ഇവന്മാര് കുറേ നേടുന്നുണ്ടല്ലോ! റീച്ചാർജിൽ ഏറ്റവുമധികം പോക്കറ്റ് ചോരുന്നത് ഈ കമ്പനിയുടെ വരിക്കാർക്ക്
ഇന്ത്യയിൽ ടെലിക്കോം റീച്ചാർജിലൂടെ ഓരോ വരിക്കാരനിൽ നിന്നും ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്നത് ആരാണ്? ഈ ചോദ്യത്തിന് ഉത്തരം അറിയണമെങ്കിൽ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദ ഫലങ്ങൾ നോക്കിയാൽ മതി. ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തിന്റെ നിരക്ക് ( Average Revenue Per User) എത്രയെന്ന് ഇപ്പോൾ ജിയോയും എയർടെലും വൊഡാഫോൺ ഐഡിയയും (VI) വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഡാറ്റ പ്രകാരം ഇന്ത്യയിൽ ഏറ്റവും ഉയർന്ന എആർപിയു ഉള്ളത് ഭാരതി എയർടെലിനാണ്.
2024 ജൂലൈയിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവർ തങ്ങളുടെ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചു. ഇത് അവരുടെ വരിക്കാരിൽ ഒരു വിഭാഗം കൊഴിഞ്ഞുപോകാൻ ഇടയാക്കി എങ്കിലും, നിരക്ക് കൂട്ടിയതിനാൽ വരുമാനം വലിയ തോതിൽ ഉയർന്നിട്ടുണ്ട് എന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മൂന്ന് കമ്പനികളുടെയും എആർപിയു ജൂലൈയ്ക്ക് ശേഷം വർധിച്ചിട്ടുണ്ട്.

ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം എആർപിയു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഓരോ ഉപയോക്താവിൽ നിന്നും കമ്പനികൾക്ക് ശരാശരി എത്ര വരുമാനം ലഭിക്കുന്നുണ്ട് എന്നത് എആർപിയു അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഓരോ ഉപയോക്താവിൽ നിന്നുമുള്ള പരമാവധി വരുമാനം വർധിപ്പിക്കാനാണ് കമ്പനികൾ എപ്പോഴും ആഗ്രഹിക്കുന്നത്. ഈ കാർട്ടറിൽ ഓരോ ടെലിക്കോം കമ്പനിയുടെയും എആർപിയു എത്രയെന്ന് നോക്കാം.
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ എആർപിയു മുൻ പാദത്തിലെ 181.7 രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 195.1 രൂപയായി ഉയർന്നു. അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം എആർപിയു ഉള്ള കമ്പനി ഭാരതി എയർടെൽ ആണ്.

എയർടെല്ലിൻ്റെ എആർപിയു മുൻ പാദത്തിൽ 211 രൂപ ആയിരുന്നത് 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 233 രൂപയായി ഉയർന്നു, ഇത് ഏറ്റവും ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവും ഉയർന്ന എആർപിയു ആണ്. മൂന്നാമതുള്ള വിഐയുടെ എആർപിയു 154 രൂപയിൽ നിന്ന് പുതിയ പാദത്തിൽ 166 രൂപയായി ഉയർന്നു.
അതായത്, ജിയോ തങ്ങളുടെ ഓരോ വരിക്കാരനിൽ നിന്നും ശരാശരി 195.1 രൂപ വരുമാനം കണ്ടെത്തുന്നു. എയർടെൽ 233 രൂപയും വിഐ 166 രൂപയും ഒരാളിൽ നിന്ന് നേടുന്നു. നിരക്ക് വർധന എആർപിയു ഉയർത്തുന്നതിൽ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വരുമാനം വർധിച്ചു എങ്കിലും എആർപിയു ഇനിയും ഉയർത്തണം എന്നാണ് എയർടെലിന്റെയും വിഐയുടെയും ആഗ്രഹം. അതായത് ആളുകളിൽ നിന്ന് കൂടുതൽ വരുമാനം നേടണം എന്ന്.
എആർപിയു കഴിഞ്ഞ പാദത്തിലെക്കാൾ കൂടിയിട്ടുണ്ട് എങ്കിലും ഇത് പോര എന്നാണ് കമ്പനികളുടെ പക്ഷം. നിക്ഷേപങ്ങളിൽ നിന്നുള്ള ആരോഗ്യകരമായ വരുമാനത്തിന് എആർപിയു ഇനിയും ഉയരണം എന്നാണ് സ്വകാര്യ കമ്പനികളുടെ അഭിപ്രായം. ഈ കമ്പനികളുടെ എആർപിയു അടുത്ത രണ്ട് മൂന്ന് പാദങ്ങളിൽ ഇനിയും ഉയരും എന്ന് പ്രതീക്ഷിക്കുന്നു.

എയർടെല്ലിൽ നിന്നും ജിയോയിൽ നിന്നും 5G ഓഫർ ലഭിക്കുന്നതിന് കൂടുതൽ ആളുകൾ പ്രീമിയം പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ തുടങ്ങും, അപ്പോൾ എആർപിയു വീണ്ടും ഉയരും. കൂടാതെ എആർപിയു വർധിപ്പിക്കാൻ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെ എണ്ണം കൂട്ടാനും കമ്പനികൾ ശ്രമിക്കുന്നുണ്ട്. കാരണം, പോസ്റ്റ്പെയ്ഡ് വരിക്കാർ ഉയർന്ന വരുമാനം സംഭാവന ചെയ്യാൻ ശേഷിയുള്ളവരാണ്.
ചുരുക്കിപ്പറഞ്ഞാൽ സാധാരണക്കാരായ ടെലിക്കോം വരിക്കാരെ സംബന്ധിച്ച് പറയുകയാണെങ്കിൽ കീശ കൂടുതൽ ചോരുന്നത് എയർടെൽ വരിക്കാരുടേത് ആണ്. ജിയോയുടെ വിലകൾ എയർടെലിനേക്കാൾ 10-15% കുറവാണ്. ഓരോ വരിക്കാരനിൽ നിന്നും പരമാവധി തുക അടിച്ചെടുക്കണം എന്നതാണ് എയർടെലിന്റെ എആർപിയു ലക്ഷ്യം. എന്നാൽ കൂടുതൽ വരിക്കാരെ സ്വന്തമാക്കി വരുമാനം ഉയർത്തുക എന്നതാണ് ജിയോയുടെ നയം. ഇതിൽ ജിയോയുടെ നയം ആണ് സാധാരണക്കാർക്ക് ഗുണം ചെയ്യുക.


Click it and Unblock the Notifications








