അടുത്ത ചെക്ക് ! എയർടെലിന് പിന്നാലെ സ്റ്റാർലിങ്കുമായി കരാറിൽ ജിയോയും
എയർടെലിന് പിന്നാലെ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ജിയോയും. ഇന്നലെയാണ് എയർടെൽ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കുമായി കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ട് വന്നത്. ഇതിന് പിന്നാലെയാണ് ജിയോയുടെ നീക്കം. രാജ്യത്ത് സ്റ്റാർലിങ്ക് വിൽക്കാൻ സ്‌പേസ് എക്‌സിന് ആവശ്യമായ അംഗീകാരങ്ങൾ ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കും കരാർ. ഗ്രാമീണ മേഖലകളിലെ ഇന്റർനെറ്റ് ലഭ്യത മെച്ചപ്പെടുത്താനും നിലവിലുള്ള സേവനദാതാക്കൾക്കിടയിൽ മത്സരം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള ഈ കരാർ രാജ്യത്തിന്റെ ഡിജിറ്റൽ മുഖച്ഛായ തന്നെ മാറ്റിയെഴുതാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ജിയോ അതിന്റെ സ്റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യും.
ജിയോയുടെ പ്രധാന ലക്ഷ്യം എല്ലാ ഇന്ത്യക്കാർക്കും അവർ എവിടെ താമസിച്ചാലും താങ്ങാനാവുന്ന വിലയിൽ അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കുക എന്നതാണ്. സ്റ്റാർലിങ്കുമായുള്ള സഹകരണം ഈ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഊമ്മൻ പറഞ്ഞു.

പരമ്പരാഗത ഇൻഫ്രാസ്ട്രക്ചറുകളെ മറികടന്ന് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്റർനെറ്റ് എത്തിക്കുന്നതിലൂടെ സ്റ്റാർലിങ്കിന് രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് പോലും അതിവേഗ ഇന്റർനെറ്റ് സേവനം നൽകാനാകും. ഇത് നിലവിലെ ഇന്റർനെറ്റ് സേവനദാതാക്കളെ അവരുടെ സേവനങ്ങളുടെ ഗുണമേന്മയും വിലയും പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കും. ജിയോ റീട്ടെയിൽ സ്റ്റോറുകളിലൂടെയും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാർലിങ്ക് ഉപകരണങ്ങൾ ലഭ്യമാക്കുകയും ഉപഭോക്താക്കൾക്ക് ഇൻസ്റ്റലേഷൻ സഹായം നൽകുകയും ചെയ്യും.
ഗ്രാമപ്രദേശങ്ങൾ അടക്കമുള്ള ഉൾനാടുകളിലാണ് പ്രധാനമായും സ്റ്റാർലിങ്ക് വഴി ഇന്റർനെറ്റ് എത്തിക്കാൻ ജിയോ പദ്ധതിയിടുന്നത്. എന്നാൽ ഇന്ത്യയിൽ സ്പേസ് എക്സിന് പൂർണ അനുമതി ലഭിച്ചു കഴിഞ്ഞാൽ മാത്രമേ ജിയോയും എയർടെല്ലും വഴി സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനാകൂ.
എല്ലാ ഇന്ത്യക്കാരും എവിടെയായിരുന്നാലും, അതിവേഗ ബ്രോഡ്ബാൻഡ് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് എല്ലാവർക്കും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണെന്നും റിലയൻസ് ജിയോയുടെ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ അഭിപ്രായപ്പെട്ടു.

ഈ കരാർ യാഥാർത്ഥ്യമാകാൻ ഇനിയും സർക്കാർ അനുമതി ലഭിക്കേണ്ടതുണ്ട്. സ്പേസ് എക്സിന് രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് സർക്കാരിന്റെ അംഗീകാരം അനിവാര്യമാണ്. എങ്കിലും ഈ സഹകരണം ഇരു കമ്പനികളും തമ്മിൽ മുൻപുണ്ടായിരുന്ന തർക്കങ്ങൾ മറികടന്ന് ഒന്നിച്ചുള്ള പ്രവർത്തനത്തിന് തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണ്. സാറ്റലൈറ്റ് സേവനങ്ങൾക്കുള്ള സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. സ്പെക്ട്രം ലേലം ചെയ്യണമെന്ന് ജിയോ വാദിച്ചപ്പോൾ ആഗോളതലത്തിലുള്ള രീതികൾ പിന്തുടർന്ന് ഭരണപരമായ രീതിയിൽ സ്പെക്ട്രം അനുവദിക്കണമെന്നായിരുന്നു മസ്‌കിന്റെ പക്ഷം. എന്നാൽ ഇന്ത്യൻ സർക്കാർ മസ്‌കിന്റെ ആവശ്യത്തിന് പിന്തുണ നൽകുകയായിരുന്നു.

ഇന്ത്യയിലെ ഇന്റർനെറ്റ് ലഭ്യത അസമത്വങ്ങൾ നിറഞ്ഞതാണ്. നഗരങ്ങളിൽ അതിവേഗ ഫൈബർ ഒപ്റ്റിക് ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ സുലഭമായിരിക്കുമ്പോൾ, ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ഇന്നും സ്ഥിരതയില്ലാത്തതോ ഇല്ലാത്തതോ ആയ ഇന്റർനെറ്റ് കണക്ഷനാണ് ഉള്ളത്. സർക്കാർ തലത്തിലുള്ള പല സംരംഭങ്ങൾ ഉണ്ടായിട്ടും, ഇന്ത്യയിലെ ഇന്റർനെറ്റ് സാന്ദ്രത ഏകദേശം 47% മാത്രമാണ്. ഇത് 70 കോടിയിലധികം ആളുകൾക്ക് ഇന്നും സ്ഥിരമായ ഇന്റർനെറ്റ് ലഭ്യമല്ലെന്ന് സൂചിപ്പിക്കുന്നു.
സ്റ്റാർലിങ്കിന്റെ ലോ എർത്ത് ഓർബിറ്റ് (LEO) സാങ്കേതികവിദ്യ, പരമ്പരാഗത ഇൻഫ്രാസ്ട്രക്ചർ തടസ്സങ്ങളെ മറികടന്ന് ബഹിരാകാശത്തുനിന്ന് നേരിട്ട് ഇന്റർനെറ്റ് എത്തിക്കുന്നു. ഹിമാലയത്തിലെ ഗ്രാമങ്ങൾ, ഒറ്റപ്പെട്ട ദ്വീപുകൾ, വിദൂര ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതും സെൽ ടവറുകൾ സ്ഥാപിക്കുന്നതും പ്രായോഗികമല്ലാത്തതും ചെലവേറിയതുമാണ്. ഇവിടങ്ങളിൽ സ്റ്റാർലിങ്ക് ഒരു രക്ഷകനായെത്തും.


Click it and Unblock the Notifications







