിപ്പിക്കാൻ ജിയോ പേയ്മെന്റ് സജ്ജമായിക്കഴിഞ്ഞു. ജിയോപേയുടെ (Jio Payments) സേവനവും ഇതോടൊപ്പം വിപുലീകരിക്കാൻ റിലയൻസ് തയാറെടുക്കുന്നുണ്ട്.

ഏറെ നാളത്തെ കർശന പരീക്ഷണങ്ങൾക്ക് ശേഷമാണ് ജിയോ സൗണ്ട് ബോക്സ് വിപണിയിലേക്ക് എത്തുന്നത്. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിലുടനീളം 8-9 മാസം സൗണ്ട്‌ബോക്‌സ് പരീക്ഷണ അടിസ്ഥാനത്തിൽ വിന്യസിച്ചിരുന്നു. തുടക്കത്തിൽ, ടയർ-2 നഗരങ്ങളിലും ജയ്പൂർ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയൻസ് ഗ്രൂപ്പിൻ്റെ റീട്ടെയിൽ സ്ഥാപനങ്ങളിലുടനീളവുമാണ് ഈ ഡിവൈസ് പരീക്ഷിച്ചത്.
പരീക്ഷണങ്ങൾ പൂർണ്ണ വിജമാണ് എന്ന് ഉറപ്പായതോടെയാണ് ജിയോയുടെ സൗണ്ട്ബോക്സ് ഇപ്പോൾ ഇന്ത്യയിൽ വ്യാപകമായി അവതരിപ്പിക്കാൻ പോകുന്നത്. റീട്ടെയിൽ സ്റ്റോറുകളിലുടനീളം ഈ ഉൽപ്പന്നം എത്തിക്കാൻ ജിയോ പേയ്‌മെൻ്റ് ഇപ്പോൾ റെഡിയാണ്. ഈ മേഖലയിലേക്കുള്ള ജിയോയുടെ കടന്നുവരവ് ഏറെ തന്ത്രപരമായിട്ടാണ് എന്ന് വിപണിയിലെ നിരീക്ഷകർ വിലയിരുത്തുന്നു.

നിലവിൽ സൗണ്ട്ബോക്സ് വിതരണ രംഗത്തെ പ്രമുഖൻ പേടിഎം ആണ്. എന്നാൽ നിലവിൽ ഫോൺപേ ആർബിഐയുടെ ചില നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിൽ ആണ്. പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ തകർച്ചയ്ക്ക് ശേഷം, പുതിയ ക്യുആർ കോഡുകളുമായി വിന്യസിക്കാൻ പേടിഎം അതിൻ്റെ സൗണ്ട്ബോക്‌സുകൾ വീണ്ടും കാലിബ്രേറ്റ് ചെയ്യുന്ന പ്രക്രിയയിലാണ് എന്നാണ് കരുതപ്പെടുന്നത്. ഇത് വിജയിക്കുമോ എന്ന് ഉറപ്പില്ല.
20 ദശലക്ഷത്തിലധികം ഇന്ത്യൻ വ്യാപാരികൾ സൗണ്ട്‌ബോക്‌സുകൾ ഉപയോഗിക്കുന്നു, ഇതിൽ കൂടുതൽ പേരും പേടിഎം സൗണ്ട്ബോക്സ് ആണ് ഉപയോഗിക്കുന്നത്. രണ്ടാമത് ഉള്ളത് ഫോൺപേയാണ്. ഫോൺ പേ, ഗൂഗിൾ പേ ആപ്പുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായുള്ള പല വാർത്തകളും ഇതിനകം വന്നിട്ടുണ്ട്.
ഈ രണ്ട് പ്രധാന യുപിഐ ആപ്പുകളും പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് ജിയോ പേയ്മെന്റ് ഏറെ തന്ത്രപരമായി സൗണ്ട്ബോക്സ് രംഗത്തേക്ക് കടന്നുവരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സ്ഥിരമായ വരുമാനം ഉണ്ടാക്കുന്ന ഒരു നീക്കമായാണ് വിദഗ്ധർ ജിയോ സൗണ്ട്ബോക്സിനെ കാണുന്നത്. ഉപകരണം വാങ്ങുന്ന സമയത്ത് നിശ്ചിത തുക നൽകേണ്ടിവരും.

കൂടാതെ അത് നൽകുന്ന സേവനങ്ങൾക്ക് പ്രതിമാസ വാടകയും നൽകുകയും ചെയ്യുന്നു. ഇത് സൗണ്ട്‌ബോക്‌സുകൾ ഫിൻടെക്കുകൾക്ക് ലാഭകരമായ ഒരു വരുമാന സ്രോതസ്സാണെന്ന് തെളിയിക്കുന്നു. ജിയോയുടെ സൗണ്ട്‌ബോക്‌സിൻ്റെ നിരക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് കമ്പനികളുടെ സൗണ്ട് ബോക്സുകളെക്കാൾ വിലക്കുറവിലാണ് എത്തുന്നത് എങ്കിൽ ജിയോ സൗണ്ട്ബോക്സ് ഒരു തരംഗം ഉണ്ടാക്കിയേക്കും.
ജിയോ സൗണ്ട്‌ബോക്‌സ് സേവനങ്ങൾ തുടക്കത്തിൽ പതിവുപോലെ സൗജന്യമായിരിക്കാനും സാധ്യതയുണ്ട്.
പേടിഎമ്മിന്റെ വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം, അത് ഒരു രൂപയ്ക്ക് സൗണ്ട്ബോക്സ് വാഗ്ദാനം ചെയ്യുന്നു, പ്രതിമാസ ചാർജുകൾ 125 രൂപ ആണ്. റിപ്പോർട്ടുകൾ പ്രകാരം, ഫോൺപേ പ്രതിമാസം 49 രൂപയാണ് വാടകയായി ഈടാക്കുന്നത്. ലഭ്യത അടക്കം ജിയോ സൗണ്ട്ബോക്സിന്റെ കൂടുതൽ ഡീറ്റെയിൽസ് വൈകാതെ വെളിപ്പെടുത്തും.


Click it and Unblock the Notifications








