ഡൗൺലോഡിൽ കേമൻ ജിയോ, അപ്‌ലോഡിൽ കിങ് എയർടെൽ: പുതിയ കണക്ക് പുറത്തുവിട്ട് ട്രായ്
ടെലികോം കമ്പനികൾ മത്സരത്തിലാണ്. ആമയും മുയലും തമ്മിലുള്ള പന്തയം പോലെയല്ല കാര്യങ്ങൾ. സാക്ഷാൽ കുതരയോട്ടം പോലെ കണ്ണഞ്ചിപ്പിക്കുന്ന മത്സരമാണ് കാഴ്ചവെക്കുന്നത്. അതിനാൽ തന്നെ മികച്ച പ്ലാനുകളും മികച്ച നെറ്റ്‌വർക്ക് പരിധിയും വേഗതയും ഉപയോക്താക്കൾക്ക് നൽകാൻ ഓരോ കമ്പനിയും എപ്പോഴും മുന്നിലുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ മൊബൈൽ ഇൻറർനെറ്റ് വേഗത്തെ കുറിച്ച് നടത്തിയ പഠനത്തിന് ശേഷം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. ഡൗൺലോഡിങിന്റെ വേഗതയിൽ റിലയൻസ് ജിയോയും അപ്ലോഡിങിന്റെ വേഗതയിൽ ഭാരതി എയർടെല്ലുമാണ് മുന്നിട്ടു നിൽക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
മൈസുരു സിറ്റി, മൈസൂരു മുതൽ മലവള്ളി ഹൈവേ, ധർമ്മശാല, ചെന്നൈ, കൊൽക്കത്ത, ചണ്ഡീഗഡ് എന്നീ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ശരാശരി ഇൻറർനെറ്റ് വേഗത്തിന്റെ വിവരങ്ങൾ ശേഖരിച്ചാണ് ട്രായ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 5ജി നെറ്റ്‌വർക്കിനായി ഇന്ത്യയിൽ റിലയൻസ് ജിയോയ്ക്ക് പ്രീമിയം 700 MHz ബാൻഡിലേക്ക് ആക്സസ് ഉണ്ട്.

മറ്റൊരു ഇന്ത്യൻ ടെലികോം ഓപ്പറേറ്റർക്കും 700 MHz ബാൻഡിലേക്ക് ആക്സസ് ഇല്ല. സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും ഈ നഗരങ്ങളിലെ അപ്ലോഡ് വിഭാഗത്തിൽ എയർടെൽ തന്നെയാണ് മുന്നിൽ. ഡൗൺലോഡ് വേഗതയിൽ 243.10 Mbps ഉമായി മൈസൂരുവിൽ ജിയോ മുന്നിലാണ്. 164.44 Mbps എന്ന ശരാശരി ഡൗൺലോഡ് വേഗതയുമായി എയർടെൽ രണ്ടാം സ്ഥാനത്താണ്.
പക്ഷെ അപ്ലോഡിങിലേക്ക് വന്നാൽ എയർടെലിന്റെ തട്ട് താണ് തന്നെ ഇരിക്കും. 37.76 Mbps എന്ന അപ്ലോഡ് വേഗതയാണ് എയർടെലിന് ഉണ്ടായിരുന്നത്. അതേസമയം 25.14 Mbps എന്ന വേഗതയോടെ ജിയോ രണ്ടാം സ്ഥാനത്താണ്. പഠനം നടത്തിയ എല്ലാ നഗരങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.
ജിയോ 5ജി എസ്എ (standalone), നെറ്റ്വർക്കിലും എയർടെൽ 5ജി എൻഎസ്എ (non-standalone) നെറ്റ്വർക്കിലുമാണ് പ്രവർത്തിക്കുന്നത്.
ഡൗൺലോഡിങ്, അപ്ലോഡിങ് വേഗതകളിൽ മറ്റൊരു സ്വകാര്യ കമ്പനിയായ വോഡഫോൺ ഐഡിയയും (വിഐ), പൊതുമേഖല കമ്പനിയായ ബിഎസ്എൻഎല്ലും (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) ജിയോയുടെയോ എയർടെല്ലിൻറെയോ അയലത്ത് പോലുമില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
5ജി നെറ്റ്വർക്ക് ഇല്ലാത്തതാണ് വിഐക്കും ബിഎസ്എൻഎല്ലിനും തിരിച്ചടിയാവുന്നത്. ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി വിന്യാസം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം വിഐ അവരുടെ 5ജി സർവീസുകൾ അടുത്ത മാസം മുതൽ വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ വൈകാതെ വിഐ ഉപയോക്താക്കളുടെ നെറ്റ്‌വർക്ക് വേഗത കൂടുമെന്ന് പ്രതീക്ഷിക്കാം.
പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് വരിക്കാർക്കും വിഐയുടെ 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് കമ്പനി അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഏത് നഗരങ്ങളിൽ സർവീസുകൾ വ്യാപിപ്പിക്കും എന്ന വിവരങ്ങൾ അടക്കം വിഐ പുറത്തുവിട്ടുകഴിഞ്ഞിട്ടുണ്ട്. നേരത്തെ 2024 ഡിസംബറിൽ കമ്പനി പരീക്ഷണാർത്ഥം 17 നഗരങ്ങളിൽ 5ജി സേവനങ്ങൾ പുറത്തിറക്കിയിരുന്നു. 2024-25ലെ സാമ്പത്തികവർഷത്തിലെ മൂന്നാംപാദ റിപ്പോർട്ടിലാണ് 5ജി സർവീസുകൾ വ്യാപിപ്പിക്കുമെന്ന് വിഐ അറിയിച്ചത്.

വിഐ കൂടി 5ജി സേവനങ്ങൾ വ്യാപിക്കുന്നതോടെ മത്സരം ഒന്നുകൂടി ചൂട് പിടിപ്പിക്കും. ജിയോയും എയർടെലും ഭരിക്കുന്ന 'ടെലികോം എന്ന രാജ്യത്ത്' പുതിയൊരു മന്ത്രിയെങ്കിലുമാവാനുള്ള ശ്രമത്തിലായിരിക്കും വിഐ. മികച്ച പ്ലാനുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിന് പുറമെ മികച്ച വേഗത നൽകാനും വിഐക്ക് പദ്ധതികളുണ്ട്.


Click it and Unblock the Notifications








