ഇനി കണക്കിലെ കളി! വില കൂടും മുമ്പ് ഈ 2 റീച്ചാർജ് പ്ലാനുകൾ ചെയ്യാൻ ജിയോ 'ക്യൂ'വിൽ ഇടിച്ചുകയറി ജനം
ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം സ്ഥാപനമാണ് റിലയൻസ് ജിയോ. ജിയോ അടക്കമുള്ള ടെലിക്കോം കമ്പനികൾ തങ്ങളുടെ മൊബൈൽ താരിഫ് നിരക്കുകൾ ഉയർത്തിയതായി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ജിയോയുടെയും എയർടെലിന്റെയും താരിഫ് വർധന ജൂലൈ 3 മുതൽ ആണ് നിലവിൽ വരിക. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ ഉപയോഗിച്ച് ജൂലൈ 2 വരെ മാത്രമേ റീച്ചാർജ് ചെയ്യാനാകൂ. ജൂലൈ 3 മുതൽ നിലവിലുള്ള പ്ലാനുകളുടെ സ്ഥാനത്ത് പുതുക്കിയ നിരക്കുകളുടെ പ്ലാനുകളാണ് ദൃശ്യമാകുക. ഈ നിരക്ക് വർധന നടപ്പിലാകും മുമ്പ് നിലവിലുള്ള പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ ജിയോ ഉപയോക്താക്കൾക്ക് അവസരമുണ്ട്.
ജൂലൈ 3 മുതൽ ജിയോ റീച്ചാർജ് നിരക്കുകൾ ഉയരും എന്ന് ഉറപ്പായിരിക്കെ, വരാൻ പോകുന്ന നിരക്ക് വർധനയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഇനി ഏതാനും മണിക്കൂറുകൾ ജിയോ വരിക്കാർക്ക് മുന്നിൽ ശേഷിക്കുന്നുണ്ട്. നിരക്ക് കൂടും മുമ്പ് പ്രിയപ്പെട്ടതും അനുയോജ്യമായതുമായ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുക എന്നതാണ് അത്.

ജിയോ തങ്ങളുടെ വരിക്കാർക്കായി ക്യു എന്ന സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് നിലവിൽ നാം ഒരു പ്ലാൻ ഉപയോഗിക്കുന്നുണ്ട് എങ്കിലും നമുക്ക് മറ്റേതെങ്കിലും ജിയോ പ്ലാൻ ഇപ്പോഴേ റീച്ചാർജ് ചെയ്തിടാൻ സാധിക്കും. അത് അവിടെ ക്യൂവിൽ കിടക്കും. തുടർന്ന് നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി തീരുന്നതിന് പിന്നാലെ ക്യൂവിൽ കിടക്കുന്ന പ്ലാൻ ആക്ടിവേറ്റ് ആകുകയും അതിലെ ആനുകൂല്യങ്ങൾ ലഭ്യമാകുകയും ചെയ്യുന്നു.
ജിയോയുടെ ക്യൂ ഇതിനകം വൻ ഹിറ്റാണ്. ജിയോയുടെ പുതുക്കിയ നിരക്കുകൾ പ്രകാരം പ്ലാനുകൾക്ക് 50 രൂപ മുതൽ 600 രൂപയുടെ വരെ വർധന ഉണ്ടായിട്ടുണ്ട്. ജിയോയുടെ ഏറ്റവും ജനപ്രിയ പ്ലാനുകളിലൊന്നാണ് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ജൂലൈ 2 വരെ മാത്രമാണ് ഈ നിരക്കിൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. 3 മുതൽ ഇതിന്റെ നിരക്ക് 799 രൂപയായി മാറുകയാണ്.
നിരക്ക് ഉയരും മുമ്പ് ജിയോ വരിക്കാർക്ക് റീച്ചാർജിനായി പരിഗണിക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് 666 രൂപയുടെ പ്ലാൻ. കുറച്ച് അധികം തുക ഒന്നിച്ച് എടുക്കാനുണ്ടെങ്കിൽ 2999 രൂപയുടെ വാർഷിക പ്ലാൻ ഉപയോഗിച്ച് നിരക്ക് വർധനയ്ക്ക് മുൻപ് റീച്ചാർജ് ചെയ്യുന്നതും നല്ലതാണ്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്ലാൻ തീരുന്നതിന് പിന്നാലെ ആ പ്ലാൻ ആക്ടിവേറ്റ് ആകുകയും മികച്ച ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.
ജിയോയുടെ ക്യൂ സംവിധാനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് ലാഭകരം. ഏറ്റവും മികച്ച ജിയോ പ്ലാനുകളിൽ ഒന്നായ 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിന എസ്എംഎസ് എന്നിവയ്ക്ക് പുറമേ ദിവസവും 1.5ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
666 രൂപയുടെ പ്ലാൻ സ്ഥിരമായി ഉപയോഗിക്കുന്നവർ ജൂലൈ 3ന് ശേഷമാണ് ഈ പ്ലാൻ ഉപയോഗിച്ച് ഇനി റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 799 രൂപ മുടക്കണം. അതായത് 133 രൂപ അധികം നൽകേണ്ടിവരും. എന്നാൽ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തി ജൂലൈ 2ന് 666 രൂപയുടെ പ്ലാൻ രണ്ട് തവണ റീച്ചാർജ് ചെയ്താൽ 266 രൂപ ലാഭിക്കാം.

666 രൂപയുടെ പ്ലാൻ ഉപയോഗിച്ച് 2 തവണ റീച്ചാർജ് ചെയ്ത് വച്ചാൽ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി പിന്നിട്ട ശേഷവും 168 ദിവസത്തേക്ക് ഇപ്പോഴത്തെ 666 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. ഇങ്ങനെ രണ്ട് തവണ റീച്ചാർജ് ചെയ്യുന്നതിന് 1332 രൂപയാണ് ചെലവ് വരിക.
എന്നാൽ റീച്ചാർജ് നിരക്ക് വർധനയ്ക്ക് ശേഷമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ രണ്ട് തവണ റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 1598 രൂപ ചെലവ് വരും. അതായത് ഇപ്പോൾ ഈ പ്ലാൻ 2 തവണ ചെയ്യുന്നതിലൂടെ 266 രൂപ ലാഭിക്കാനാകും. ഇവിടെ ദിവസം 7.9 രൂപയാണ് പ്രതിദിന ചെലവ് വരുന്നത്. ഇത് വളരെ കുറവാണ്.
ജൂലൈ 3ന് നടപ്പിലാകുന്ന നിരക്ക് വർധനയെ മറികടക്കാൻ ഏറ്റവും ലാഭം 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ തന്നെ ചെയ്യുന്നതാണ്. കാരണം 2999 പ്ലാനിന്റെ നിരക്ക് ജൂലൈ 3 മുതൽ 3599 രൂപയായി വർധിക്കുകയാണ്. അതായത് 600 രൂപയുടെ വർധനവ്. ജൂലൈ 3ന് മുൻപ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ 600 രൂപ ലാഭിക്കാൻ സാധിക്കും.
ക്യൂ സംവിധാനം ലഭ്യമായതിനാൽ നിലവിലെ പ്ലാനിന്റെ വാലിഡിറ്റി തീരുന്നതിന് പിന്നാലെ ഈ വാർഷിക പ്ലാൻ ആക്ടിവേറ്റ് ആകുകയും ചെയ്യും. അതിനാൽ കടം വാങ്ങിയായാലും 2999 രൂപയുടെ പ്ലാൻ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. എന്നാൽ ഇങ്ങനെ വാർഷിക പ്ലാൻ തെരഞ്ഞെടുക്കും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

അടുത്ത ഒരു വർഷത്തേക്ക് ജിയോ വരിക്കാരനായി തുടരാനുള്ള സാഹചര്യം നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതായത് ജിയോ സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുണ്ടാകുകയും ജിയോയുടെ സേവനങ്ങളിൽ തൃപ്തിയുണ്ടാകുകയും വേണം. ഇപ്പോൾ ലഭ്യമാകുന്ന സേവനങ്ങളിൽ എന്തെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വാർഷിക പ്ലാൻ ചെയ്യും മുമ്പ് നന്നായി ആലോചിക്കണം.
ഒരു തവണ വാർഷിക പ്ലാൻ തെരഞ്ഞെടുത്ത ശേഷം ജിയോയുടെ നെറ്റ്വർക്ക് ശരിയല്ല, സേവനങ്ങൾ പോര എന്ന് തോന്നി പോർട്ട് ചെയ്യാൻ പോയാൽ വാർഷിക പ്ലാനിനായി മുടക്കിയ തുക പാഴാകുകയും റീച്ചാർജിൽ ലാഭിച്ച തുകയുടെ ഇരട്ടി നഷ്ടം ഉണ്ടാകുകയും ചെയ്യും. അതിനാൽ ജിയോയുടെ സേവനങ്ങളിൽ തൃപ്തിയുണ്ടെങ്കിൽ മാത്രം വാർഷിക പ്ലാനുമായി മുന്നോട്ട് പോകുക.


Click it and Unblock the Notifications








