ടെലിക്കോം നിരക്ക് വർധന അംബാനിയുടെ ചെറുക്കൻ ഒപ്പിച്ച പണിയോ! ഗൃഹപാഠം ഫലിച്ചു, ജിയോ കൊയ്യുക കോടികൾ
ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് ഇടിത്തീയായി റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധന നാളെ (ജൂലൈ 4) മുതൽ നടപ്പിലാകുകയാണ്. ഈ നിരക്ക് വർധനയെ മനസില്ലാ മനസോടെയാണെങ്കിലും അംഗീകരിക്കുകയല്ലാതെ നാളെ മുതൽ ടെലിക്കോം വരിക്കാർക്ക് മുന്നിൽ മറ്റ് മെച്ചപ്പെട്ട ഓപ്ഷനുകളില്ല. ജിയോ (JIO), എയർടെൽ (Airtel), വൊഡാഫോൺ ഐഡിയ (VI) എന്നീ മൂന്ന് സ്വകാര്യ കമ്പനികളും നിരക്ക് വർധന പ്രഖ്യാപിച്ചെങ്കിലും ജിയോയ്ക്ക് എതിരേയാണ് വരിക്കാരുടെ രോഷം കൂടുതലായും പ്രകടമാകുന്നത്. നിരക്ക് വർധന ആദ്യം പ്രഖ്യാപിച്ചത് ജിയോ ആണ് എന്നതാണ് ഇതിന് ഒരു കാരണം. ജിയോ പ്രഖ്യാപിച്ചതിന് ശേഷമാണ് എയർടെലും വിഐയും നിരക്ക് കൂട്ടിയതായി പ്രഖ്യാപിച്ചത്.
ജിയോ നിരക്ക് കൂട്ടിയത് കൊണ്ടാണ് മറ്റ് ടെലിക്കോം കമ്പനികളും നിരക്ക് വർധിപ്പിച്ചത് എന്ന് ഒരു വിഭാഗം നിഷ്കളങ്കർ വിശ്വസിക്കുന്നു. അതേപോലെ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ജിയോയ്ക്ക് എതിരേ മറ്റ് ചില ആക്ഷേപങ്ങളും ജനം ഉന്നയിക്കുന്നുണ്ട്. റിലയൻസ് സാമ്രാജ്യത്തിന്റെ അധിപനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റുമായുള്ള വിവാഹം ജൂലൈ 12 ന് മുംബൈയിൽ നടക്കാൻ പോകുകയാണ്.

കോടികൾ പൊടിപൊടിച്ച്, ഇന്ത്യ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഢംബര വിവാഹമാണ് ഇപ്പോൾ അംബാനിയുടെ വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. മകന്റെ കല്യാണം നടത്താൻ ഫണ്ടിനായിട്ടാണ് അംബാനി ടെലിക്കോം നിരക്ക് വർധിപ്പിച്ചത് എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ട്രോളുകളുടെ രൂപത്തിൽ ചിലർ വിമർശനം ഉന്നയിക്കുന്നു.
എന്നാൽ ടെലിക്കോം നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനം മാസങ്ങൾക്ക് മുൻപ് തന്നെ എല്ലാ ടെലിക്കോം കമ്പനികളും എടുത്തിരുന്നു. ജിയോ അത് ആദ്യം പ്രഖ്യാപിച്ചു എന്നുമാത്രം. ജിയോ പ്രഖ്യാപിച്ചിരുന്നില്ല എങ്കിൽ എയർടെൽ അത് പ്രഖ്യാപിക്കുമായിരുന്നു. നിരക്ക് വർധിപ്പിക്കാൻ ജിയോയെക്കാൾ താൽപര്യം എയർടെലിനാണ് എന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിഐക്കും നിരക്ക് വർധന അനിവാര്യമായിരുന്നു.
ലോക്സഭാ ഇലക്ഷന്റെ റിസൾട്ട് വന്ന ശേഷം ഇന്ത്യയിൽ ടെലിക്കോം നിരക്കുകൾ ഉയരും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ നിരവധി തവണ വന്നിരുന്നതാണ്. ജിയോയും എയർടെലും ഇപ്പോൾ 5ജി വ്യാപനം നടത്തുന്നു. ഇതിനായി വലിയ തോതിൽ ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. വിഐക്കും 5ജി ആരംഭിക്കാൻ ഫണ്ട് വേണം. അതിന് നിരക്ക് വർധനയാണ് ഒരു പോം വഴിയായി ടെലിക്കോം കമ്പനികൾക്ക് മുന്നിൽ ഉണ്ടായിരുന്നത്.
അതിനാൽ ജിയോ കാരണമാണ് ഇന്ത്യയിൽ ഇപ്പോൾ നിരക്ക് വർധന ഉണ്ടായിരിക്കുന്നത് എന്ന വിമർശനത്തിൽ കഴമ്പില്ല. മകന്റെ വിവാഹത്തിനായാണ് അംബാനി നിരക്ക് ഉയർത്തിയത് എന്ന ട്രോളുകളെ ട്രോളുകളായി മാത്രം കണ്ടാൽ മതി. അതിലും യാഥാർഥ്യമില്ല. എന്നാൽ നിരക്ക് വർധനയിലൂടെ ജിയോയ്ക്ക് കോടികൾ വന്നുചേരും എന്നത് യാഥാർഥ്യമാണ്. അത് ജിയോയുടെ ഗൃഹപാഠത്തിന്റെ വിജയമാണ്.
ചെയർമാൻ സ്ഥാനത്തിരുന്ന് ജിയോയെ ഇപ്പോൾ നയിക്കുന്നത് മുകേഷ് അംബാനിയുടെ മൂത്തമകൻ ആകാശ് അംബാനിയാണ്. കൃത്യമായ ഗൃഹപാഠം നിരക്ക് വർധന പ്രഖ്യാപിക്കും മുമ്പ് ആകാശ് അംബാനിയും ടീമും നടത്തിയിരുന്നു എന്നാണ് ഇപ്പോഴത്തെ ജിയോയുടെ കുതിപ്പ് കാണിക്കുന്നത്. കാരണം നിരക്ക് വർധന നടപ്പിലാകും മുമ്പുള്ള മൂന്ന്- നാല് ദിവസം കൊണ്ട് തന്നെ ജിയോ കാര്യമായ വരുമാനം നേടി.

ജൂൺ 28 വെള്ളയാഴ്ചയാണ് ജിയോയുടെ നിരക്ക് വർധന പ്രഖ്യാപനം എത്തുന്നത്. എങ്കിലും ജൂലൈ 3 ന് മാത്രമേ പുതിയ പ്ലാനുകൾ നിലവിൽ വരൂ എന്നും ജിയോ അറിയിച്ചു. അതായത് നിരക്ക് കൂടും എന്ന് അറിയിച്ച ശേഷം ഏതാണ്ട് 4 ദിവസത്തെ സമയം ജിയോ അറിഞ്ഞുകൊണ്ട് വരിക്കാർക്ക് നൽകി. ഇതിനിടയിൽ ആളുകൾ ഏറെ ഉപയോഗപ്പെടുത്തുമായിരുന്ന രണ്ട് പ്ലാനുകൾ പിൻ വലിക്കുകയും ചെയ്തു.
അതിലൂടെ ജിയോ പയറ്റിയ ഒരു തന്ത്രമുണ്ട്. നിരക്ക് കൂടും എന്ന് അറിയുന്നതോടെ നിരക്ക് വർധനയ്ക്ക് മുൻപ് റീച്ചാർജ് ചെയ്യാൻ ജനം ഇടിച്ചുകയറും. ഇങ്ങനെ ഇടിച്ച് കയറുമ്പോൾ തങ്ങൾക്ക് നഷ്ടമുണ്ടാക്കുമെന്ന് തോന്നിയ രണ്ട് പ്ലാനുകൾ പിൻവലിച്ച് കൂടിയ തുകയുടെ പ്ലാനുകൾ ജിയോ നിലനിർത്തി.
ജിയോയുടെ കണക്കുകൂട്ടലുകൾ ശരിവച്ചുകൊണ്ട് നിരക്ക് വർധനയ്ക്ക് മുൻപ് റീച്ചാർജ് ചെയ്യാനായി നല്ലൊരു വിഭാഗം വരിക്കാർ മുന്നോട്ട് വന്നു. ഇവരെല്ലാം ദീർഘകാല പ്ലാനുകളാണ് തെരഞ്ഞെടുത്തത്. അതിനാൽ ജിയോയ്ക്ക് 4 ദിവസം കൊണ്ട് നല്ലൊരു തുക അക്കൗണ്ടിലേക്ക് എത്തി. അതായത് വരുമാനത്തിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കാൻ നാല് ദിവസം മുൻപേയുള്ള നിരക്ക് വർധന പ്രഖ്യാപനം ജിയോയെ സഹായിച്ചു.

നിരക്ക് വർധനയിൽ പ്രതീക്ഷിച്ച് വരിക്കാർ തങ്ങളെ ഉപേക്ഷിച്ച് മറ്റ് ടെലിക്കോം കമ്പനികളിലേക്ക് പോകും എന്ന് ജിയോ കാര്യമായി ആശങ്കപ്പെടുന്നില്ല. കാരണം അനുയോജ്യമായ ബദൽ ഓപ്ഷനുകൾ കുറവാണ്. നിരക്കിന്റെ കാര്യത്തിൽ എയർടെലും കണക്കാണ്. വിഐക്ക് 5ജിയില്ല. ബിഎസ്എൻഎല്ലിന് നിരക്ക് കുറഞ്ഞ പ്ലാനുകൾ ഉണ്ടെങ്കിലും 4ജി എല്ലായിടത്തും എത്തിയിട്ടില്ല. അതിനാൽ എതിരാളികളില്ലാത്തതിനാൽ ജിയോ സുരക്ഷിതനാണ്.
എന്നാൽ നിരക്കുകൾ വർധിപ്പിച്ചപ്പോൾ ജിയോയ്ക്ക് എതിരേയുള്ള പ്രതിഷേധം മറ്റൊരുവിധത്തിൽ കടുത്തിട്ടുണ്ട്. മോശം നെറ്റ്വർക്ക് കവറേജ് ആണ് അതിന് കാരണം. നിരക്ക് കൂടിയെങ്കിലും ലഭ്യമാകുന്ന സേവനം വളരെ മോശം ആണെന്ന് ഒരു വിഭാഗം വരിക്കാർ പരാതിപ്പെടുന്നു. അടുത്തിടെയായി ജിയോ ഡാറ്റയ്ക്ക് വേഗതക്കുറവും ഇടയ്ക്കിടെ നെറ്റ് കിട്ടാതാകുന്ന അവസ്ഥയും നേരിടുന്നുണ്ട്. ഇത് പരിഹരിച്ചില്ലെങ്കിൽ ഒരുപക്ഷേ ആളുകൾ ജിയോയെ കൈവിട്ട് മറ്റ് വഴികൾ തേടിയേക്കാം.


Click it and Unblock the Notifications








